സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ നേതൃത്വത്തിൽ ജില്ലാതല അധ്യാപക പരിശീലനം സംഘടിപ്പിച്ചു


കണ്ണൂർ :- സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലയിലെ യു.പി. സ്കൂൾ അധ്യാപകർക്കായി നടത്തിയ ജില്ലാതല പരിശീലന പരിപാടിയുടെ ഉദ്ഘാടനം ബാലാവകാശ കമ്മിഷൻ ആക്ടിംഗ് ചെയർപേഴ്സൺ സിസിലി ജോസഫ് നിർവഹിച്ചു. ബാലാവകാശ കമ്മിഷനംഗം ബി. മോഹൻകുമാർ അധ്യക്ഷത വഹിച്ചു. 

പരിശീലനത്തിന്റെ ആദ്യഘട്ടത്തിൽ തിരുവനന്തപുരം മുതൽ കോട്ടയം വരെയുള്ള ഏഴ് ജില്ലകളിലെ പരിശീലന പരിപാടി പൂർത്തിയാക്കി. രണ്ടാംഘട്ടത്തിൽ കാസർകോട്, കോഴിക്കോട് ജില്ലകളിൽ നവംബർ 16 ന് പരിശീലനം നടന്നു. ഓരോ ജില്ലയിലെയും യു.പി. സ്കൂൾ അധ്യാപകർക്ക് ബാലാവകാശങ്ങളെക്കുറിച്ചും കുട്ടികളുടെ മാനസികാരോഗ്യത്തെക്കുറിച്ചും അവബോധം നൽകുകയാണ് പരിപാടിയുടെ ലക്ഷ്യം.

കുട്ടികളും ഇന്ത്യൻ ഭരണഘടനയും എന്ന വിഷയത്തിൽ കമ്മിഷൻ മുൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ, ബാലാവകാശ നിയമങ്ങളും നിയമ സംവിധാനങ്ങളും എന്ന വിഷയത്തിൽ കമ്മിഷനംഗം കെ. കെ. ഷാജു, കുട്ടികളുടെ മാനസികാരോഗ്യം; അധ്യാപകർ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ മുഹമ്മദ് ഷഫീക്ക് തുടങ്ങിയവർ ക്ലാസെടുത്തു.  ചടങ്ങിൽ കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഡോ. ശീതൾ ജി മോഹൻ, കമ്മിഷൻ പബ്ലിക് റിലേഷൻസ് ഓഫീസർ എ.സി അഭിലാഷ് തുടങ്ങിയവർ പങ്കെടുത്തു.

Previous Post Next Post
കൊളച്ചേരി വാർത്തകൾ