മലയാളം സ്നേഹത്തിന്റെ ഭാഷ; ഭരണഭാഷാവാരാചരണത്തിന് ജില്ലയില്‍ തുടക്കം



കണ്ണൂർ:-എഴുപതിറ്റാണ്ട് തികയുന്ന കേരളത്തിൻ്റെ മുന്നേറ്റങ്ങളെയും വഴികളെയും അടയാളപ്പെടുത്തി ജില്ലയില്‍ ഭരണഭാഷാവാരാചരണത്തിന് തുടക്കം. ജില്ലാ ഭരണകൂടം, വിവര പൊതുജനസമ്പര്‍ക്ക വകുപ്പ് എന്നിവരുടെ നേതൃത്വത്തില്‍ കലക്ട്രേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാ തല ഭരണഭാഷാവാരാചരണം അഡ്വ. ടി ഒ മോഹനന്‍ എം എല്‍ എ ഉൽഘാടനം ചെയ്തു. ഭാഷാടിസ്ഥാനത്തില്‍ രാജ്യം വിഭജിക്കപ്പെട്ടപ്പോഴും നാനാത്വങ്ങളെ കോര്‍ത്തിണക്കി ഇന്ത്യയെന്ന രാജ്യം ശക്തമായി വളരുകയായിരുന്നു. അഭിമാനമായി കൈരളിയുടെ മലയാളവും ഉയരങ്ങള്‍ താണ്ടി. ആഗോളതലത്തില്‍ മലയാളി അടയാളപ്പെടുത്തുന്നത് ഉന്നതമായ ഈ നാടിന്റെ നന്മകള്‍ കൂടിയാണെന്നും ടി.ഒ.മോഹനന്‍ എം എല്‍ എ പറഞ്ഞു. 

ജില്ലാ കളക്ടര്‍ പി വിഷ്ണുരാജ് അധ്യക്ഷത വഹിച്ചു. ഒരു ജനതയുടെ വികാരവായ്പുകളെയെല്ലാം ഉള്‍ക്കൊള്ളുന്നതാണ് ആ നാടിന്റെ ഭാഷയും സംസ്‌കാരവുമെന്ന് അദ്ദേഹം പറഞ്ഞു. മലയാള സാഹിത്യ സംസ്‌കൃതിയുടെ ഈ നാട് വളര്‍ന്നത് എഴുപതാണ്ടിന്റെ സാഹിത്യ സാമൂഹിക സമൃദ്ധിയിലേക്കാണ്. മലയാളികള്‍ അവരുടെ വളര്‍ച്ചയില്‍ മാതൃഭാഷയായ മലയാളത്തെയും ചേര്‍ത്തുപിടിച്ചതായും ജില്ലാ കളക്ടര്‍ പറഞ്ഞു. സിനിമ സീരിയല്‍ താരം ഉണ്ണിരാജ മുഖ്യാതിഥിയായിരുന്നു.


എന്നെ ഞാനാക്കിയത് സ്വന്തം നാട്ടുഭാഷ

ഒരു കലാകാരനെന്ന നിലയില്‍ തനിക്ക് നേട്ടങ്ങള്‍ സമ്മാനിച്ചത് സ്വന്തം നാട്ടുഭാഷ മലയാളമാണെന്ന് ഉണ്ണിരാജ പറഞ്ഞു. സ്നേഹത്തിന്റെ ഭാഷയാണിത്. സാധാരണക്കാരന്റെ ഭാഷയുടെ കോണുകളിലൂടെയാണ് കലാരംഗത്തും വളര്‍ന്നത്. ജീവിതത്തിന്റെ എല്ലാ വൈവിധ്യങ്ങളിലും ചേര്‍ത്തുപിടിക്കുന്നവരാണ് മലയാളികള്‍. ജാതിമത ഭേദങ്ങള്‍ ഏതുമില്ലാതെയും  ഏവരെയും ചേര്‍ത്തുപിടിക്കാന്‍ ഈ നാടിന് കഴിയുന്നു. എവിടെ ചെന്നാലും മലയാളിയെന്ന നിലയില്‍ അഭിമാനം തോന്നിയിട്ടുണ്ട്. പുറത്തായിരിക്കുമ്പോഴും സ്വന്തം നാട്ടിലേക്ക് തിരിച്ചെത്താനുള്ള മലയാളികളുടെ താല്‍പര്യം നാടിനോടും സംസ്‌കൃതിയോടുമുള്ള മമതയുടെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. മലയാളത്തിന്റെ വൈവിധങ്ങളിലും നാടിന്റെ താളമുണ്ട്. ഇതൊരു ജീവതാളം കൂടിയാണ്. കലര്‍പ്പില്ലാത്ത ഈ തനിമകളില്‍ നിന്നുമാണ് സ്വന്തം വിലാസം രൂപപ്പെട്ട് വരുന്നതെന്നും മറിമായം ഫെയിം ഉണ്ണിരാജ പറഞ്ഞു. ഓണാഘോഷത്തോടനുബന്ധിച്ച നടന്ന വിവിധ മത്സര വിജയികള്‍ക്ക് ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. കലക്ട്രേറ്റ് സ്റ്റാഫ് കൗണ്‍സില്‍ പുതിയതായി രൂപീകരിച്ച വോയിസ് ഓഫ് കോര്‍ ഓര്‍ക്കസ്ട്രയുടെ ലോഞ്ചിങ്ങും  നടന്നു. എ.ഡി.എം കെ. ബാലഗോപാലന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.പി.അബ്ദുള്‍ കരീം, കലക്ട്രേറ്റ് ഹുസൂര്‍ ശിരസ്തദാര്‍ കെ.കെ.രാജേഷ് ഖന്ന എന്നിവര്‍ സംസാരിച്ചു.



Previous Post Next Post