പുതിയ വോട്ടര്‍മാരെ ലക്ഷ്യമിട്ട് ക്യാമ്പസ് ടു ബൂത്ത് ഡ്രൈവിന് ജില്ലയില്‍ തുടക്കം.

 


കണ്ണൂർ:-വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അര്‍ഹരായ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് ജില്ലയില്‍ സംഘടിപ്പിക്കുന്ന 'ക്യാമ്പസ് ടു ബൂത്ത്' ഡ്രൈവിന് ജില്ലയില്‍ തുടക്കമായി. ക്യാംപയിന്റെ ജില്ലാതല ഉദ്ഘാടനം കൃഷ്ണമേനോന്‍ സ്മാരക ഗവണ്‍മെന്റ് വനിതാ കോളേജില്‍ നടന്നു.

രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയില്‍ നിര്‍ണായകമായ ചുവടുവെപ്പാണ് ക്യാമ്പയിനിലൂടെ നടത്തുന്നതെന്ന് പറഞ്ഞു. ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശവും ഉത്തരവാദിത്തവും വിനിയോഗിക്കാന്‍ ക്യാമ്പസുകളിലെ യുവതലമുറയെ പ്രാപ്തരാക്കാന്‍ ക്യാമ്പയിന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രത്യേക സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ 2027ന്റെ ഭാഗമായി യുവജനങ്ങളെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. കോളേജ്, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തലങ്ങളില്‍ നടക്കുന്ന പ്രത്യേക എന്റോള്‍മെന്റ് ഡ്രൈവ് ഒരാഴ്ച്ച നീണ്ടുനില്‍ക്കും.

നിലവില്‍ 17 വയസ്സ് പൂര്‍ത്തിയായവര്‍ക്കും 2027 ഒക്ടോബര്‍ ഒന്നിന് 18 വയസ്സ് പൂര്‍ത്തിയാകുന്നവര്‍ക്കും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായി ഫോം 6 വഴി അപേക്ഷിക്കാം. അര്‍ഹരായ മുഴുവന്‍ പേരെയും വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായി ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോളേജുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ഡ്രൈവ് സംഘടിപ്പിക്കുന്നത്.

ഡെപ്യൂട്ടി കളക്ടര്‍ പി എന്‍ പുരുഷോത്തമന്‍, കൃഷ്ണമേനോന്‍ സ്മാരക ഗവണ്‍മെന്റ് വനിതാ കോളേജ് പ്രിന്‍സിപ്പല്‍ സി പി  സന്തോഷ്, ഇ എല്‍ സി കോര്‍ഡിനേറ്റര്‍ വി പി ശ്രീകല, തഹസില്‍ദാര്‍ കെ നിസാര്‍ എന്നിവര്‍ പങ്കെടുത്തു.

ജില്ലയിലെ വിവിധ കോളേജുകളിലും ഹയര്‍ സെക്കന്ററി സ്‌കൂളുകളിലും ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബുകളുടെ നേതൃത്വത്തില്‍ ക്യാമ്പസ് ടു ബൂത്ത് ഡ്രൈവ് സംഘടിപ്പിച്ചു. ക്യാംപയിന്‍ നവംബര്‍ ഏഴ് വരെ തുടരും.



Previous Post Next Post