ആശുപത്രിയിലെത്താനെന്ന പേരിൽ മുറിയെടുത്തു; കോഴിക്കോട്ട് ലഹരിമരുന്നും പണവുമായി കാമുകനും കാമുകിയും അറസ്റ്റിൽ



കോഴിക്കോട്: പലഹരി ഉപയോഗത്തിനും വിൽപനയ്ക്കുമായി ഹോം സ്റ്റേ വാടകയ്ക്കെടുത്ത യുവാവും യുവതിയും അറസ്റ്റിൽ. ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കക്കുഴിപ്പാലത്തെ ഹോം സ്റ്റേയിൽ നിന്നാണ് നന്മണ്ട സ്വദേശി തനോത്ത് വീട്ടിൽ കെ.എസ്. അനന്ദു (26), കാമുകി പുതിയാപ്പ സ്വദേശി പണ്ടാരക്കണ്ടി താഴത്ത് വീട്ടിൽ ടി. കീർത്തന (21) എന്നിവരാണ് പിടിയിലായത്.

കക്കുഴിപ്പാലം സ്വദേശി ഷിജിയുടെ വീടിന്റെ താഴത്തെ നിലയാണ് ഹോം സ്റ്റേയായി പ്രവർത്തിക്കുന്നത്. ഇന്നലെ ഉച്ചയോടെ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയതാണെന്ന് പറഞ്ഞാണ് ഇരുവരും മുറി വാടകയ്ക്ക് എടുത്തത്.

ഐ.ഡി കാർഡും 4500 രൂപ അഡ്വാൻസും നൽകിയാണ് മുറി എടുത്തത്.വൈകീട്ട് വീട്ടുമാലിന്യം നിക്ഷേപിക്കുന്ന കാര്യം പറയാൻ വീട്ടുടമ വാതിലിൽ മുട്ടിയെങ്കിലും തുറന്നില്ല. പരിഭ്രാന്തിയിലായ വീട്ടുടമ പൊലീസിന്റെ ടോൾ ഫ്രീ നമ്പറായ 112-ൽ വിളിക്കുകയായിരുന്നു.


പൊലീസെത്തി പലതവണ വാതിലിലും ജനലിലും മുട്ടിയതിനെ തുടർന്നാണ് ഇരുവരും വാതിൽ തുറന്നത്. പൊലീസിനെ കണ്ടതോടെ പരിഭ്രമിച്ച ഇരുവരും ചോദ്യങ്ങൾക്ക് പരസ്പരവിരുദ്ധമായ മറുപടി നൽകിയതോടെ പൊലീസ് മുറിയിൽ പരിശോധന നടത്തി.

പരിശോധനയിൽ ഇരുവരുടെയും പാന്റിന്റെ പോക്കറ്റിൽ നിന്ന് വിൽപനയ്ക്കായി സൂക്ഷിച്ച എം.ഡി.എം.എ കണ്ടെടുത്തു. മുറിയിൽ നിന്ന് എം.ഡി.എം.എ തൂക്കാൻ ഉപയോഗിക്കുന്ന ത്രാസും 11,000 രൂപയും രണ്ട് മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.

കഴിഞ്ഞ ഓഗസ്റ്റ് 8-ന് കോഴിക്കോട് എരഞ്ഞിപ്പാലം രാരിച്ചൻ റോഡിലെ എം.കെ ക്വിക്ക് സ്റ്റേ റൂംസിന് മുന്നിൽ പാർക്ക് ചെയ്ത ഇന്നോവ കാറിൽ നിന്ന് 5.890 ഗ്രാം എം.ഡി.എം.എ കണ്ടെടുത്ത കേസിൽ അടുത്തിടെയാണ് അനന്ദു ജാമ്യത്തിൽ ഇറങ്ങിയത്. ബാലുശ്ശേരി പൊലീസ് സ്റ്റേഷനിൽ 16.16 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായ കേസിലും ഇയാൾ പ്രതിയാണ്.

Previous Post Next Post