തൃശൂർ :- കഞ്ചാവ് വിൽപ്പന പോലീസിൽ അറിയിച്ചതിലുള്ള വൈരാഗ്യത്തിൽ കല്ലൂർ പുല്ലുത്തിയിൽ ലഹരി സംഘം യൂത്ത് കോൺഗ്രസ് നേതാവിൻ്റെ വീട് ആക്രമിച്ചു. യൂത്ത് കോൺഗ്രസ് തൃക്കൂർ മണ്ഡലം പ്രസിഡന്റ് റിന്റേറോ പുതുപ്പള്ളിവളപ്പിലിന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ റിൻ്റോക്കും സഹോദരൻ റിജോ, അമ്മ മേരീസ് എന്നിവർക്കും പരുക്കേറ്റു. ചെവിക്കും കാലിനും പരുക്കേറ്റ റിന്റോയും കണ്ണിന് ഗുരുതരമായി പരുക്കേറ്റ റിജോയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കൈയ്ക്ക് പരിക്കേറ്റ മേരീസ് പുതുക്കാട് താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഓട്ടോറിക്ഷയിലും ബൈക്കിലും എത്തിയ രണ്ടു പേരാണ് ആക്രമണം നടത്തിയത്. വീടിനുള്ളിൽ കയറിയ പ്രതികൾ മേരീസിനെ പുറത്തേക്ക് വലിച്ചിഴച്ചെന്ന് പരാതിയിൽ പറയുന്നു. ഇതുകണ്ടുവന്ന റിജോയെ വാഹനത്തിന്റെ താക്കോൽ കൊണ്ടും ഇടിക്കട്ട കൊണ്ടും കണ്ണിൽ ഇടിച്ചു. സംഭവമറിഞ്ഞെത്തിയ റിന്റോയെ റോഡിലിട്ട് അക്രമികൾ മർദിച്ചു. ഇവരുടെ നിലവിളി കേട്ട് സമീപവാസികൾ എത്തിയ ഉടനെ പ്രതികൾ ബൈക്ക് ഉപേക്ഷിച്ച് ഓട്ടോയിൽ രക്ഷപ്പെട്ടു. പ്രതികളിലൊരാളായ സമീപവാസിയെ പൊലീസ് പിന്തുടർന്ന് പിടികൂടി. പരുക്കേറ്റവരെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.
പ്രതികൾ കഞ്ചാവ് വിൽപ്പന നടത്തുന്നത് റിന്റോ മാസങ്ങൾക്ക് മുമ്പ് പൊലീസിൽ അറിയിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പുതുക്കാട് പൊലീസ് പറഞ്ഞു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും പ്രദേശത്തെ ലഹരി സംഘങ്ങളെ പിടികൂടണമെന്നും കൊടകര ബ്ലോക്ക് പഞ്ചായത്തംഗം ജെറോം ജോൺ, വാർഡ് മെമ്പർ സജിത രാജീവ് എന്നിവർ ആവശ്യപ്പെട്ടു. പ്രതികൾക്കെതിരെ വീട് കയറി ആക്രമണം, കൊലപാതകശ്രമം എന്നി വകുപ്പുകൾ ചുമത്തി കേസെടുത്തു. രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
