മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി കെ.പി സായ് കിരൺ ചുമതലയേറ്റു


തിരുവനന്തപുരം :- മുതിർന്ന മാധ്യമപ്രവർത്തകനും ടൈംസ് ഓഫ് ഇന്ത്യ തിരുവനന്തപുരം ബ്യൂറോയിലെ മുൻ അസിസ്റ്റന്റ് എഡിറ്ററുമായ കെ.പി സായ് കിരൺ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി ചുമതലയേറ്റു. സംസ്ഥാനത്തേക്ക് നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട കേന്ദ്ര-സംസ്ഥാന ഏകോപനത്തിനും നിക്ഷേപ പ്രോത്സാഹന ബോർഡിന്റെ പ്രവർത്തനങ്ങൾക്കും പുറമെ, മിഷൻ സമുദ്ര ഉൾപ്പെടെയുള്ള പദ്ധതികളുടെ ഏകോപനവും അദ്ദേഹത്തിന്റെ പ്രധാന ചുമതലകളായിരിക്കും.

സംസ്ഥാനത്തിന്റെ നിക്ഷേപ പ്രോത്സാഹന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക, വിവിധ സർക്കാർ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ഉറപ്പാക്കുക, നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കേന്ദ്ര സർക്കാരുമായുള്ള ആശയവിനിമയവും ഏകോപനവും കാര്യക്ഷമമാക്കുക എന്നിവയാണ് പ്രധാന ഉത്തരവാദിത്തങ്ങൾ. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട പ്രത്യേക ചുമതലയോടെ പ്രവർത്തിക്കുന്ന ഇൻവെസ്റ്റ് കേരളം സെല്ലിന്റെ സ്പെഷ്യൽ ഓഫീസറായും അദ്ദേഹം പ്രവർത്തിക്കും.

 2006ൽ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിലൂടെയാണ് പത്രപ്രവർത്തന രംഗത്തെത്തിയത്. ബെംഗളൂരു, ന്യൂഡൽഹി എന്നിവിടങ്ങളിൽ പ്രവർത്തിച്ച അദ്ദേഹം 2011 ഓഗസ്റ്റ് ഒന്നിനാണ് ടൈംസ് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം ബ്യൂറോയിൽ ചേർന്നത്. അവിടെ അസിസ്റ്റന്റ് എഡിറ്ററായാണ് പ്രവർത്തിച്ചിരുന്നത്.

ഭരണനിർവഹണം, സർക്കാർ നയങ്ങൾ, നിയമനിർമാണം, പൊതുഭരണം, സാമ്പത്തിക മാനേജ്മെന്റ്, ക്ഷേമപദ്ധതികൾ, ഭൂമി സംബന്ധമായ വിഷയങ്ങൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ റിപ്പോർട്ടിങ്ങും വിശകലനങ്ങളും. കേരളത്തിലെ ഭരണസംവിധാനത്തിന്റെയും സർക്കാർ വകുപ്പുകളുടെയും പ്രവർത്തനം, നയപരമായ തീരുമാനങ്ങൾ, സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി, വികസന പദ്ധതികൾ തുടങ്ങിയ വിഷയങ്ങളിൽ നിരവധി വാർത്തകളും വിശകലനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദാനന്തര ബിരുദധാരിയാണ്. ജേർണലിസവുമായി ബന്ധപ്പെട്ട വിവിധ ദേശീയ, അന്തർദേശീയ പരിശീലന പരിപാടികളിലും ശിൽപശാലകളിലും പങ്കെടുത്തിട്ടുണ്ട്. 2022ൽ നേപ്പാളിലെ കാഠ്മണ്ഡുവിൽ നടന്ന ഈസ്റ്റ്-വെസ്റ്റ് സെന്ററിന്റെ അതിർത്തി കടന്നുള്ള സമാധാന റിപ്പോർട്ടിങ് ശിൽപശാലയിൽ പങ്കെടുത്തു. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ഇന്റർനാഷനൽ വിസിറ്റർ ലീഡർഷിപ്പ് പ്രോഗ്രാമിലേക്ക് (IVLP) നാമനിർദേശം ചെയ്യപ്പെട്ടിരുന്നു. സർദാർ വല്ലഭ്ഭായ് പട്ടേൽ നാഷനൽ പൊലീസ് അക്കാദമി സംഘടിപ്പിച്ച ശിൽപശാലയിലും പങ്കെടുത്തിട്ടുണ്ട്. പയ്യന്നൂർ അന്നൂർ സ്വദേശിയാണ്.

Previous Post Next Post
കൊളച്ചേരി വാർത്തകൾ