തിരുവനന്തപുരം :- അന്താരാഷ്ട്ര മാരിടൈം മ്യൂസിയം കരടിന് അംഗീകാരം നൽകി മന്ത്രിസഭ. സ്വപ്നപദ്ധതിയുടെ ഭാഗമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ മന്ത്രിസഭ യോഗ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പുതിയ ബാറുകൾ അനുവദിച്ചതിനെയും മുഖ്യമന്ത്രി വിമർശിച്ചു. സർക്കാർ അറിയാതെ ബാറുകൾ അനുവദിക്കാൻ പാടില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി സർക്കാർ മദ്യ നയം ഉടനെന്നും കൂട്ടിച്ചേർത്തു.
എൽപിഎസ്റ്റി സമരക്കാരോട് അനുഭാവ നിലപാടാണുള്ളത്. എട്ട് തവണ അവരുമായി ചർച്ച നടത്തി. മുടി മുറിക്കുന്നത് കണ്ട് കണ്ണുനിറഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യവകുപ്പിൽ ഡെൻ്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് 2 വിൽ 12 തസ്തികയും കാത്ത് ലാബ് ടെക്നീഷ്യൻസിലേക്ക് 16 പുതിയ തസ്തികയും അംഗീകരിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. കോഴിക്കോട് കോർപറേഷനിൽ നിന്ന് പിരിച്ചുവിട്ടവർക്ക് ആശ്വാസമാകുന്ന മന്ത്രിസഭ യോഗതീരുമാനവും മുഖ്യമന്ത്രി അറിയിച്ചു. സൂപ്പർ ന്യൂമറി തസ്തിക ആക്കി നിലനിർത്തും. ഗവർണർക്കെതിരെയും മുഖ്യമന്ത്രി വിമർശനമുന്നയിച്ചു.
പിഎസ് സിയിലെ ശുപാർശ നടപടിക്രമം പാലിക്കാതെയെന്നും മുഖ്യമന്ത്രി വിമർശിച്ചു. സർക്കാരുമായി ആലോചിച്ചില്ലെന്നും ഗവർണർ ചെയ്തതിനോട് യോജിപ്പില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പി എസ് സിയിൽ നടക്കുന്നത് ഞെട്ടിക്കുന്ന ക്രമക്കേടാണ്. പാർട്ടി ബന്ധുക്കളെയും സ്വന്തക്കാരെയും നിയമിക്കുന്നു. പി എസ് സിയിൽ ശുദ്ധീകരണം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഐഎഎസ് സ്ഥലംമാറ്റം ചട്ടപ്രകാരമാണ്. കെഎസ്ഇബി ചെയർമാന്റെ മാറ്റം സ്വാഭാവികമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജിഎൻഎ കമ്പനിയിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിനെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. ഹിമാചലിൽ നിന്ന് വാങ്ങുന്നതിനേക്കാൾ 2000 കോടിയുടെ ലാഭമുണ്ടാകും. പീക്ക് അവറിൽ ജിഎൻഎ കൂടുതൽ വൈദ്യുതി നൽകും. പിണറായിയുടെ കാലത്തും ജിഎൻഎയിൽ നിന്ന് വൈദ്യുതി വാങ്ങി. ജിഎൻഎ കരാറിനെ മന്ത്രിയും ചെയർമാനും എതിർത്തിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങിയാൽ 805 രൂപ അധിക ബാധ്യത വരും. ഹിമാചലിൽ നിന്ന് വാങ്ങുമ്പോഴും ഇടനിലക്കാരുണ്ട്. ഹിമാചലിനെ മാറ്റിയത് 2223 കോടി അധികബാധ്യത ഒഴിവാക്കാനാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എൽഡിഎഫ് സർക്കാർ 2025-26ൽ സ്വകാര്യ വൈദ്യുതി വാങ്ങി. അദാനിയിൽ നിന്ന് അടക്കം വൈദ്യുതി വാങ്ങി.
