എം.കെ സ്റ്റാലിനെ പരാജയപ്പെടുത്തിയ ടി.വി.കെ MLA വി.എസ് ബാബു അന്തരിച്ചു ; തീരാ നഷ്ടമെന്ന് മുഖ്യമന്ത്രി വിജയ്


ചെന്നൈ :- തമിഴക വെട്രി കഴകം (ടിവികെ) എംഎല്‍എ വിഎസ് ബാബു അന്തരിച്ചു. രണ്ടു മാസമായി അസുഖ ബാധിതനായി ചെന്നൈയിലെ എംജിഎം ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ശ്വാസകോശ അസുഖം കാരണം തീവ്രപരിചരണ വിഭാഗത്തില്‍ കഴിയവെ ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അന്ത്യം. ജനങ്ങള്‍ക്കിടയില്‍ ജീവിച്ച പൊതുപ്രവര്‍ത്തകനായിരുന്നു വിഎസ് ബാബു എന്നും വിയോഗം തീരാനഷ്ടമാണെന്നും മുഖ്യമന്ത്രിയും ടിവികെ അധ്യക്ഷനുമായ വിജയ് പ്രതികരിച്ചു.

ഡിഎംകെയിലൂടെയാണ് രാഷ്ട്രീയരംഗത്ത് ബാബു സജീവമായത്. വടക്കന്‍ ചെന്നൈ ജില്ലാ സെക്രട്ടറിയായിരുന്നു. 2006ല്‍ പുരസവാക്കം മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എഐഎഡിഎംകെ സ്ഥാനാര്‍ഥിയേക്കാള്‍ 90000 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജയം. പിന്നീട് ഡിഎംകെ നേതൃത്വവുമായി ഉടക്കിയ അദ്ദേഹം രാജിവെച്ച്‌ എഐഎഡിഎംകെയില്‍ ചേര്‍ന്നു. അധികം വൈകാതെ രാജിവെച്ച്‌ 2026ല്‍ ടിവികെയില്‍ ചേര്‍ന്നു.

കഴിഞ്ഞ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനെതിരെ കൊളത്തൂര്‍ മണ്ഡലത്തിലാണ് വിഎസ് ബാബു ടിവികെ ടിക്കറ്റില്‍ മല്‍സരിച്ചത്. സ്റ്റാലിന്‍ 74202 വോട്ട് നേടിയപ്പോള്‍ ബാബു 82997 വോട്ടുകള്‍ നേടി. 8795 വോട്ടുകള്‍ക്കായിരുന്നു ബാബുവിന്റെ ജയം. പാര്‍ട്ടി അധ്യക്ഷന്‍ പരാജയപ്പെട്ട ഈ ഫലം ഡിഎംകെ കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു

തിരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് സ്റ്റാലിന്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ഇവിഎം തകരാറാണ് അദ്ദേഹം ആരോപിച്ചത്. 286 ഇവിഎമ്മും പരിശോധിക്കണം എന്നും വിവിപാറ്റ് സ്ലിപ്പുകള്‍ വീണ്ടും എണ്ണണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. സെപ്തംബര്‍ മൂന്ന് സ്റ്റാലിന്റെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം കേട്ട ശേഷമായിരുന്നു കോടതി നടപടി.

വിഎസ് ബാബുവിന്റെ വിയോഗത്തില്‍ എംകെ സ്റ്റാലിന്‍ ദുഃഖം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു എന്നും സ്റ്റാലിന്‍ എക്‌സില്‍ കുറിച്ചു. ബാബുവിന്റെ വിയോഗത്തോടെ കൊളത്തൂര്‍ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങി. ഇതോടെ തമിഴ്‌നാട്ടില്‍ ഒഴിഞ്ഞു കിടക്കുന്ന നിയമസഭാ സീറ്റുകള്‍ ആറായി. സ്റ്റാലിന്റെ പരാജയത്തോടെ ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ട മണ്ഡലമായിരുന്നു കൊളത്തൂര്‍. ഉപതിരഞ്ഞെടുപ്പില്‍ ഇവിടെ ടിവികെയും ഡിഎംകെയും ആരെ മല്‍സരിപ്പിക്കുമെന്നതും ഏറെ ശ്രദ്ധിക്കപ്പെടും.


Previous Post Next Post
കൊളച്ചേരി വാർത്തകൾ