അറിവ് പകർന്നവരെ ഓർക്കാനും ആശംസ അർപ്പിക്കാനുമായി അദ്ധ്യാപക ദിനം
ഹരീഷ് കൊളച്ചേരി
അറിവു പകർന്നു തന്നവരെയും കൈപിടിച്ച് മുന്നോട്ട് നയിച്ചവരെയും സ്മരിക്കാനും അവർക്ക് ആശംസ അർപ്പിക്കാനുമായി മറ്റൊരദ്ധ്യാപക ദിനം കൂടി കടന്നു വന്നു.ആദ്യമായി അദ്ധ്യാപകരും വിദ്യാർത്ഥികൾ പരസ്പരം കാണാതെ online ൽ ആശംസ കൈമാറുന്നു എന്നൊരു പ്രത്യേകത കൂടി ഉണ്ട് ഈ വർഷത്തെ അദ്ധ്യാപക ദിനത്തിന്.
ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും ഇന്ത്യൻ സർവ്വകലാ കമ്മീഷൻ ചെയർമാനും, വിവിധ സർവ്വകലാശാലകളുടെ വൈസ് ചാൻസലറും അറിയപ്പെടുന്ന വിദ്യാഭ്യാസ വിചക്ഷണനുമായ സർവ്വേപ്പള്ളി രാധാകൃഷ്ണൻ്റെ ജന്മദിനമാണ് ഇന്ന്.
1888 സെപ്തംബർ 5ന് തമിഴ് നാട്ടിലെ തിരുത്താണിയിൽ ജനിച്ച ഇദ്ദേഹത്തിൻ്റെ ജന്മദിനമാണ് അദ്ധ്യാപക ദിനമായി ആചരിക്കുന്നത്.
അദ്ധ്യാപനം എന്നത് ഏറ്റവും മഹത്തരമായ തൊഴിലായാണ് കരുതിപ്പോരുന്നത്. ഒരാളുടെ ജീവിതത്തിൽ ഗുരുവിൻ്റെ സ്ഥാനം മാതാപിതാക്കൾക്ക് ശേഷവും എന്നാൽ ദൈവത്തിന് മുന്നിലുമാണ്.. ഗുരുവിലൂടെയേ ദൈവത്തെ അറിയാൻ സാധിക്കൂ എന്നതാണ് അതിൻ്റെ പൊരുൾ. ഒരു വ്യകതിയുടെ ജീവിതം രൂപപ്പെടുത്തുന്നതിൽ അദ്ധ്യാപകർക്ക് സുപ്രധാനമായ പങ്കാണുള്ളത്.
ഒരു നല്ല അദ്ധ്യാപകൻ എപ്പോഴും അറിവുകൾ പ്രദാനം ചെയ്ത്, മഹത്തായ സ്വപ്നങ്ങളും ലക്ഷ്യങ്ങളും കൊണ്ട് വിദ്യാർത്ഥികളുടെ ജീവിതം രൂപപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്ന ആളായിരിക്കണം.
ഒരദ്ധ്യാപകൻ്റെ യഥാർത്ഥ ദൗത്യമെന്നത് യുവ മനസ്സുകളെ ജ്വലിപ്പിക്കുക എന്നതാണെന്ന് മുൻ രാഷ്ട്രപതി എ.പി ജെ അബ്ദുൾ കലാം പറഞ്ഞു വെക്കുന്നു. തൻ്റെ ജീവിതം മാറ്റിമറിച്ച രാമേശ്വരം സ്കൂളിലെ അദ്ധ്യാപകനായിരുന്ന ശ്രീ ശിവ സുബ്രഹ്മണ്യ അയ്യരെ പറ്റി അദ്ദേഹം തൻ്റെ ആത്മകഥയിൽ വിവരിക്കുന്നത് ജീവിതത്തിന് ലക്ഷ്യബോധം നൽകിയ മഹാത്മാവായാണ്.
" അദ്ധ്യാപകർ പഠിപ്പിക്കുന്നു, നല്ല അദ്ധ്യാപകർ നന്നായി പഠിപ്പിക്കുന്നു, മഹത്തായ അദ്ധ്യാപകർ കുടികളെ പ്രചോദിപ്പിക്കുന്നു" എന്ന് പറയുന്നതിൻ്റെ പൊരുളും ഇത് തന്നെയാണ്... ജീവിതത്തിൽ വഴികാട്ടിയായി തെളിഞ്ഞു കത്തിയ എല്ലാ ഗുരുക്കൻമാരെയും മനസ്സാ സ്മരിച്ചു കൊണ്ട് എല്ലാ ഗുരുക്കന്മാർക്കും ഹൃദ്യമായ അദ്ധ്യാപക ദിനാശംസകളും ഈ ദിനത്തിൽ അർപ്പിക്കുകയും ചെയ്യുന്നു.