സെപ്റ്റംബർ 8- അന്താരാഷ്ട്ര സാക്ഷരതാ ദിനം
ഹരീഷ് കൊളച്ചേരി
അറിവിൻ്റെ ലോകത്തേക്ക് സമൂഹത്തെ കൈപിടിച്ച് നടത്തേണ്ടതിൻ്റെ പ്രാധാന്യം ഓർമപ്പെടുത്തി കൊണ്ട് മറ്റൊരു സാക്ഷരതാ ദിനം കൂടി കടന്നു വരുന്നു.
1965 ൽ ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ ചേർന്ന യുനെസ്‌കൊ അംഗരാജ്യങ്ങളിലെ വിദ്യാഭ്യാസമന്ത്രിമാരുടെ സമ്മേളനമാണ് നിരക്ഷരതാനിർമാർജ്ജനയജ്ഞത്തിനായി സെപ്തംബർ എട്ട് അന്താരാഷ്ട്ര സാക്ഷരതാ ദിനമായി ആചരിക്കാൻ ആദ്യമായി ശുപാർശ ചെയ്തത്.ഈ സമ്മേളനം ആരംഭിച്ചത് സെപ്തംബർ എട്ടിനായിരുന്നു.ഇതിൻ്റെ സ്മരണ നിലനിർത്താനും ലോകവ്യാപകമായി സാക്ഷരതയുടെ പ്രാധാന്യം വിശദീകരിക്കുന്നതിനുമായി യുണെസ്കോയുടെ ആഭിമുഖ്യത്തിൽ 1966 മുതൽ സെപ്തംബർ 8 സാക്ഷരതാ ദിനമായി ആചരിച്ചു പോരുന്നു..സാക്ഷരതാപ്രവർത്തനങ്ങളിൽ പൊതുജനതാല്പര്യവും പിന്തുണയും സംഘടിപ്പിക്കുക എന്നതാണ് ഈ ദിനാചരണത്തിൻ്റെ ലക്ഷ്യം.
"പട്ടിണിയായ മനുഷ്യാ നീ പുസ്തകം കയ്യിലെടുത്തോളു, പുത്തനൊരായുധമാണു നിനക്കത് …" എന്ന മുദ്രാവാക്യവുമായി കേരളത്തിലും വളരെ വിപുലമായ നിലയിൽ സാക്ഷരതാ പ്രവർത്തനങ്ങൾ നടക്കുകയുണ്ടായിരുന്നു.. എല്ലാ വിഭാഗം ആളുകളും, 15 വയസ്സു തൊട്ട് 90 വയസ്സു വരെയുള്ളവർ സാക്ഷരതാ ക്ലാസ്സുകളിൽ പങ്കെടുത്തു. കേരളത്തിന്റെ സമ്പൂർണ്ണ സാക്ഷരതയ്ക്കായി അക്ഷരകേരളം പദ്ധതി സർക്കാർ നടപ്പിലാക്കി. സാക്ഷരതാപ്രവർത്തകർ നിരക്ഷരരെ തേടിപ്പോയി.കക്ഷിരാഷ്ട്രീയ ഭേദമെന്യേ എല്ലാവരും സാക്ഷരതാ പ്രവർത്തനത്തിൽ പങ്കെടുത്തു. 1990 ഏപ്രിൽ 8ലെ സർവ്വേ അനുസരിച്ച് കേരളത്തിലൊട്ടാകെ 28,20,338 നിരക്ഷരരെ കണ്ടെത്തി. ഇവരെ സാക്ഷരരാക്കാനായി മൂന്നു ലക്ഷത്തോളം സന്നദ്ധപ്രവർത്തകരാണ് പ്രവർത്തിച്ചത്. അങ്ങനെ 1991 ഏപ്രിൽ 18ന് കേരളം ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷര സംസ്ഥാനമായിത്തീർന്നു.
നിരക്ഷരരെ വിദ്യാഭ്യാസം ചെയ്യിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനാണ് ഈ ദിനാചരണം നടത്തുന്നത്. ലോകത്ത് ഒരു നിരക്ഷരനെങ്കിലും ശേഷിക്കുന്നതുവരെ ഈ ദിനം കൊണ്ടാടണമെന്ന് യുനെസ്‌കോ നിർദ്ദേശിച്ചു.
മാറിവരുന്ന ലോകഘടനയിൽ സാക്ഷരത എന്നത് കമ്പ്യൂട്ടർ സാക്ഷരത എന്നതിലേക്ക് വാക്കുകളുടെ അർത്ഥം വ്യാപിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ് .ഈ ഇൻ്റർനെറ്റ് യുഗത്തിൽ പുതിയ അറികൾ ഓൺലൈനായി ലഭിക്കുമ്പോൾ അതറിയാൻ കണ്ണും കാതും തുറന്നു വയ്ക്കുന്ന ലോകത്ത് പുത്തൻ അറിവുകളെ കുറിച്ച് സാക്ഷരരാവുക എന്നത് ഇന്നും പ്രസക്തമാണ്.
എല്ലാവരും ഈ ലോക സാക്ഷരതാ ദിനത്തിൽ അറിവിൻ്റെ പുതിയ ചക്രവാളത്തിലേക്കുള്ള യാത്രയിൽ എല്ലാ വിധ ആശംസകളും നേരുന്നു..