മയ്യിൽ :- മീഡിയാ വൺ ചാനൽ സംസ്ഥാന തലത്തിൽ നടത്തിയ മഹാ പഞ്ചായത്ത് പരിപാടിയിൽ "കൃഷി,ക്ഷീരവികസനം" വിഭാഗത്തിൽ സംസ്ഥാനത്തെ മികച്ച പഞ്ചായത്തായി മയ്യിൽ ഗ്രാമപഞ്ചായത്തിനെ തിരഞ്ഞെടുത്തു. "വിദ്യാഭ്യാസ, സാംസ്കാരിക " വിഭാഗത്തിൽ പേരാവൂർ പഞ്ചായത്തിനെയും ''വനിതാ,ശിശു ക്ഷേമ " വിഭാഗത്തിൽ മികച്ച പഞ്ചായത്തായി മാങ്ങാട്ടിടം പഞ്ചായത്തും തിരഞ്ഞെടുത്തു.
മീഡിയാ വൺ ചാനൽ നടത്തിയ മഹാ പഞ്ചായത്ത് മത്സരത്തിൽ 5 വിഭാഗങ്ങളിലായി 10 പഞ്ചായത്തുകളെയാണ് മികച്ച പഞ്ചായത്തായി തിരഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ് . തദ്ദേശ സ്വയംവരണ വകുപ്പ് മന്ത്രി എ.സി മൊയ്തീനാണ് അവാർഡ് പ്രഖ്യാപനം നടത്തിയത്. കേരളാ ഗവർണർ ആരിഫ് ഖാൻ മുഖ്യാതിഥി ആയിരുന്നു.
കൃഷി & ക്ഷീരവികസനം, ആരോഗ്യം,വിദ്യാഭ്യാസം & സംസ്ക്കാരം, കുടിവെള്ളം, വനിതകളുടെയും കുട്ടികളുടെയും ക്ഷേമം എന്നീ കാറ്റഗറികളിലായി മികച്ച പ്രകടനം കാഴ്ച വെച്ച രണ്ടു വീതം പഞ്ചായത്തുകളെയാണ് തിരഞ്ഞെടുത്തത്.
പഞ്ചായത്തുകൾ കഴിഞ്ഞ 5 വർഷം കൊണ്ട് നടപ്പിലാക്കിയ പ്രവർത്തനങ്ങൾ അടങ്ങിയ വീഡിയോ, പൊതുജനങ്ങൾ ഓൺ ലൈനായി നടത്തിയ വോട്ടിംങ് എന്നിവ പരിഗണിച്ചാണ് ജൂറി മികച്ച പഞ്ചായത്തുകളെ തിരഞ്ഞെടുത്തത്.
മുൻ ചീഫ് സെക്രട്ടറി എസ് എൻ വിജയാനന്ദ്, മുൻ പ്ലാനിംങ് ബോർഡ് അംഗം സി.പി ജോൺ, ജി വിജയ രാഘവൻ, മറിയമ്മ സാനു ജോർജ്ജ്, യു കലാനാഥൻ എന്നിവർ അടങ്ങുന്ന അഞ്ചംഗ ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്.
മയ്യിൽ പഞ്ചായത്ത് നടപ്പിലാക്കിയ നെൽകൃഷി വ്യാപനമാണ് അവാർഡിന് അർഹരാക്കിയതെന്ന് ജൂറി അഭിപ്രായപ്പെട്ടു.2015 ൽ 300 ഹെക്ടർ സ്ഥലത്ത് കൃഷി ഉണ്ടായിരുന്ന പഞ്ചായത്തിൽ ഇപ്പോൾ 557 ഹെക്ടർ സ്ഥലത്ത് കൃഷി ചെയ്യുന്നുണ്ട്. അതു പോലെ ഉദ്പാദനം 2154 കിലോവിൽ നിന്ന് 4320 കിലോ ആയതും മയ്യിൽ പഞ്ചായത്തിന് നേട്ടമായി. മയ്യിൽ പഞ്ചായത്ത് നടപ്പിലാക്കിയ അമ്പതേക്കർ സ്ഥലത്തെ വൃക്ഷായുർവേദം പദ്ദതി പഞ്ചായത്തിനെ അവാർഡിന് പ്രാപ്തരാക്കിയതായി ജൂറി സാക്ഷ്യപ്പെടുത്തി.