ജില്ലയിൽ കണ്ടെയിന്‍മെന്റ് സോണുകള്‍ക്ക് പുറത്തു നിരോധനാജ്ഞ


കണ്ണൂർ
:- ജില്ലയില്‍ കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ രോഗപ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി കണ്ടെയിന്‍മെന്റ് സോണ്‍ പ്രദേശങ്ങള്‍ക്കു പുറത്തും നിയന്ത്രണങ്ങള്‍ ശക്തമാക്കി  ഉത്തരവിറക്കി. 

ഇതുപ്രകാരം തദ്ദേശ സ്ഥാപനങ്ങളില്‍ ഒക്ടോബർ മൂന്ന് രാവിലെ 9 മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 

പൊതു സ്ഥലങ്ങളില്‍ അഞ്ചിലേറെ പേര്‍ ഒരുമിച്ചു കൂടുന്നതിന് വിലക്കേര്‍പ്പെടുത്തി. ഇവിടങ്ങളില്‍ സര്‍ക്കാര്‍ പരിപാടികള്‍, ആരാധനാലയങ്ങളിലെ ചടങ്ങുകള്‍, രാഷ്ട്രീയ, സാമൂഹിക, കലാ-സാംസ്‌ക്കാരിക പരിപാടികള്‍ തുടങ്ങിയ ഒത്തുചേരലുകളില്‍ പരമാവധി 20 പേര്‍ മാത്രമേ പാടുള്ളൂ.

വിവാഹച്ചടങ്ങുകള്‍ക്ക് ആകെ 50 പേര്‍ക്ക് മാത്രം പങ്കെടുക്കാം. മരണാനന്തര ചടങ്ങുകളില്‍ പരമാവധി 20 പേര്‍ക്കാണ് അനുമതി. 

മാര്‍ക്കറ്റുകള്‍, ബസ് സ്റ്റാന്റുകള്‍, പൊതുഗതാഗത സംവിധാനങ്ങള്‍, ഓഫീസുകള്‍, വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയ എല്ലാ പൊതു ഇടങ്ങളിലും മാസ്‌ക് ധാരണം, സാമൂഹിക അകലം പാലിക്കല്‍, കൈകള്‍ അണുവിമുക്തമാക്കല്‍ തുടങ്ങിയ കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പൂര്‍ണമായി പാലിക്കേണ്ടതാണ്.

മാര്‍ക്കറ്റുകള്‍, ബസ് സ്റ്റാന്റുകള്‍, ആളുകള്‍ ഒരുമിച്ചുകൂടുന്ന മറ്റ് പൊതു ഇടങ്ങള്‍ എന്നിവ ചുരുങ്ങിയത് ദിവസം ഒരു വട്ടമെങ്കിലും അണുവിമുക്തമാക്കാന്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലിസിന് നിര്‍ദ്ദേശം നല്‍കി. 

കണ്ടെയിന്‍മെന്റ് സോണിലെ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരും. ജില്ലയില്‍ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ വരുന്ന ചെറിയ വീഴ്ചകള്‍ പോലും ആരോഗ്യമേഖലയില്‍ വലിയ പ്രതിസന്ധിക്ക് കാരണമാവുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Previous Post Next Post