ഓണ്‍ലൈന്‍ പഠനകാലത്തെ കുട്ടികളുടെ പരീക്ഷപ്പേടി അകറ്റാന്‍ വീഡിയോയുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത്


കണ്ണൂർ
:- പത്താംക്ലാസ് വിദ്യാര്‍ഥികളുടെ പരീക്ഷ പേടി അകറ്റുന്നതിന് സ്‌കൂളുകള്‍ക്ക് പ്രത്യേക വീഡിയോ തയ്യാറാക്കി നല്‍കാന്‍  ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു.   ഓണ്‍ലൈന്‍ പഠനകാലത്ത് വിദ്യാര്‍ഥികളിലെ പരീക്ഷ പേടി മാറ്റുന്നതിനുള്ള കൗണ്‍സലിംഗും, ഇംഗ്ലീഷ്, കണക്ക്, ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ ലളിതമായ രീതിയില്‍ പ്രത്യേക പരിശീലന ക്ലാസും ഉള്‍പ്പെടുന്ന വീഡിയോയാണ് തയ്യാറാക്കുക. 

ജില്ലാ പഞ്ചായത്തിന്റെ ബി പോസിറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വീഡിയോ തയ്യാറാക്കുന്നത്. ഇതിനായി ഡയറ്റിന് ചുമതല നല്‍കിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് പറഞ്ഞു. ജില്ലയിലെ സ്‌കൂളുകളുടെ അറ്റകുറ്റപണികള്‍ വേഗം പൂര്‍ത്തീകരിക്കാനും യോഗം തീരുമാനിച്ചു.  വിവിധ പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതിയും യോഗം വിലയിരുത്തി.

വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ ഓണ്‍ലൈനായി നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് അധ്യക്ഷനായി. വൈസ് പ്രസിഡണ്ട് പി പി ദിവ്യ, സെക്രട്ടറി വി ചന്ദ്രന്‍, സ്ഥിരം സമിതി അംഗങ്ങള്‍, അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Previous Post Next Post