തെയ്യചിലങ്കകളും ചിലമ്പൊലികളുമില്ലാതെ നാളെ പത്താമുദയം

 കൊളച്ചേരി ശ്രീ ചാത്തമ്പളളി വിഷകണ്ഠൻ ക്ഷേത്രത്തിൽ ഇന്ന് നടന്ന പുത്തരി അടിയന്തിരത്തിൻ്റെ തുടക്കം

കൊളച്ചേരി :
- ഇന്ന് തുലാം ഒമ്പത്; ഇന്ന് രാത്രി ഇരുട്ടിവെളുത്താൽ പത്താം ഉദയം. കോലത്തുനാട്ടിൽ തെയ്യക്കാവുകൾ ഉണരുന്ന പുണ്യ ദിനം. പത്താം ഉദയത്തിൽ കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രത്തിൽ നടക്കുന്ന പുത്തരി അടിയന്തിരത്തോട് അനുബന്ധിച്ച് നടക്കുന്ന കളിയാട്ടത്തോടെയാണ് ഉത്തര മലബാറിൽ തെയ്യാട്ടക്കാലത്തിന് തുടക്കമാവാറ്.

പക്ഷെ ഇത്തവണ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച്  ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രത്തിൽ പുത്തരി അടിയന്തിരം ചടങ്ങു മാത്രമായി നടത്താനാണ് ക്ഷേത്ര സമിതിയുടെ തീരുമാനം. പതിവ് തെയ്യം കെട്ടിയാടൽ ഉണ്ടാവില്ല.

പത്താമുദയത്തിൽ കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രത്തിൽ വിഷകണ്ഠൻ ദൈവത്തിന്റെ തിരുമുടി ഉയരുന്നതോടെ ഉത്തര മലബാറിലെ തെയ്യ കാവുകൾ ഉണരുകയാണ് പതിവ്. പക്ഷെ  ഈ വർഷം  കളിയാട്ടക്കാലത്തിന് തുടക്കമാവുന്ന  കൊളച്ചേരി വിഷകണ്ഠൻ ക്ഷേത്രത്തിലെ കളിയാട്ടം ഉണ്ടാവില്ല. നിലവിലെ സാഹചര്യത്തിൽ ക്ഷേത്ര ഭാരവാഹികൾ ഈ വർഷത്തെ കളിയാട്ട മഹോത്സവം ഒഴിവാക്കിയിരിക്കുകയാണ്. 

 വിഷകണ്ഠൻ തൈയ്യത്തിന്റെ അനുഗ്രഹം നേടാനായി വർഷാവർഷം പതിനായിരകണക്കിന് ഭക്തരാണ് കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രത്തിലേക്ക് ഒഴുകി എത്താറുള്ളത്.



 തെയ്യക്കാവുകൾ ഉണരാതായതോടെ  പ്രതീക്ഷയ സ്തമിച്ചത് നൂറുകണക്കിന് തെയ്യം കലാകാരന്മാർക്കാണ്.കഴിഞ്ഞ സീസണില്‍ പാതിവഴി നിലച്ച കളിയാട്ടക്കാലം തുലാമാസത്തില്‍ വീണ്ടും താളമിടുമെന്ന ഇവരുടെ  പ്രതീക്ഷയാണ് തകര്‍ന്നടിഞ്ഞത്. ആളും ആരവവുമാണ് കളിയാട്ടക്കാവുകളുടെ മുഖമുദ്ര. അതു കൊണ്ട് തന്നെ ആളുകള്‍ കുറയുന്നത് വൻ സാമ്പത്തിക ഞെരുക്കത്തിന്  കാരണമാവും. 

തുലാം പിറന്നാല്‍ ചെണ്ടപ്പുറത്ത് കോലുവീഴാത്ത ഗ്രാമങ്ങള്‍  വിരളമാണ്. പൂരോത്സവം, വിഷുവിളക്ക് തുടങ്ങി ഏറെ തിരക്കുള്ള സന്ദര്‍ഭത്തിലാണ് കഴിഞ്ഞ സീസണില്‍ കോവിഡ്​ ഭീതിയില്‍ കാവുകളില്‍ കളിയാട്ടം നിലച്ചത്.

നൂറുകണക്കിന് കാവുകളും തറവാടുകളും കൊയ്തൊഴിഞ്ഞ പാടങ്ങളും സജീവമാക്കിയ തെയ്യക്കാലം ഇല്ലാതായത് ചരിത്രത്തിലാദ്യമാണെന്ന് കലാകാരന്മാര്‍ പറയുന്നു.

ആറുമാസം ഉറഞ്ഞാടി കാവുകളുണര്‍ത്തുന്നതിലൂടെ ലഭിക്കുന്ന വരുമാനത്തിലാണ് ഇവര്‍ ഒരു വര്‍ഷം ജീവിക്കുന്നത്. മാത്രമല്ല, ഊണുമുറക്കവുമൊഴിഞ്ഞ് ശരീരം വരിഞ്ഞുമുറുക്കുന്നതിലൂടെയും തീയാട്ടത്തിലൂടെയും ശരീരത്തിനേല്‍ക്കുന്ന പരിക്കുകളും ചെറുതല്ല. ഇതിനുള്ള കര്‍ക്കടക മാസത്തിലെ ആശുപത്രിവാസവും ചികിത്സയും ഇല്ലാതായി. ഇടവപ്പാതി കഴിഞ്ഞാല്‍ പൊടിതട്ടി ഭദ്രമായി വെക്കുന്ന ആടയാഭരണങ്ങള്‍ തുലാമാസത്തിലാണ് പുറത്തെടുത്ത് പുതുക്കുക.

സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര സഹായങ്ങളും സൗജന്യ റേഷനുമൊക്കെ ലഭിച്ചുവെങ്കിലും നഷ്​ടപ്പെട്ട തൊഴില്‍ ദിനങ്ങള്‍ ഒരിക്കലും തിരിച്ചുകിട്ടില്ല. അതുകൊണ്ട് നഷ്​ടപരിഹാരം നല്‍കണമെന്ന ആവശ്യവും ശക്തമാണ്.

മലബാര്‍ ദേവസ്വം ബോര്‍ഡ് ആചാര സ്ഥാനികര്‍ക്ക് നല്‍കിവരുന്ന സാമ്പത്തിക ആനുകൂല്യം തങ്ങള്‍ക്കുകൂടി ലഭിക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന്​ ഇവര്‍ പറയുന്നു. വണ്ണാന്‍, മലയന്‍, വേലന്‍, ചിങ്കത്താന്‍, പുലയ സമുദായങ്ങളാണ് പ്രധാനമായി തെയ്യം കെട്ടിയാടുന്നത്.

അതേ സമയം കാസർഗോഡ് ജില്ലയിൽ നിയന്ത്രണങ്ങളോടെ തെയ്യം കെട്ടിയാടാൻ ജില്ലാ കലക്ടർ അനുമതി നൽകിയിട്ടുണ്ട്.

Previous Post Next Post