ശബരിമലനട തുറന്നു ; ഭക്തർക്ക് പ്രവേശനം നാളെമുതൽ


പത്തനംതിട്ട :- 
മണ്ഡലകാല പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എ.കെ. സുധീർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. തിങ്കളാഴ്ച മുതലാണ് സന്നിധാനത്തേക്ക് ഭക്തരെ അനുവദിക്കുക. വെർച്വൽ ക്യൂവഴി ബുക്ക് ചെയ്തവർക്ക് മാത്രമാണ് ദർശനം.

നിയുക്ത ശബരിമല മേൽശാന്തി വി.കെ.ജയരാജ് പോറ്റിയും മാളികപ്പുറം മേൽശാന്തി എം.എൻ.രജികുമാറും സന്നിധാനത്തെത്തി. ഇന്ന് വൈകീട്ട് ദീപാരാധനയ്ക്കുശേഷം ഇരുവരേയും മേൽശാന്തിമാരായി അഭിഷേകം ചെയ്ത് അവരോധിക്കും. രാത്രി നടയടച്ചശേഷം നിലവിലെ ശബരിമല മേൽശാന്തിയായ എ.കെ.സുധീർ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തിയായ എം.എസ്.പരമേശ്വരൻ നമ്പൂതിരിയും രാത്രിയിൽത്തന്നെ മലയിറങ്ങും.

ദർശനത്തിന് എത്തുന്നവർ 24 മണിക്കൂറിനുളളിൽ എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായും കരുതണം. ഇല്ലാത്തവർക്ക് നിലയ്ക്കലിൽ ആന്റിജൻ പരിശോധന ഉണ്ടാകും. പോസിറ്റീവ് ആകുന്നവരെ റാന്നിയിലെ സി.എഫ്. എൽ.ടി.സി.യിലേക്ക് മാറ്റും. ചെറിയ വാഹനങ്ങളെ പമ്പയിലേക്ക് കടത്തിവിടുമെങ്കിലും തീർഥാടകരെ ത്രിവേണിയിൽ ഇറക്കിയശേഷം നിലയ്ക്കലിൽ പാർക്കുചെയ്യണം.

Previous Post Next Post