ഇന്ത്യൻ വംശജ കമലാ ഹാരിസ് വൈസ് പ്രസിഡന്റ് ആകും
ന്യൂയോർക്ക് :- ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ട്രംപിനെ തള്ളി നാൽപ്പത്തിറാം അമേരിക്കൻ പ്രഡിഡന്റായി ജോബൈഡൻ. ഇതോടെ വൈസ് പ്രസിഡന്റ് ആയി ഇന്ത്യൻ വംശജ കമലാ ഹാരിസ് സ്ഥാനമേൽക്കും. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കേവല ഭൂരിപക്ഷം ജോബൈഡൻ ഇതിനോടകം നേടിയിരിക്കുന്നു.
യാഥാസ്ഥിക വാദങ്ങളെ മാറ്റി മറിച്ചാണ് ബൈഡൻ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്. ഫ്‌ളോറിഡ പിടിക്കുന്നവർ പ്രസിഡന്റാകുമെന്ന വിശ്വാസത്തിന് ഇതോടെ താൽക്കാലിക വിരാമമിട്ടിരിക്കുന്നു.
ജോസഫ് റോബിനെറ്റ് ബൈഡൻ ജൂനിയർ?
ട്രംപിന് നേർ വിപരീതമാണ് ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡന്റെ പ്രകൃതം. അടിമുടി മാന്യൻ. ബരാക് ഒബാമ പ്രസിഡന്റായിരുന്ന എട്ട് വർഷം വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ച് അനുഭവസമ്പത്തുള്ള നേതാവ്. 1973 മുതൽ 2009 വരെ ഡെലാവെയറിൽ നിന്നുള്ള സെനറ്ററായി പ്രവർത്തിച്ചുള്ള ദീർഘമായ പരിചയം. വിദേശകാര്യവുമായി ബന്ധപ്പെട്ട ഒട്ടേറെ നയങ്ങൾക്ക് സംഭവാനകൾ നൽകി പരിചയമുള്ള ഭരണകർത്താവ്. അങ്ങനെ എല്ലാ അർത്ഥത്തിലും ട്രംപിൽ നിന്ന് വേറിട്ട വഴികളിലൂടെ നടന്ന നേതാവാണ് ജോ ബൈഡൻ.
1942 നവംബർ 20ന് പെൻസിൽവാനിയയിലെ സ്‌ക്രാന്റണിൽ ജോസഫ്.ആർ.ബൈഡൻ സീനിയറിന്റെയും കാതറിൻ യൂജേനിയ ഫിന്നെഗന്നിന്റെയും മകനായാണ് ജോസഫ് റോബിനെറ്റ് ബൈഡൻ ജൂനിയറിന്റെ ജനനം. ക്ലേമൗണ്ടിലെ ആർക്ക്മിയർ അക്കാദമിയിൽ പ്രാഥമിക വിദ്യാഭ്യാസം. ഇവിടെ പഠിക്കുന്ന കാലത്ത് മികച്ച ഫുട്‌ബോൾ താരമായിരുന്നു. പിന്നീട് നെവാർക്കിലെ ഡെലാവെയർ സർവകലാശാലയിൽ നിന്ന് ബിരുദം. 1968ൽ സൈറാക്യൂസ് നിയമ സർവകലാശാലയിൽ നിന്ന് നിയമ ബിരുദം നേടി. 1966ൽ സൈറാക്യൂസ് സർവകലാശാലയിലെ വിദ്യാർത്ഥിനിയായിരുന്ന നെയ്‌ലിയ ഹണ്ടറിനെ ജോ ബൈഡൻ വിവാഹം കഴിച്ചു. ആ ബന്ധത്തിൽ ജോസഫ്.ആർ.ബൈഡൻ മൂന്നാമൻ, റോബർട്ട് ഹണ്ടർ ബൈഡൻ, നവോമി ക്രിസ്റ്റീന ബൈഡൻ എന്നീ മൂന്ന് മക്കൾ. എന്നാൽ 1972ൽ ബൈഡന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമുണ്ടായി. ഭാര്യ നെയ്‌ലിയ ഹണ്ടറും ഒരു വയസുള്ള മകൾ നവോമിയും വാഹനാപകടത്തിൽ മരിച്ചു. ഇതോടെ കടുത്ത വിഷാദത്തിലായ ബൈഡൻ രാഷ്ട്രീയം വിടുന്നതിനെക്കുറിച്ച് പോലും ആലോചിച്ചു. എന്നാൽ മൂന്ന് വർഷത്തിന് ശേഷം ജിൽ ട്രേസി ജേക്കബ്‌സിനെ കണ്ടുമുട്ടിയതോടെ ബൈഡന്റെ രാഷ്ട്രീയ ജീവിതം വീണ്ടും സജീവമായി. 77ൽ ബൈഡൻ ജില്ലിനെ വിവാഹം കഴിച്ചു. ഈ ബന്ധത്തിലെ മകളാണ് ആഷ്‌ലി ബ്ലേസർ.
പതിറ്റാണ്ടുകളായി ഡെമോക്രാറ്റിക് പാർട്ടിയുടെ നേതാവായി തുടരുന്ന ബൈഡന് ദീർഘകാലമായി രാഷ്ട്രീയരംഗത്ത് പ്രവർത്തിച്ചുള്ള പരിചയമുണ്ട്. ഡോണൾഡ് ട്രംപിന്റെ കടുത്ത വിമർശകനായ ബൈഡൻ, രാജ്യത്തെ ജനങ്ങളെ വംശീയമായി വിഭജിക്കുന്ന പ്രസിഡന്റാണ് ട്രംപെന്ന് പലവട്ടം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൊവിഡ് മഹാമാരിയെ ഫലപ്രദമായി പ്രതിരോധിക്കുന്നതിൽ ട്രംപ് വൻപരാജയമാണെന്ന് രണ്ട് സ്ഥാനാർത്ഥി സംവാദങ്ങളിലും ബൈഡൻ ആവർത്തിച്ച് ആരോപിച്ചു. വർഷങ്ങളായി നികുതി അടച്ചിട്ടില്ലെന്നതും ട്രംപിനെതിരെ ആയുധമായി ഉപയോഗിക്കുന്നു ബൈഡൻ. തെരഞ്ഞെടുക്കപ്പെട്ടാൽ വംശീയ വിദ്വേഷമില്ലാത്ത, രാജ്യത്തെ ഒരുമിപ്പിച്ച് നിർത്തുന്ന പ്രസിഡന്റായിരിക്കും താനെന്നും ബൈഡൻ പറയുന്നു. കമലാ ഹാരിസിനെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയാക്കിയത് ജോ ബൈഡന്റെ ഏറ്റവും കൗശലപൂർവമുള്ള രാഷ്ട്രീനീക്കമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.