മയ്യിൽ :- മലബാറിലെ ക്ഷേത്ര ജീവനക്കാർ അനുഭവിച്ചുവരുന്ന തീരാ ദുരിതത്തിന് ശാശ്വത പരിഹാരം കാണാൻ സർക്കാരും ദേവസ്വം ബോർഡും നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ശക്തമായ പ്രക്ഷോഭം തുടങ്ങുവാൻ മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ സിഐടിയു തീരുമാനിച്ചു. ഇതിൻറെ ഭാഗമായി ദേവസ്വം കമ്മീഷണർ ആസ്ഥാനത്തും എല്ലാ അസിസ്റ്റൻറ് കമ്മീഷണർ ഓഫീസുകളിലും നൂറോളം പ്രമുഖ കേന്ദ്രങ്ങളിലും നാലിന് ബുധനാഴ്ച രാവിലെ 11 മണിക്ക് സൂചനാ സമരം നടത്തും.
നിർദ്ദിഷ്ഠ മലബാർ ദേവസ്വം നിയമ പരിഷ്കരണ നടപ്പിലാക്കുക,ശമ്പള കുടിശ്ശിക അടിയന്തരമായി നൽകുക, ശമ്പളപരിഷ്കരണം നടപ്പിലാക്കുക,കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന സ്വകാര്യ ക്ഷേത്രങ്ങൾക്കും ജീവനക്കാർക്കും സഹായധനം വിതരണം ചെയ്യുക എന്നീ പ്രധാന ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തുന്നത് സമരത്തിന് പിന്തുണ നൽകിക്കൊണ്ട് യൂണിയൻ മയ്യിൽ ഏരിയാ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ ബുധനാഴ്ച രാവിലെ 11 മണിക്ക് മയ്യിലിൽ പ്രതിഷേധ ധർണ നടത്തും.