ഇന്ന് ലോക പ്രമേഹ ദിനം



നവംബർ 14, ലോക പ്രമേഹദിനം. ലോകാരോഗ്യ സംഘടന,ഇൻറർനാഷണൽ ഡയബറ്റിസ് ഫെഡറേഷൻ എന്നിവർ ചേർന്നാണ് ലോക പ്രമേഹദിനാചാരണത്തിനുള്ള നേതൃത്വം നൽകുന്നത്

ആരംഭം

ഫ്രെഡറിക് ബാന്റിംഗ്, ചാർല്സ് ബെസ്റ്റ് എന്നിവരാണ് 1922-ൽ പ്രമേഹരോഗ ചികിത്സയ്ക്കുള്ള ഇൻസുലിൻ കണ്ടുപിടിയ്ക്കുവാനുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ടത്. ഫ്രെഡറിക് ബാന്റിംഗിന്റെ ജന്മദിനമായ നവംബർ 14 ലോകമെമ്പാടും പ്രമേഹദിനമായി 1991 മുതൽ ആചരിക്കുന്നു.

പ്രശ്നത്തിന്റെ വ്യാപ്തി

ഓരോ എട്ടു സെക്കൻഡിലും പ്രമേഹം കാരണം ഒരാൾ മരണമടയുന്നു .അർബുദത്തെ പോലെ ഗൗരവസ്വഭാവമുള്ള ഒരു രോഗമായാണ് ആഗോളതലത്തിൽ ഇന്നു പ്രമേഹത്തെ കണക്കാക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നു വ്യത്യസ്തമായി, കേരളത്തിൽ പ്രമേഹരോഗികളുടെ എണ്ണം വളരെ കൂടുതലാണ്. ജീവിത ശൈലിയിൽ മാറ്റങ്ങൾ വരുത്തി പ്രമേഹത്തെ പരമാവധി ഒഴിവാക്കാം. അതുപോലെ ഈ മഹാമാരിയെ ചികിത്സിച്ചു നിയന്ത്രണവിധേയമാക്കുന്നതിലും നമ്മൾ ദയനീയമായി പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. പ്രമേഹ ചികിത്സയുടെ വിജയം നിർണയിക്കുന്ന മൂന്ന് പ്രധാന അളവുകോലുകൾ രക്തത്തിലെ പഞ്ചസാര, രക്തസമ്മർദം, രക്തത്തിലെ കൊഴുപ്പ് എന്നിവയാണ്. കേരളത്തിൽ ചികിത്സ ലഭിച്ചു കൊണ്ടിരിക്കുന്ന 76 ശതമാനം രോഗികളിലും ഇവ മൂന്നും നിയന്ത്രണവിധേയമല്ല എന്നാണ് ചില പഠനങ്ങളിൽ കണ്ടെത്തിയിട്ടുള്ളത്.


നിശബ്ദ കൊലയാളി എന്നാണ് വൈദ്യലോകം പ്രമേഹത്തെ വിശേഷിപ്പിക്കുന്നത്. ഹൃദയം, വൃക്ക, കണ്ണ്, ഞരമ്പ് എന്നിവയടക്കം ശരീരത്തിന്റെ സുപ്രധാന അവയവങ്ങളുടെയെല്ലാം പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കുന്ന രോഗമാണ് പ്രമേഹം. പ്രമേഹം ചികിത്സിച്ചു ഭേദമാക്കാനാവില്ലെങ്കിലും ആരോഗ്യകരമായ ജീവിതശൈലികളിലൂടെയും മരുന്നുകളിലൂടെയും നിയന്ത്രിച്ചു നിര്‍ത്താനാവും.

ഭക്ഷണത്തില്‍ പഞ്ചസാര, കൊഴുപ്പ് എന്നിവയുടെ അളവ് കുറയ്ക്കുക, സ്ഥിരമായി വ്യായാമം ചെയ്യുക, മദ്യപാനം, പുകവലി എന്നിവ ഉപേക്ഷിക്കുക, അമിതവണ്ണം കുറയ്ക്കുക തുടങ്ങിയ ആരോഗ്യശീലങ്ങളിലൂടെ പ്രമേഹത്തെ നിയന്ത്രിച്ചു നിര്‍ത്താനാവും. പ്രമേഹ സാധ്യതയുള്ളവര്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഇടയ്ക്കിടെ പരിശോധിക്കുകയും ആവശ്യമെങ്കില്‍ വൈദ്യ സഹായം തേടുകയും വേണം.

കോവിഡ് കാലത്ത് പ്രമേഹ രോഗികള്‍ സമ്പര്‍ക്ക സാധ്യതകള്‍ പൂര്‍ണ്ണമായും കുറച്ച് രോഗം പകരാതെ സൂക്ഷിക്കണം. പ്രമേഹം പോലുളള രോഗങ്ങളിലുള്ളവരിലാണ് കോവിഡ് മിക്കപ്പോഴും ഗുരുതരാവസ്ഥയിലേക്ക് നയിക്കുന്നത്. ഏതെങ്കിലും രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ബന്ധപ്പെട്ട ആരോഗ്യകേന്ദ്രത്തില്‍ വിവരമറിയിച്ച് ആവശ്യമായ വൈദ്യസഹായം തേടണം. സമൂഹത്തില്‍ ജീവിത ശൈലീരോഗങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ 30 വയസ്സിനു മുകളില്‍ പ്രായമുള്ള എല്ലാവരും നിശ്ചിത ഇടവേളകളില്‍ ജീവിതശൈലീ രോഗനിര്‍ണ്ണയ സ്‌ക്രീനിംഗിന് വിധേയരാകണം. ഇതിനുള്ള സൗകര്യം എല്ലാ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലും ലഭ്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ((ആരോഗ്യം) അറിയിച്ചു.
Previous Post Next Post