ഗണിത ശാസ്ത്ര രംഗത്തെ എക്കാലത്തേയും അത്ഭുതമായ ശ്രീനിവാസ രാമാനുജന്റെ ജന്മദിനമായ ഡിസംബര്‍ 22 ദേശീയ ഗണിത ശാസ്ത്രദിനമായി പ്രഖ്യാപിച്ചത് 2012-ലാണ്. വൈദിക കാലംമുതല്‍ അനുസ്യൂതം പ്രവഹിച്ച ഒരു വൈജ്ഞാനിക ധാരയുടെ ഒടുവിലത്തെ കണ്ണിയായിരുന്നു ശ്രീനിവാസ രാമാനുജന്‍. ഭാരതീയ ഗണിത ചരിത്രത്തിലെ ഏറ്റവും പ്രോജ്വല അദ്ധ്യായമായിരുന്ന പതിനാലാം നൂറ്റാണ്ടുമുതല്‍ പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കംവരെ വളര്‍ന്ന് വികസിച്ചതാണ് കേരളീയ ഗണിത- ജ്യോതിശാസ്ത്ര സരണി. സംഗമഗ്രാമത്തില്‍ ജീവിച്ചിരുന്ന മാധവനിലൂടെയാണ് ഈ ഗുരുശിഷ്യ പരമ്പര ഉദയംകൊണ്ടത്. യൂറോപ്യന്‍ അധിനിവേശത്തിന്റെ കാലഘട്ടവും ഇതുതന്നെയായിരുന്നതിനാല്‍ ഈ സുവര്‍ണ്ണയുഗം ആരാലും ശ്രദ്ധിക്കപ്പെടാതെ മറഞ്ഞിരിക്കുകയായിരുന്നു. അധിനിവേശ ശക്തികള്‍ തദ്ദേശീയമായ രാഷ്ട്രീയ അധികാരത്തെ തകര്‍ക്കുകയും, ധൈഷണിക പ്രവണതകളെ അവമതിക്കുകയുമായിരുന്നു. ഈ മേഖലയില്‍ നടന്ന സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രം തിരിച്ചറിയാതെ ഗണിത ദിനാചരണത്തിന് പ്രസക്തി ഉണ്ടാകുമെന്ന് തോന്നുന്നില്ല.
സംഗമഗ്രാമത്തിലെ മാധവനിലൂടെ പ്രോജ്വലമായ ഗണിത ഗവേഷണ സപര്യയെ ചരിത്രത്തിന്റെ ഇരുട്ടറകളില്‍ നിന്ന് പ്രകാശമാനമായ പൂമുഖത്തേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് രണ്ട് നൂറ്റാണ്ടോളം ദൈര്‍ഘ്യമുണ്ട്. പാശ്ചാത്യ അപ്രമാദിത്വം നിലനില്‍ക്കുന്ന ശാസ്ത്ര ചരിത്ര രംഗത്ത് യൂറോപ്പിതര സംഭാവനകളെ അംഗീകരിപ്പിച്ചെടുക്കുക അത്ര എളുപ്പമല്ലായിരുന്നു.
ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ മദ്രാസ് എസ്റ്റാബ്‌ളിഷ്‌മെന്റിലുള്ള സിവില്‍ സര്‍വന്റ് ഉദ്യോഗസ്ഥനായാണ് ചാള്‍സ് മാത്യു വിഷ് മലബാറില്‍ എത്തുന്നത്. 1812 ല്‍ മലബാറിലെ തെക്കന്‍ ജില്ലാ കോടതിയിലെ രജിസ്ട്രാര്‍ ആയാണ് അദ്ദേഹം സര്‍വ്വീസില്‍ പ്രവേശിക്കുന്നത്. 1833 ല്‍ 38-ാം വയസില്‍ കടപ്പയില്‍ ന്യായാധിപനായി ഇരിക്കെ അദ്ദേഹം അകാലത്തില്‍ മരിക്കുകയായിരുന്നു. മലബാറിലെ അദ്ദേഹത്തിന്റെ ജീവിതം ഇവിടത്തെ സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ സ്ഥിതിഗതികളെയും ശാസ്ത്ര ദാര്‍ശനിക വീക്ഷണങ്ങളെയും അടുത്തറിയാന്‍ അവസരം ഒരുക്കി. കോലത്ത് നാട്ടിലെ ഇളയരാജാവായിരുന്ന അപ്പു തമ്പുരാന്‍ എന്ന ശങ്കരവര്‍മ്മയുമായുള്ള അടുപ്പമാണ് കേരളീയ ഗണിതത്തെക്കുറിച്ച് പഠിക്കാന്‍ പ്രേരിപ്പിച്ചത്. മാധവന്‍ മുതലുള്ള കേരളീയ ഗണിത പദ്ധതിയെ ആഴത്തില്‍ പഠിക്കുകയും അവയെല്ലാം സമന്വയിപ്പിച്ച് ‘സദ്‌രത്‌ന മാല’ എന്ന ഗ്രന്ഥം രചിച്ച പണ്ഡിതനായിരുന്നു ശങ്കരവര്‍മ്മന്‍.
ശങ്കരവര്‍മ്മന്റെ പ്രേരണയില്‍ വിഷ് കേരളപദ്ധതിയിലെ പ്രമുഖ ഗ്രന്ഥങ്ങളായ, നീലകണ്ഠന്റെ തന്ത്രസംഗ്രഹം, ജേഷ്ഠദേവന്റെ യുക്തിഭാഷ, പുതുമന സോമയാജിയുടെ ക്രിയ കര്‍മ്മകാരി, ശങ്കരവര്‍മ്മന്റെ തന്നെ സദ്‌രത്‌നമാല എന്നീ ഗ്രന്ഥങ്ങളെ അപഗ്രഥിച്ച് വൃത്തപരിധിയും വ്യാസവുമായുള്ള ഹിന്ദുത്വഗണിത ചിന്തകള്‍ ഒരു പ്രബന്ധരൂപത്തില്‍ എഴുതി. അത് ഗ്രേറ്റ് ബ്രിട്ടന്‍,അയര്‍ലാന്റ് റോയല്‍ ഏഷ്യാറ്റിക് സൊസൈറ്റിയുടെ ഘടകത്തില്‍ 1832 ഡിസംബര്‍ 15 ന് അവതരിപ്പിക്കുകയും 1834 ല്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. 15 പേജുള്ള പ്രബന്ധത്തിലൂടെ അവതരിപ്പിച്ച വസ്തുതകള്‍ ഗൗരവമായ ചര്‍ച്ചക്ക് എടുക്കാതെ അവഗണിക്കാനാണ് പാശ്ചാത്യ പണ്ഡിതലോകം അന്ന് ശ്രമിച്ചത്.
പിന്നീട് നീണ്ട ഒരു നൂറ്റാണ്ട് ഈ രംഗത്ത് കാര്യമായ ചിന്തകളോ, ഗവേഷണങ്ങളോ നടന്നിട്ടില്ല. സ്വദേശി പ്രസ്ഥാനത്തിന്റെ ഭാഗമായി കല്‍ക്കത്ത സര്‍വകലാശാലയിലെ ബിഭൂതിഭൂഷണ്‍ ദത്ത (18881958) ഭാരതത്തിന്റെ ഗണിതശാസ്ത്ര ചരിത്രത്തിലേക്ക് ആഴത്തിലുള്ള പഠനത്തിന് തുടക്കം കുറിച്ചു. അന്വേഷണം അദ്ദേഹത്തെ ഭാരതീയ ഗണിതത്തിന്റെ ആധുനിക ചരിത്രകാരന്‍ എന്ന ബഹുമതിക്ക് പാത്രീഭൂതനാക്കി. ഇതേ കാലത്ത് കല്‍ക്കത്താ സര്‍വ്വകലാശാലയിലെ രസതന്ത്ര ശാസ്ത്ര പണ്ഡിതനും, ആധുനിക ഭാരതത്തിലെ രസതന്ത്ര ഗവേഷരംഗത്തേയും ചരിത്രപഠന രംഗത്തേയും അഗ്രേസരനും ആയിരുന്ന ആചാര്യ പ്രഫുല്ല ചന്ദ്ര റേയുടെ പ്രേരണയും മാര്‍ഗ്ഗദര്‍ശനവും ദത്തയെ ഗണിതശാസ്ത്ര രംഗത്തെ ഭാരതീയ സംഭാവനകളെ ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കുന്ന ജീവിത ദൗത്യത്തിലേക്ക് നയിച്ചു.
ഭാരതത്തിലെ കോളജ് വിദ്യാര്‍ത്ഥികളോടും യുവാക്കളോടും ഭാരതത്തിന്റെ ഗണിത പാരമ്പര്യം വസ്തുനിഷ്ഠമായി അവതരിപ്പിച്ച് ബ്രിട്ടീഷുകാരുടെ വെള്ളക്കാരന്റെ ദൗത്യം’ എന്ന മൂടുപടത്തെ വലിച്ചുകീറാന്‍ ആഹ്വാനം ചെയ്ത് അദ്ദേഹം നിരന്തരം യാത്രകളും പ്രഭാഷണങ്ങളും നടത്തി. സ്വദേശി ശാസ്ത്ര പൈതൃകം വീണ്ടെടുക്കാന്‍ മാത്രമല്ല, ‘ശാസ്ത്രം’ എന്നാല്‍ യൂറോപ്യന്‍ സംഭാവനയാണെന്ന വിദ്യാസമ്പന്നന്റെ അന്ധവിശ്വാസത്തെ പൊളിച്ചെഴുതാന്‍ അദ്ദേഹം ശ്രമിച്ചു.
1927 ഡിസംബര്‍ 20 ന് അലഹബാദ് സര്‍വ്വകലാശാലയില്‍ ബിഭൂതി ദത്ത നടത്തിയ ഭാരതത്തിന്റെ ഗണിതചരിത്രം എന്ന പ്രഭാഷണമാണ് അവിടെ കൂടിയ പ്രൗഢസദസിന്റെ ആവശ്യപ്രകാരം പിന്നീട് പൗരാണിക ഹിന്ദുക്കളുടെ ഗണിത സംഭാവന എന്ന പേരില്‍ അലഹബാദ് സര്‍വ്വകലാശാല ജേര്‍ണലില്‍ ഖണ്ഡശഃ പ്രസീദ്ധീകരിച്ചത്.
1929 ല്‍ ജോലിയില്‍നിന്ന് വിരമിക്കുകയും വൈദിക ശാസ്ത്ര പഠനത്തോടൊപ്പം ആധ്യാത്മിക ജീവിതപാത സ്വീകരിച്ച് ജീവിക്കാനും തുടങ്ങി. 1933 ല്‍ സന്യാസ ജീവിതത്തിലേക്ക് പ്രവേശിക്കാന്‍ തീര്‍ച്ചപ്പെടുത്തിയ ബിഭൂതി ദത്ത തന്റെ പഠന ഫലങ്ങളും കൈയെഴുത്തു പ്രതികളും സര്‍വ്വകലാശാലയിലെ തന്റെ പിന്‍ഗാമിയും സുഹൃത്തുമായ അവധീഷ് നാരായണ്‍ സിംഗിന് (1901-1954) കൈമാറി. അവധീഷ് അവ സങ്കലനം നടത്തി മൂന്ന് ഭാഗങ്ങളായി പ്രസിദ്ധീകരിക്കാന്‍ തീര്‍ച്ചപ്പെടുത്തി. അങ്ങനെ ഹിസ്റ്ററി ഓഫ് ഹിന്ദു മാത്തമാറ്റിക്‌സ് – എ സോഴ്‌സ് ബുക്ക് എന്ന പേരില്‍ രണ്ട് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. ന്യൂമെറിക്കല്‍ നൊട്ടേഷന്‍ ആന്റ് അരിത്തമെറ്റീഷന്‍ എന്ന ഒന്നാം ഭാഗം 1934 ലും, ആള്‍ജിബ്ര എന്ന രണ്ടാം ഭാഗം 1935 ലും പ്രസിദ്ധീകൃതമായി. മൂന്നാം ഭാഗമായി തയ്യാറാക്കിയ കൈയെഴുത്ത് പിന്നീട് ഒരിക്കലും പ്രസിദ്ധീകരിച്ചില്ല എന്നതാണ് ദുഃഖസത്യം. ജ്യാമിതി, ത്രികോണമിതി, കാല്‍ക്കുലസ്, മാന്ത്രിക ചതുരങ്ങള്‍, ശ്രേണി സിദ്ധാന്തങ്ങള്‍, വെര്‍മുട്ടേഷന്‍ ആന്‍ഡ് കോമ്പിനേഷന്‍ തുടങ്ങിയവയായിരുന്നു ഈ ഭാഗത്തിന്റെ ഉള്ളടക്കം. 1938 ല്‍ ദത്ത സന്യാസ ദീക്ഷ സ്വീകരിച്ച് വിദ്യാരണ്യസ്വാമികള്‍ ആയി. തുടര്‍ന്നുള്ള 20 വര്‍ഷം അദ്ദേഹം ആധ്യാത്മിക സാധനയില്‍ മുഴുകി ജീവിച്ചു.
പത്ത് വര്‍ഷത്തെ ഇടവേളക്ക് ശേഷം വീണ്ടും ഭാരതീയ ഗണിതത്തെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് പുതുജീവന്‍ വച്ചു. രാമവര്‍മ്മ മരുമകന്‍ തമ്പുരാനും, എ.ആര്‍. അഖിലേശ്വര അയ്യരും ചേര്‍ന്ന് ജേഷ്ഠദേവന്റെ യുക്തിഭാഷക്ക് മലയാളത്തില്‍ ആധുനിക വ്യാഖ്യാന സഹിതം ഒരു പതിപ്പ് തൃശ്ശൂര്‍ മംഗളോദയം പ്രസ്സില്‍നിന്ന് 1948 ല്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. 1953 ല്‍ മറ്റൊരു പതിപ്പ് സര്‍ക്കാര്‍ ഓറിയന്റല്‍ മാനുസ്‌ക്രിപ്പ്റ്റ് ലൈബ്രറി മദ്രാസില്‍ നിന്ന് പ്രസിദ്ധീകരിച്ചു. ഇത് അബദ്ധജടിലവും ഒട്ടും അഭികാമ്യമല്ലാത്തതും ആയിരുന്നു എന്നാണ് പണ്ഡിത അഭിപ്രായം.
തിരുവെങ്കിടാചാരിയുടെയും പത്മാമ്മാളിന്റെയും മകനായാണ് 1903 ല്‍ രാജഗോപാലന്‍ മദിരാശിയില്‍ ജനിച്ചത്. 1925 ല്‍ മദിരാശി പ്രസിഡന്‍സി കോളേജില്‍ നിന്നു ഗണിതശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം അണ്ണാമലെ സര്‍വ്വകലാശാലയിലും മദ്രാസ് സര്‍വ്വകലാശാലയിലും അധ്യാപനം ആരംഭിച്ചു.
1951 ല്‍ രാമാനുജന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അഡ്‌വാന്‍സ്ഡ് സ്റ്റഡീസ് ഇന്‍ മാത്തമാറ്റിക്‌സ് എന്ന സ്ഥാപനത്തില്‍ ചേരുകയും 1955 ല്‍ അതിന്റെ മേധാവിയായി നിയോഗിക്കപ്പെടുകയും ചെയ്തു. ഇത് അദ്ദേഹത്തിന്റെ ഭാരതീയ ഗണിതത്തെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ക്ക് ഉയര്‍ന്ന പരിഗണന കിട്ടാന്‍ ഇടനല്‍കി. 1948 ലും 49 ലും രാജഗോപാലും സഹപ്രവര്‍ത്തകരും ഭാരതീയ ഗണിതചരിത്രത്തിന്റെ അവകാശ സ്ഥാപനത്തിനായി ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. നെഗ്ലറ്റഡ് ചാപ്‌റ്റേഴ്‌സ് ഓഫ് ഹിന്ദു മാത്തമാറ്റിക്‌സ് എന്ന പ്രബന്ധം 1949 ല്‍ സ്‌ക്രിപ്റ്റ മാത്തമാറ്റിക്ക’ എന്ന ലോകോത്തര ഗണിത ജേര്‍ണലില്‍ അദ്ദേഹം പ്രസിദ്ധീകരിച്ചു. അതേ സമയത്ത് തന്നെ റോയല്‍ ഏഷ്യാറ്റിക് സൊസൈറ്റിയുടെ ബംഗാള്‍ ഘടകത്തിലൂടെ ദ സൈന്‍ ആന്റ് കോസൈന്‍ പവര്‍ സീരിസ് ഇന്‍ ഹിന്ദു മാത്തമാറ്റിക്‌സ് എന്ന പേരിലും പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചു. എം.എസ്. രംഗാചാരിയുമായി ചേര്‍ന്ന് 1951 ല്‍ ഓണ്‍ ദ ഹിന്ദു പ്രൂഫ് ഓഫ് ഗ്രിഗറി സീരിസ് എന്ന പ്രബന്ധം വീണ്ടും സ്‌ക്രിപ്റ്റ മാത്തമാറ്റിക്കയില്‍ പ്രത്യക്ഷപ്പെട്ടു. 1970 ല്‍ മധ്യാകാല കേരളീയ ഗണിതത്തെക്കുറിച്ചും അദ്ദേഹം നിരന്തരം പ്രബന്ധങ്ങള്‍ എഴുതി. 80 ല്‍ അധികം ഗവേഷണ പ്രബന്ധങ്ങളിലൂടെ ഭാരതീയ ഗണിതത്തിന്റെ ഇന്നലെകളെ ആധുനിക പണ്ഡിത സമക്ഷം എത്തിക്കാന്‍ അദ്ദേഹം ശ്രമം നടത്തിക്കൊണ്ടിരുന്നു.
ദേശീയ ദൗത്യം എന്ന രീതിയില്‍ ഭാരതീയ ശാസ്ത്ര ചരിത്രം പുനര്‍രചിക്കാനുള്ള ശ്രമം ആരംഭിച്ചത് 1965 ന് ശേഷമാണ്. ആ വര്‍ഷത്തില്‍ ചരകസംഹിതയുടെ ഒരു ആധുനിക പതിപ്പ് പ്രസിദ്ധീകരിച്ചു. എ.കെ. ബാഗിന്റേയും രാജേശ്വരര്‍ ശര്‍മ്മയുടെയും സഹായത്താല്‍ സമരേന്ദ്രനാഥ് സെന്‍ (1918-1992) നിര്‍വ്വഹിച്ച മഹത്തായ ദൗത്യമായിരുന്നു 1966 ല്‍ ബിബ്ലിയോഗ്രഫി ദി സാന്‍സ്‌ക്രിറ്റ് വര്‍ക്‌സ് ഓണ്‍ ആസ്‌ട്രോണമി ആന്റ് മാത്തമാറ്റിക്‌സിന്റെ പ്രസിദ്ധീകരണം. തുടര്‍ന്ന് ഭാരതീയ ഗണിത ചരിത്രത്തിലെ മൗലിക കൃതികളായ ശുല്‍ബസൂത്രങ്ങള്‍, ആര്യഭടീയം തുടങ്ങി നിരവധി ഗ്രന്ഥങ്ങളുടെ വ്യാഖ്യാനങ്ങളും തര്‍ജ്ജമകളും പുറത്തുവന്നു.
പിന്നീട് കേരളീയ ഗണിതപദ്ധതിയെ കേന്ദ്രീകരിച്ച് കെ. വെങ്കിടശര്‍മ്മയുടെ (1919-2005) പ്രവര്‍ത്തനങ്ങളാണ് ഭാരതീയ ഗണിത ചരിത്രത്തിലെ കേരള സരണിക്ക് ചരിത്രത്തില്‍ പ്രത്യേക ഇടംകൊടുത്തത്. 1919 ല്‍ കേരളത്തില്‍ ചെങ്ങന്നൂരില്‍ ആയിരുന്നു ശര്‍മ്മയുടെ ജനനം എങ്കിലും തിരുവനന്തപുരത്തായിരുന്നു വിദ്യാഭ്യാസം. 1940 ല്‍ ഭൗതിക ശാസ്ത്രത്തിലും തുടര്‍ന്ന് 42 ല്‍ സംസ്‌കൃതത്തിലും തിരുവനന്തപുരം മഹാരാജാസ് കോളജില്‍നിന്ന് അദ്ദേഹം ഉയര്‍ന്ന മാര്‍ക്കോടെ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. തിരുവനന്തപുരം കേരള സര്‍വ്വകലാശാലയിലെ മാനുസ്‌ക്രിപ്റ്റ് ലൈബ്രറിയുടെ ചുമതല വഹിച്ചു. ഇത് താളിയോലകള്‍ ശേഖരിക്കുന്നതിലും വര്‍ഗ്ഗീകരിക്കുന്നതിലും പുതിയ സമീപനം സൃഷ്ടിച്ചു.
ഇക്കാലഘട്ടത്തില്‍ 50,000 ല്‍ അധികം താളിയോലകളും കൈയെഴുത്ത് പ്രതികളും അദ്ദേഹം വിവിധ സ്ഥലങ്ങളില്‍നിന്ന് സമാഹരിച്ചു. തുടര്‍ന്ന് പ്രമുഖ സംസ്‌കൃത പണ്ഡിതനായിരുന്ന വി. രാഘവന്റെ കീഴില്‍ മദ്രാസ് സര്‍വകലാശാലയുടെ സംസ്‌കൃത വിഭാഗത്തില്‍ സംസ്‌കൃത ഗ്രന്ഥങ്ങളുടെയും ഗ്രന്ഥകര്‍ത്താക്കളുടെയും പദസൂചി ഉണ്ടാക്കുന്ന പദ്ധതിയില്‍ പ്രവര്‍ത്തിച്ചു. ഇത് അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തില്‍ വഴിത്തിരിവ് സൃഷ്ടിച്ചു. അവിടെനിന്ന് ആരംഭിച്ച കേരളീയ ഗണിത പദ്ധതിയെക്കുറിച്ചുള്ള അന്വേഷണം 2005 ല്‍ മരണംവരെ അദ്ദേഹം തുടര്‍ന്നു.