തിരഞ്ഞെടുപ്പിന് സജ്ജമായി കണ്ണൂർ


കണ്ണൂർ :- തദ്ദേശ സ്ഥാപനങ്ങളിലേക്ക് 14-ന് നടക്കുന്ന തിരഞ്ഞെടുപ്പിന് ജില്ല പൂർണ സജ്ജമായതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ ടി.വി. സുഭാഷ്  അറിയിച്ചു. മുഴുവൻ ഒരുക്കങ്ങളും നടപടിക്രമങ്ങളും സുരക്ഷാക്രമീകരണങ്ങളും പൂർത്തിയായി.

ജില്ലയിൽ ആകെ 2,000,922 വോട്ടർമാരാണ് ഉള്ളത്. 931,400 പുരുഷൻമാരും 1,069,518 സ്ത്രീകളും നാല് ട്രാൻസ്ജെൻഡറുമാണ്. കണ്ണൂർ ജില്ലാ പഞ്ചായത്ത്, 11 ബ്ലോക്ക് പഞ്ചായത്തുകൾ, 71 ഗ്രാമപ്പഞ്ചായത്തുകൾ, കണ്ണൂർ കോർപ്പറേഷൻ, എട്ട്‌ നഗരസഭകൾ എന്നിവിടങ്ങളിലെ 1682 നിയോജക മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിനായി 96 റിട്ടേണിങ്‌ ഓഫീസർമാരെ നിയോഗിച്ചുകഴിഞ്ഞു. 2463 പോളിങ് ബൂത്തുകൾ വോട്ടെടുപ്പിനായി ഒരുക്കിയിട്ടുണ്ട്.

ബൂത്തുകളിൽ വെബ്കാസ്റ്റ് സംവിധാനം

പ്രശ്നസാധ്യതയുള്ള 940 ബൂത്തുകളിൽ വെബ്കാസ്റ്റ് സംവിധാനം ഏർപ്പെടുത്തി. 500-ലധികം ബൂത്തുകളിൽ വീഡിയോ ചിത്രീകരണത്തിനുള്ള സൗകര്യവും. ആവശ്യമായ ഇടങ്ങളിൽ കമാൻഡോകൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

വോട്ടിങ് യന്ത്രങ്ങളുടെ കമ്മിഷനിങ് പൂർത്തിയായി. തിരഞ്ഞെടുപ്പ് സാമഗ്രികൾ 13-ന് വിതരണം ചെയ്യും. കോവിഡ് പശ്ചാത്തലത്തിൽ തിരക്ക് ഒഴിവാക്കാൻ നിശ്ചിത തദ്ദേശ സ്ഥാപനങ്ങൾക്ക് പ്രത്യേക സമയക്രമം അനുവദിക്കും. 12315 ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ ജോലികൾക്കായി നിയോഗിച്ചു.

പതിനായിരത്തിലേറെ പോലീസ് സേനാംഗങ്ങൾക്കാണ് സുരക്ഷാചുമതല. കോവിഡിന്റെ പശ്ചാത്തലത്തിൽ നാലായിരത്തോളം ആരോഗ്യ വകുപ്പ് ജീവനക്കാരും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാണ്. 16 നോഡൽ ഓഫീസർമാർക്കാണ് ഏകോപനച്ചുമതല.

3849 സ്‌പെഷ്യൽ തപാൽ ബാലറ്റുകൾ

കോവിഡ്- പെരുമാറ്റച്ചട്ടം അനുസരിച്ചുള്ള തിരഞ്ഞെടുപ്പായതിനാൽ ഉദ്യോഗസ്ഥർക്ക് പി.പി.ഇ. കിറ്റ്, ഫെയ്സ് ഷീൽഡ്, എൻ-95 മാസ്‌ക്, സാനിറ്റൈസർ, ഗ്ലൗസ്, തുടങ്ങിയ സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു.

കോവിഡ് ബാധിതർക്കും ക്വാറന്റീനിൽ കഴിയുന്നവർക്കുമുള്ള സ്‌പെഷ്യൽ തപാൽ ബാലറ്റുകളുടെ വിതരണം പുരോഗമിക്കുന്നു. ആരോഗ്യവകുപ്പിന്റെ പട്ടികയിലുൾപ്പെട്ട 7746 വോട്ടർമാരിൽ 3849 പേർക്ക് സ്‌പെഷ്യൽ തപാൽ ബാലറ്റുകൾ വിതരണം ചെയ്തുകഴിഞ്ഞു.

തിരഞ്ഞെടുപ്പിന്റെ തലേദിവസം മൂന്നുമണിവരെ കോവിഡ് പോസിറ്റീവാകുന്നവർക്കും ക്വാറന്റീനിൽ പോകുന്നവർക്കുമാണ് സ്‌പെഷ്യൽ തപാൽ ബാലറ്റ് വഴി വോട്ട് ചെയ്യാനാവുക. തലേന്ന് മൂന്നുമണിക്കുശേഷം പട്ടികയിൽ പെടുന്നവർക്ക് പോളിങ് ബൂത്തിൽ ചെന്ന് വോട്ട് രേഖപ്പെടുത്താനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.

ഇവർ വൈകീട്ട് അഞ്ചിനും ആറിനുമിടയിലാണ് പോളിങ് സ്റ്റേഷനിലെത്തേണ്ടത്. ആറുമണിവരെ എത്തിയ മറ്റ് മുഴുവൻ വോട്ടർമാരും വോട്ട് രേഖപ്പെടുത്തിയ ശേഷമേ സ്‌പെഷ്യൽ വോട്ടർമാർക്ക് വോട്ട് ചെയ്യാനാവൂ. ആറുമണി കഴിഞ്ഞെത്തുന്നവരെ വോട്ട് ചെയ്യാൻ അനുവദിക്കില്ല.

സമ്പർക്കം ഒഴിവാക്കണം

സ്‌പെഷ്യൽ വോട്ടർമാരും അല്ലാത്തവരും പോളിങ് ബൂത്തിൽവെച്ച് സമ്പർക്കത്തിൽ വരുന്ന സാഹചര്യം ഉണ്ടാവില്ല. സ്‌പെഷ്യൽ വോട്ടർമാർ വോട്ടുചെയ്യുന്നതിന് മുമ്പ് പി.പി.ഇ. കിറ്റ് ധരിക്കുന്നതുൾപ്പെടെയുള്ള കോവിഡ് സുരക്ഷാ മുൻകരുതലുകൾ പോളിങ് ഉദ്യോഗസ്ഥൻമാർ കൈക്കൊള്ളണം.

സ്‌പെഷ്യൽ വോട്ടർമാർ എൻ-95 മാസ്‌ക്കും ഗ്ലൗസും ധരിച്ചാണ് വോട്ട് ചെയ്യാൻ എത്തേണ്ടത്. പുറത്തുനിന്നെത്തുന്നവർ എൻ-95 മാസ്‌ക് ധരിക്കണം.

വോട്ട് രേഖപ്പെടുത്തുന്നതിനായി മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വോട്ടർമാർ എൻ-95 മാസ്‌ക് ധരിച്ചാണ് പോളിങ് സ്‌റ്റേഷനിലെത്തേണ്ടതെന്ന് കളക്ടർ നിർദേശിച്ചു.

മറ്റുള്ളവരുമായുള്ള സമ്പർക്കം പരമാവധി ഒഴിവാക്കണം. ഇവർ സംസ്ഥാന അതിർത്തിയിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിർബന്ധമില്ല. ഏഴ് ദിവസത്തിലധികം നാട്ടിൽ തങ്ങുന്നവർ നിശ്ചിത ദിവസം ക്വാറന്റീൽ കഴിയണമെന്നും കളക്ടർ വ്യക്തമാക്കി.

Previous Post Next Post