തദ്ദേശ തെരഞ്ഞെടുപ്പിന്റെ നടപടി ക്രമങ്ങള്‍ നിരീക്ഷിക്കാനും കൃത്യമായ വിവരങ്ങള്‍ വേഗത്തിലറിയാനും പോള്‍ മാനേജര്‍ ആപ്പ്. ജില്ലയിലെ എല്ലാ പോളിംഗ് സ്റ്റേഷനുകളില്‍ നിന്നുമുള്ള വോട്ടെടുപ്പ് സംബന്ധിച്ച വിവരങ്ങള്‍ പോള്‍ മാനേജറിലൂടെ തത്സമയം അറിയാന്‍ കഴിയും.
നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററാണ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും ലോക്‌സഭ തെരഞ്ഞെടുപ്പിലും പോള്‍ മാനേജര്‍ ഉപയോഗിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ആദ്യമായാണ് ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നത്. പ്രിസൈഡിംഗ് ഓഫീസര്‍, ഫസ്റ്റ് പോളിംഗ് ഓഫീസര്‍ എന്നിവരാണ് ആപ്ലിക്കേഷന്‍ ഉപയോഗിക്കുക. ഒ ടി പി നമ്പര്‍ ഉപയോഗിച്ച് ആപ്ലിക്കേഷന്‍ തുറക്കാം. നെറ്റ് വര്‍ക്ക് ഇല്ലാത്ത ബൂത്തുകളിലെ വിവരങ്ങള്‍ ബന്ധപ്പെട്ട സെക്ടര്‍ ഓഫീസര്‍മാര്‍ ശേഖരിച്ച് അപ്‌ഡേറ്റ് ചെയ്യും.
വോട്ടിംഗ് മെഷീനുകള്‍ വിതരണ കേന്ദ്രങ്ങളില്‍ എത്തുന്നതു മുതല്‍ വോട്ടെടുപ്പ് കഴിഞ്ഞ് കലക്ഷന്‍ സെന്ററില്‍ എത്തിക്കും വരെയുള്ള എല്ലാ വിവരങ്ങളും ആപ്പില്‍ ലഭിക്കും. വോട്ടെടുപ്പിന്റെ തലേ ദിവസവും വോട്ടെടുപ്പ് ദിവസവുമാണ് ഇത് ഉപയോഗിക്കുക. ഓരോ മണിക്കൂറിലുമുള്ള പോളിംഗ് ശതമാനമടക്കമുള്ള വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തും.
മുന്‍കൂട്ടി തയ്യാറാക്കിയ 21 ചോദ്യങ്ങളാണ് ആപ്ലിക്കേഷനില്‍ ഉണ്ടാകുക. പോളിംഗ് ഉദ്യോഗസ്ഥര്‍ പുറപ്പെടുന്നതു മുതല്‍ തിരികെയെത്തും വരെയുള്ള വിവരങ്ങള്‍ ഈ ചോദ്യങ്ങളെ അടിസ്ഥാനപ്പെടുത്തി രേഖപ്പെടുത്തും.
ഒബ്‌സര്‍വര്‍, ഇലക്ഷന്‍ ഓഫീസര്‍, റിട്ടേണിംഗ് -അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍, പോലീസ് തുടങ്ങിയവരുടെ കോണ്‍ടാക്റ്റ് നമ്പറുകള്‍ ഇതില്‍ ഉണ്ടാകും. വോട്ടിംഗ് മെഷീന്‍ തകരാറുകളോ, ക്രമസമാധാന പ്രശ്‌നങ്ങളോ മൂലം ഏതെങ്കിലും പോളിംഗ് സ്റ്റേഷനില്‍ പോളിംഗ് തടസ്സപ്പെട്ടാല്‍ എസ് എം എസ് വഴി വിവരങ്ങള്‍ കൈമാറാന്‍ സാധിക്കുമെന്ന് ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ ആന്‍ഡ്രൂസ് വര്‍ഗീസ് പറയുന്നു.
ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട pollmanager.kerala.gov.in എന്ന വെബ് പോര്‍ട്ടലിലും ഉണ്ട്. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഇലക്ഷന്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ക്ക് വെബ് പോര്‍ട്ടല്‍ ഉപയോഗിക്കാം. നെറ്റ് വര്‍ക്ക് കവറേജ് ഇല്ലാത്ത ഘട്ടങ്ങളില്‍ പോള്‍ മാനേജറില്‍ അപ്‌ഡേറ്റ് ചെയ്യാന്‍ പറ്റാത്ത വിവരങ്ങള്‍ റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് പോര്‍ട്ടലില്‍ അപ്‌ഡേറ്റ് ചെയ്യാം. പോള്‍ മാനേജര്‍ ആപ്പ് ഉപയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ജില്ല നോഡല്‍ ഓഫീസര്‍മാര്‍ ശേഖരിക്കും.