ആദ്യഘട്ടം രജിസ്റ്റർ ചെയ്തത് 27,233 പേർ
കണ്ണൂർ :- ജില്ലയിൽ ഒൻപത് ആരോഗ്യകേന്ദ്രങ്ങളിൽ ആദ്യദിനം കോവിഡ് വാക്സിൻ കുത്തിവെപ്പ് നടക്കും. കോവിഡ് രോഗികളെ പരിചരിക്കേണ്ടതിനാൽ ആരോഗ്യപ്രവർത്തകർക്കാണ് ആദ്യഘട്ടത്തിൽ വാക്സിനേഷൻ നൽകുക. സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന 10,563-ഉം സ്വകാര്യ മേഖലയിലെ 10,670-ഉം ആരോഗ്യപ്രവർത്തകരടക്കം 27,233 പേർ ഇതിനകം വാക്സിൻ ലഭിക്കുന്നതിനായി രജിസ്റ്റർചെയ്തിട്ടുണ്ട്. സർക്കാർ മേഖലയിൽ 100 കേന്ദ്രങ്ങളിലും സ്വകാര്യമേഖലയിൽ 20 കേന്ദ്രങ്ങളിലും കുത്തിവെപ്പിനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
ജില്ലാ, ബ്ലോക്ക് ടാസ്ക് ഫോഴ്‌സ് അംഗങ്ങൾക്കും ജില്ലാ പ്രോഗ്രാം ഓഫീസർമാർക്കുമായുള്ള ജില്ലാതല ശില്പശാല ഓൺലൈനായി നടത്തി. ജില്ലാ ആർ.സി.എച്ച്. ഓഫീസർ ഡോ. ബി.സന്തോഷ് ക്ലാസെടുത്തു. ഡെപ്യൂട്ടി കളക്ടർ (ദുരന്ത നിവാരണം) വി.എസ്.ബിനു, ജില്ലാ മെഡിക്കൽ ഓഫീസർ ഇൻചാർജ് ഡോ. എം.പ്രീത, അഡീഷണൽ പോലീസ് സൂപ്രണ്ട് പ്രജീഷ് തോട്ടത്തിൽ തുടങ്ങിയവർ പങ്കെടുത്തു.
കുത്തിവെപ്പ് കേന്ദ്രങ്ങൾ ഇവ
കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്
ജില്ലാ ആസ്പത്രി, കണ്ണൂർ
ഇരിട്ടി താലൂക്ക് ആസ്പത്രി
പാനൂർ താലൂക്ക് ആസ്പത്രി
മയ്യിൽ സാമൂഹികാരോഗ്യകേന്ദ്രം
കതിരൂർ കുടുംബാരോഗ്യകേന്ദ്രം
തേർത്തല്ലി കുടുംബാരോഗ്യകേന്ദ്രം
കൊട്ടിയൂർ കുടുംബാരോഗ്യകേന്ദ്രം
ചെറുകുന്ന് ഗവ. ആയുർവേദ ആസ്പത്രി