കണ്ണൂർ :- കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉത്സവാഘോഷങ്ങള്‍ക്കും കലാസാംസ്കാരിക പരിപാടികള്‍ക്കും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ്. ഇളവുകള്‍ക്കനുസൃതമായി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഉത്സവാഘോഷ പരിപാടികളും, കലാ സാംസ്കാരിക പരിപാടികളും നടത്താമെന്ന് ദുരന്തനിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കലക്ടര്‍ ടിവി സുഭാഷ് അറിയിച്ചു. കര്‍ശനമായ ഉപാധികളോടെയാണ് പരിപാടികള്‍ക്കും ആഘോഷങ്ങള്‍ക്കും ഇളവുകള്‍ അനുവദിച്ചത്.ഹാളുകളിലും പുറത്തും സംഘടിപ്പിക്കുന്ന വലിയ സാംസ്കാരിക പരിപാടികള്‍ക്ക് ടിക്കറ്റോ പാസോ ഏര്‍പ്പെടുത്തി മാത്രമേ കാണികളെ പ്രവേശിപ്പിക്കാവൂ. മാസ്ക്, സാനിറ്റൈസര്‍, സാമൂഹിക അകലം തുടങ്ങിയ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കണം. തെരുവ് നാടകമുള്‍പ്പെടെയുള്ള ചെറു പരിപാടികള്‍ക്ക് പാസും ടിക്കറ്റും ആവശ്യമില്ല. എന്നാല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. പരമ്പരാഗത കലാരൂപങ്ങളും അനുഷ്ഠാനങ്ങളും ഉത്സവങ്ങളും മതപരമായ ആഘോഷത്തോടനുബന്ധിച്ചുള്ള കലാപരിപാടികളും കര്‍ശനമായ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് നടത്താവുന്നതാണ്. ഇന്‍ഡോര്‍ പരിപാടികളില്‍ പരമാവധി 100 പേര്‍ക്കും ഔട്ട്ഡോര്‍ പരിപാടികളില്‍ പരമാവധി 200 പേര്‍ക്കും പങ്കെടുക്കാം.
സിനിമാ തിയേറ്ററുകളില്‍ ആകെ സീറ്റിന്റെ അമ്പത് ശതമാനം പേരെ മാത്രമേ പ്രവേശിപ്പിക്കാവൂ. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് കൊണ്ടാവണം പ്രവേശനം. തൊട്ടടുത്ത സീറ്റുകള്‍ ഒഴിച്ചിടണം. സാമൂഹിക അകലം ഉറപ്പുവരുത്തും വിധം സീറ്റുകളില്‍ ക്രമീകരണമുണ്ടാക്കണമെന്നും നിര്‍ദേശമുണ്ട്.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന കായിക താരങ്ങളുടെ നീന്തല്‍ പരിശീലനങ്ങളും പുനരാരംഭിക്കാം. പരിശീലനത്തിനെത്തുന്നവര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. നീന്തല്‍ കുളങ്ങള്‍ പതിവായി അണുനശീകരണം നടത്തേണ്ടതാണ്.
എക്സിബിഷന് ഹാളുകള്‍ ബിസിനസ് ആവശ്യങ്ങള്‍ക്കു മാത്രം തുറക്കാം. എന്നാല്‍ ഇവിടെ പൊതുജനങ്ങളെ പ്രവേശിപ്പിക്കാന്‍ പാടില്ല. 10, 12 ക്ലാസുകളിലെ പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കുള്ള ഹോസ്റ്റലുകള്‍ കൊവിഡ് മാനദണ്ഡപ്രകാരം പ്രവര്‍ത്തിപ്പിക്കാം. ഇതു സംബന്ധിച്ച് ആരോഗ്യ വകുപ്പ് പുറത്തിറക്കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും കലക്ടര്‍ ഉത്തരവില്‍ പറയുന്നു.
ഉത്സവങ്ങള്‍, പരിപാടികള്‍, കലാപ്രദര്‍ശനങ്ങള്‍ എന്നിവയുടെ സംഘാടകര്‍ക്കായിരിക്കും കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ നടപ്പാക്കാനുള്ള ഉത്തരവാദിത്തം.
പൊതുചടങ്ങുകളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായി സെക്ടറല്‍ മജിസ്ട്രേറ്റുമാരെയും പൊലീസിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനം സംബന്ധിച്ച വിവരങ്ങള്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുന്നതായിരിക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.