പറശ്ശിനിക്കടവിൽ വാട്ടർ ടാക്സി സർവീസ് ഇന്നു മുതൽ


പറശ്ശിനിക്കടവ്: പറശ്ശിനിക്കടവിൽ ഉദ്ഘാടനം ചെയ്ത വാട്ടർ ടാക്സി യാത്രക്കാർക്കായി ശനിയാഴ്ച മുതൽ ഓടിത്തുടങ്ങും. നേരത്തേ ബുക്ക് ചെയ്ത സംഘത്തിനു വേണ്ടിയാണ് ഉച്ചയ്ക്ക് രണ്ടിന് ആദ്യസർവീസ് നടത്തുന്നത്. വൈകീട്ട് ആറിന് ഈ യാത്ര സമാപിക്കും. ഞായറാഴ്ച മുതൽ എല്ലാ ദിവസവും രാവിലെ ഏഴു മുതൽ വൈകീട്ട് ഏഴുവരെയാകും വാട്ടർ ടാക്സിയുടെ സർവീസ്. ടാക്സിയ്ക്ക് വേണ്ടി വിളിക്കേണ്ട നമ്പർ നേരത്തേ തന്നെ ജലഗതാഗത വകുപ്പ് പുറത്തിറക്കിയിരുന്നു. ഇതുപ്രകാരം നിരവധി പേരാണ് ബുക്കുചെയ്യാൻ വിളിച്ചത്.


ബോട്ട് ഓടിത്തുടങ്ങുന്ന ശനിയാഴ്ച മുതൽ എല്ലാത്തരം ബുക്കിങ്ങും സ്വീകരിക്കും. മണിക്കൂറിൽ 30 കിലോ മീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ബോട്ടിൽ 10 പേർക്ക് യാത്രചെയ്യാം. 1500 രൂപയാണ് ഒരുമണിക്കൂർ യാത്രയുടെ നിരക്ക്. അരമണിക്കൂറിന് 750 രൂപ. ടാക്സി മാതൃകയിലാകും സർവീസ്. വിളിക്കുന്ന സ്ഥലത്ത് പോയി യാത്രക്കാരെ കയറ്റി ലക്ഷ്യസ്ഥാനത്തെത്തിക്കും. 


വിളിക്കേണ്ട നമ്പർ: 9400050340


വരും 'വേഗ 3'


'വേഗ' ശ്രേണിയിൽപ്പെട്ട എ.സി.ബോട്ടാണ് പറശ്ശിനിക്കടവിൽ അടുത്തതായി എത്തുക. വേഗ ഒന്ന്, രണ്ട് ശ്രേണിയിലുള്ള ബോട്ടുകൾ ആലപ്പുഴ, എറണാകുളം ജില്ലകൾക്കാണ് അനുവദിച്ചിരുന്നത്. വേഗ മൂന്ന് പറശ്ശിനിക്കടവിന് അനുവദിക്കാനാണ് ധാരണ.120 പേർക്ക് യാത്രചെയ്യാവുന്ന ബോട്ടാണ് വേഗ.


പറശ്ശിനിക്കടവ് നിന്ന് മലപ്പട്ടം, മാട്ടൂൽ ഭാഗങ്ങളിലേക്കാകും ബോട്ട് സർവീസ് നടത്തുക. എന്നാൽ  മലപ്പട്ടം ഭാഗത്തേക്കുള്ള പാതയിൽ ചിലയിടങ്ങളിൽ ആഴം കുറവായതിനാൽ ബോട്ടിന് വേണ്ടത്ര വേഗത്തിൽ സഞ്ചരിക്കാനാകാത്ത പ്രശ്നമുണ്ട്. ഉദ്ഘാടന ദിവസം പറശ്ശിനിക്കടവിൽ നിന്ന് മലപ്പട്ടത്ത് എത്താൻ ബോട്ട് ഒരുമണിക്കൂർ 10 മിനുട്ട് സമയമെടുത്തു. മാട്ടൂൽ ഭാഗത്തെപ്പോലെ പ്രകൃതി സൗന്ദര്യം ആസ്വദിച്ച് യാത്ര ചെയ്യാവുന്ന റൂട്ടാണ് പറശ്ശിനിക്കടവ്-മലപ്പട്ടവും.


വേണം, താമസ സൗകര്യം


പറശ്ശിനിക്കടവിലെ ബോട്ടു ജീവനക്കാരിൽ ഭൂരിഭാഗം പേരും മറ്റ് ജില്ലകളിലുള്ളവരാണ്. നിലവിൽ ഓഫീസ് ഉൾപ്പെടെ പ്രവർത്തിക്കുന്ന വാടകക്കെട്ടിടത്തിലാണ് ജീവനക്കാർ രാത്രി താമസിക്കുന്നത്. സൗകര്യങ്ങൾ തീരെയില്ലാത്തതിനാൽ വളരെ പ്രയാസപ്പെട്ടാണ് ഇവർ ഇവിടെ കഴിയുന്നത്. അടിയന്തരമായി സൗകര്യപ്രദമായി സ്വന്തം കെട്ടിടം വേണമെന്നാണ് ജീവനക്കാരുടെ ആവശ്യം.

Previous Post Next Post