അറുപതുവയസുകഴിഞ്ഞവർക്കും 45 വയസിന് മുകളിലുള്ള അസുഖ ബാധിതർക്കും തിങ്കളാഴ്ച മുതൽ കൊവിഡ് വാക്സിൻ വിതരണം ചെയ്യുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. സർക്കാർ കേന്ദ്രങ്ങളിൽ സൗജന്യമായിട്ടായിരിക്കും വാക്സിൻ വിതരണം ചെയ്യുന്നത്. വാക്സിൻ വിതരണത്തിന് 10000 കേന്ദ്രങ്ങളാണ് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. ഇരുപതിനായിരം സ്വകാര്യ കേന്ദ്രങ്ങളിലും വാക്സിൻ വിതരണം ചെയ്യുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ അറിയിച്ചു. സ്വകാര്യ കേന്ദ്രങ്ങളിൽ നിന്ന് വാക്സിൻ സ്വീകരിക്കുന്നവർ പണം നൽകേണ്ടിവരും. വാക്സിന്റെ വിലയെക്കുറിച്ച് ആശുപത്രികളുമായും വാക്സിൻ നിർമ്മാതാക്കളുമായും ആലോചിച്ചശേഷം തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു
മാർച്ച് ഒന്നിന് തുടങ്ങുന്ന ഘട്ടത്തിലൂടെ 27 കോടി പേർക്ക് വാക്സിൻ നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിലവിൽ 1.19 കോടി ആളുകളാണ് രാജ്യത്ത് വാക്സിൻ സ്വീകരിച്ചത്. ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് മുന്നണി പോരാളികൾക്കുമാണ് രാജ്യത്ത് ഇപ്പോൾ വാക്സിൻ നൽകിക്കൊണ്ടിരിക്കുന്നത്.ജനുവരി 16 മുതലാണ് രാജ്യത്ത് കൊവിഡ് വാക്സിൻ വിതരണം കേന്ദ്രസർക്കാർ ആരംഭിച്ചത്. 3 കോടി ആരോഗ്യപ്രവർത്തകർക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വാക്സിൻ വിതരണം ഉദ്ഘാടനം ചെയ്തത്.