നാടകങ്ങൾക്കും നാടൻ കലാകാരൻമാർക്കുമായുള്ള യുവാവിന്റെ വേറിട്ട ജിവിതം ശ്രദ്ധേയമാകുന്നു


മയ്യിൽ: മയ്യിൽ കയരളം ഒറപ്പടിയിലെ ജിജു ഒറപ്പടിയാണ് തന്റെ ജീവിതത്തിലെ സമ്പാദ്യം മുഴുവൻ നാടകത്തിനും കലാകാരന്മാർക്കുമായി മാറ്റിവെക്കുന്നത്. കുട്ടിക്കാലം മുതൽ നാടകത്തെ നെഞ്ചേറ്റി നാടകാഭിനയവും പരിശീലനവുമായി കഴിഞ്ഞ ജിജു നാലുവർഷം മുമ്പ് അഥീന നാടക-നാട്ടറിവ് വീട് എന്ന സ്ഥാപനം സ്ഥാപിക്കുകയായിരുന്നു.

മയ്യിൽ-മുല്ലക്കൊടി റൂട്ടിലെ ഒറപ്പടിയിലാണിത്. നാടകങ്ങളെയും നാടൻകലകളെ സ്നേഹിക്കുന്നവർക്കുമായി ഒത്തുചേരാനും കൂട്ടുകൂടാനുമായാണ് ലക്ഷങ്ങൾ ചെലവിട്ട് നാട്ടറിവ് വീട് പണിതത്. കേരളീയ കലാരൂപങ്ങൾ, നാടകചരിത്രം എന്നിവ രേഖപ്പെടുത്തിയതാണ് ഈ കെട്ടിടം.

ഇതിനകം ചെറുതും വലുതുമായ മുപ്പതിലധികം നാടകങ്ങൾ, അഞ്ച് നാടൻപാട്ട് മേളകൾ, നിരവധി വിൽകലാമേളകൾ, സംഗീതശില്പങ്ങൾ, പഠനക്കളരികൾ, സെമിനാറുകൾ, ശില്പശാലകൾ, സമ്മേളനങ്ങൾ എന്നിവയ്ക്ക് അഥീനയുടെ അകത്തളം വേദിയായിക്കഴിഞ്ഞു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്നുള്ള നാടക-നാടൻകലാ പ്രവർത്തകർ, സിനിമാ പ്രവർത്തകർ, സിനിമാ സംവിധായകർ എന്നിവരും ഇവിടെ വിശ്രമിക്കാനും താമസിക്കാനുമെത്താറുണ്ട്. അഥീനയിൽനിന്ന്‌ നാടകാഭിനയത്തിലൂടെ ഒട്ടേറെ വിദ്യാർഥികളെയാണ്‌ ജിജു ഒറപ്പടി കലാലോകത്തിലെത്തിച്ചിട്ടുള്ളത്. കരിവെള്ളൂർ മുരളിയാണ് നാലുവർഷംമുമ്പ് അഥീനയുടെ ഉദ്ഘാടനം നിർവഹിച്ചത്. അതിനുമുമ്പ് സ്വന്തം വീട്ടുമുറ്റംതന്നെ നാടകത്തിനായി സജ്ജമാക്കിയായിരുന്നു ജിജുവിന്റെ പ്രവർത്തനം. കയരളത്തെ പരേതനായ കണ്ടത്തിൽ കുമാരന്റെയും കെ.ശാരദയുടെയും മകനാണ് ജിജു. ഭാര്യ ശിശിര കാരായി. ഏക മകൾ വൈഖരി സാവൻ.

Previous Post Next Post