എസ്.ഡി.പി.ഐ വാഹന പ്രചരണ ജാഥ നാറാത്ത് പഞ്ചായത്തില്‍ പര്യടനം നടത്തി
നാറാത്ത്: 'ധ്രുവീകരണ രാഷ്ട്രീയത്തിനെതിരേ ജനകീയ ബദല്‍' എന്ന സന്ദേശം ഉയര്‍ത്തി കെ കെ അബ്ദുല്‍ ജബ്ബാര്‍ നയിക്കുന്ന എസ്.ഡി.പി.ഐ. അഴീക്കോട് മണ്ഡലം വാഹന പ്രചരണ ജാഥ നാറാത്ത് പഞ്ചായത്തില്‍ പര്യടനം നടത്തി. അടിസ്ഥാന പ്രശ്‌നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിട്ട് അധികാരത്തിന് വേണ്ടി ഇടതും, വലതും മുന്നണികള്‍ ധ്രുവീകരണ രാഷ്ട്രീയമാണ് പയറ്റുന്നതെന്നും രാജ്യത്ത് ഫാഷിസ്റ്റ് ഭരണകൂടം നടത്തുന്ന ചെയ്തികള്‍ക്കെതിരേ ജനകീയ പ്രതിരോധം ആവശ്യമാണെന്നും കെ കെ അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു. ജാഥയുടെ മൂന്നാം ദിനം കണ്ണാടിപ്പറമ്പില്‍ നിന്ന് തുടങ്ങി വാരം റോഡ്, പുല്ലൂപ്പി, മാലോട്ട്, ആറാംപിടിക, ടിസി ഗേറ്റ് എന്നിവിടങ്ങളിലെ സ്വീകരണശേഷം കമ്പില്‍ നിന്നും നാറാത്ത് കാല്‍ നട ജാഥയോടെ സമാപിച്ചു. സമാപന പൊതു യോഗത്തില്‍ ജില്ലാ കമ്മിറ്റി അംഗം ഹാറൂണ്‍ കടവത്തൂര്‍ പ്രസംഗിച്ചു. ഇന്ത്യ മുഴുവന്‍ പ്രതിരോധം തീര്‍ത്ത് ജനകീയ ബദല്‍ തീര്‍ക്കുന്ന എസ്.ഡി.പി.ഐയാണ് യഥാര്‍ത്ഥത്തില്‍ പ്രതിപക്ഷത്ത് നിലയുറപ്പിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ മഷ്ഹൂദ് കണ്ണാടിപ്പറമ്പ്, ഫാറൂഖ് കക്കാട് തുടങ്ങിയവര്‍ സംസാരിച്ചു. കാല്‍നട ജാഥയ്ക്ക് അഴീക്കോട് മണ്ഡലം വൈസ് പ്രസിഡന്റ് അബ്ദുല്ല നാറാത്ത്, നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് എം ടി ഹനീഫ, സെക്രട്ടറി പി പി റാഫി, മൂസാന്‍ കമ്പില്‍, മുനീര്‍ കമ്പില്‍, അബ്ദുല്‍ ഖാദര്‍ പുല്ലൂപ്പി, അമീന്‍ മാലോട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.