പ്രതീക്ഷയുടെ വെളിച്ചമേകി ഇന്ന് ഈസ്റ്റര്‍


കോവിഡ് മഹാമാരിയുണ്ടാക്കിയ ദുരിത കാലത്തിലും പ്രതീക്ഷയുടെ വെളിച്ചമേകി ഇന്ന് ഈസ്റ്റര്‍. ഉപവാസത്തിന്റെയും പ്രാര്‍ഥനയുടെയും വഴികളിലൂടെ ഞായറാഴ്ച വിശ്വസി സമൂഹം യേശുവിന്റെ ഉയിര്‍പ്പ് തിരുനാള്‍ ആഘോഷിക്കുന്നു. പീഡാനുഭവങ്ങള്‍ക്കും കുരിശുമരണത്തിനും ശേഷം ലോകത്തിന് പ്രത്യാശയേകി ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റതിന്റെ സന്തോഷത്തിലാണ് ഞായറാഴ്ച ഈസ്റ്റര്‍ ആഘോഷിക്കുന്നത്.നോമ്പിന്റെയും പ്രായശ്ചിത്തത്തിന്റെയും അരൂപിയിലാണ് വിശ്വാസികള്‍ വിശുദ്ധ വാരം ആചരിക്കുന്നത്.

ഉത്ഥിതനായ ക്രിസ്തു മനസില്‍ ജീവിക്കുമ്പോള്‍ വിശ്വാസികളില്‍ നിന്ന് സ്നേഹത്തിന്റെയും കരുണയുടെയും നീര്‍ച്ചാല്‍ ഒഴുകും. നോമ്പിന്റെ ദിവസങ്ങളില്‍ കുരിശിന്റെ വഴി, ഉപവാസം, തീര്‍ഥാടനങ്ങള്‍, ധ്യാനങ്ങള്‍ എന്നിവ ഉള്‍പ്പെടെ വിപുലമായ പരിപാടികളാണ് ദേവാലയങ്ങളില്‍ നടന്നത്. ക്രിസ്തു ഉയിര്‍ത്തതിന്റെ സ്മരണയില്‍ ഞായറാഴ്ച ഈസ്റ്റര്‍ ആചരിക്കുന്നതോടെ വിശുദ്ധവാരാചരണം സമാപിക്കും.

പ്രതീക്ഷയുടെയും പ്രത്യാശയുടെയും വലിയ അനുഭവമാണ് ഈസ്റ്റര്‍ നല്‍കുന്നതെന്ന് യാക്കോബായ സഭാ തലവന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കതോലിക്ക ബാവ പറഞ്ഞു. 'മനുഷ്യരാശിയുടെ നിലനില്‍പ്പിന് പോലും ഭീഷണിയായി തീര്‍ന്ന കോവിഡ് എന്ന മഹാമാരി മനുഷ്യന്റെ സാധാരണ ജീവിതത്തെപ്പോലും മാറ്റിമറിച്ചു. എത്രയോ വിലപ്പെട്ട ജീവനുകളാണ് നമുക്ക് നഷ്ടപ്പെട്ടത്. അപ്പോള്‍ത്തന്നെ, പരസ്പരം കൂടുതല്‍ അറിയുവാനും സഹവര്‍ത്തിത്വത്തോടെ കഴിയുവാനും നമുക്ക് സാധിച്ചു. സഹജീവികളെപ്പോലും കൂടുതലായി കരുതുവാനും സ്‌നേഹിക്കുവാനും നമുക്ക് കഴിഞ്ഞത് എത്രയോ അനുഗ്രഹകരമായ അവസ്ഥയാണ്. ആശ്വാസകരമായ അവസ്ഥയിലേക്ക് ലോകം മാറുന്നു എന്നതില്‍ നമുക്ക് ദൈവത്തെ സ്തുതിക്കാം, അപ്പോള്‍ത്തന്നെ, കരുതലോടെ പരസ്പരം അറിഞ്ഞ് ദൈവത്തോട് കൂടുതല്‍ അടുത്ത് ജീവിക്കുവാന്‍ നമുക്ക് സാധിക്കണം'-  ഈസ്റ്റര്‍ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.

കോവിഡ് 19-ന്റെ ആഘാതത്തില്‍പ്പെട്ട് ഉഴലുന്നവര്‍ക്ക് ക്രിസ്തുവിന്റെ ഉത്ഥാനം പ്രത്യാശ നല്‍കുന്നുവെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. 'വൈറസ് ബാധയില്‍നിന്ന് രക്ഷപ്പെട്ടു വരികയാണെങ്കിലും ഇതിന്റെ വകഭേദങ്ങള്‍ ഇനിയും നമ്മെ പിടികൂടുമോ എന്ന ആശങ്കയിലാണ്. ഈ ദിവസങ്ങളിലും ക്രിസ്തീയ വിശ്വാസികളും ശുശ്രൂഷകരും ആക്രമിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ടല്ലോ. നമ്മള്‍ പരസ്പരം ശക്തിപ്പെടുത്തണം, ദൈവാത്മാവിന്റെ ശക്തിക്കായി പ്രാര്‍ത്ഥിക്കണം. പ്രാര്‍ത്ഥനയ്ക്കായും ക്രൈസ്തവ ശുശ്രൂഷകള്‍ക്കായും ഒന്നിച്ചുകൂടുമ്പോള്‍ നമ്മുടെ കൂട്ടായ്മ നമുക്ക് ബലവും കോട്ടയുമായിരിക്കട്ടെ. നമുക്കുവേണ്ടി ജീവിക്കുകയും സഹനങ്ങള്‍ ഏറ്റെടുക്കുകയും മരിക്കുകയും ഉത്ഥാനം ചെയ്യുകയും ചെയ്ത മിശിഹാ നമ്മുടെ ജീവതങ്ങള്‍ക്ക് ശക്തി പകരട്ടെ'- അദ്ദേഹം ആശംസിച്ചു.

Previous Post Next Post