ന്യൂഡൽഹി: - രാജ്യത്ത് 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സീൻ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൂൺ 21 മുതൽ എല്ലാവർക്കും സൗജന്യ വാക്സീൻ ലഭ്യമാക്കും. കുട്ടികളിലുള്ള വാക്സിൻ പരീക്ഷണം ഇന്ത്യയിൽ പുരോഗിക്കുകയാണ്. വൈകാതെ അക്കാര്യത്തിലും സന്തോഷ വാർത്തയുണ്ടാകും.
വാക്സീൻ സംഭരണത്തിനുള്ള മാർഗരേഖ രണ്ടാഴ്ചയ്ക്കുള്ളിൽ പുറത്തിറക്കും. സ്വകാര്യ ആശുപത്രികളിൽനിന്ന് പണം നൽകി വാക്സീൻ സ്വീകരിക്കാം. ഒരു ഡോസിന് പരമാവധി 150 രൂപ വരെ ഈടാക്കാം.
രാജ്യം കടുത്ത് പ്രതിസന്ധിയിലൂടെയാണ് കടന്നു പോയത്. നിരവധി പേർക്ക് പ്രിയപ്പെട്ടവരെ നഷ്ടമായി. കോവിഡ് രണ്ടാം തരംഗത്തിനെതിരെ രാജ്യത്ത് പോരാട്ടം തുടരുകയാണ്. ഇത്തരത്തിലൊരു മഹാമാരി ആധുനിക ലോകം ഇതിനു മുൻപ് കണ്ടിട്ടുമില്ല, അനുഭവിച്ചിട്ടുമില്ല. ഇതിനെ നമ്മൾ ഒരുമിച്ചാണു നേരിട്ടത്. കോവിഡിനെ നേരിടാൻ രാജ്യത്ത് ഒരു പ്രത്യേക ആരോഗ്യ സംവിധാനം തന്നെ തയാറാക്കി. ഇത്രയേറെ ഓക്സിജൻ ഇന്ത്യയ്ക്ക് ഒരിക്കലും ആവശ്യം വന്നിട്ടില്ല. എല്ലാം യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കി. ഓക്സിജൻ ട്രെയിൻ വന്നു, സൈനികരുടെ സേവനം ഉപയോഗപ്പെടുത്തി.
കൊറോണ പോലെ അദൃശ്യനായ ഒരു ശത്രുവിനെ നേരിടാൻ ഏറ്റവും വലിയ ആയുധം കോവിഡ് പ്രോട്ടോക്കോൾ പാലിക്കുകയെന്നതാണ്. ആറടി അകലം പാലിക്കുക, മാസ്ക് ഉറപ്പായും ധരിക്കുക. വാക്സീൻ എടുക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിൽ നിർമിച്ച രണ്ടു വാക്സീനുകളാണുള്ളത്. ഇക്കാര്യത്തിൽ മറ്റു രാജ്യങ്ങളേക്കാൾ ഒട്ടും പിന്നിലല്ല ഇന്ത്യ. രാജ്യത്തെ വിദഗ്ധർ എത്രയും പെട്ടെന്ന് വാക്സീൻ തയാറാക്കുമെന്നതിൽ വിശ്വാസമുണ്ട്. അതിനാലാണ് അവർക്കാവശ്യമായ സൗകര്യങ്ങളെല്ലാം തയാറാക്കി നൽകിയത്.
വരും നാളുകളിൽ വാക്സീൻ വിതരണം കൂടുതൽ ശക്തമാക്കും. രാജ്യത്ത് നിലവിൽ ഏഴു കമ്പനികൾ പലതരം വാക്സീൻ തയാറാക്കുന്നുണ്ട്. മൂന്നിനം വാക്സിനുകളുടെ ട്രയൽ അവസാന ഘട്ടത്തിലാണ്. വരും നാളുകളിൽ വിദഗ്ധരുടെ നിർദേശ പ്രകാരം കുട്ടികൾക്ക് വാക്സീൻ നൽകുന്നതും പരിഗണിക്കും. അതുമായി ബന്ധപ്പെട്ട പരീക്ഷണം തുടരുകയാണ്.
മൂക്കിലൂടെ നൽകാവുന്ന വാക്സിനും പരിഗണനയിലുണ്ട്. എല്ലാവർക്കും വാക്സിൻ നൽകുന്ന കാര്യത്തിൽ രാജ്യം മുന്നോട്ടു പോവുകയാണ്. ഘട്ടംഘട്ടമായാണു പദ്ധതി നടപ്പാക്കുന്നത്.