ലോക്ക്ഡൗൺ: സംസ്ഥാനത്ത് നാളെ കൂടുതൽ ഇളവുകൾ; ശനി, ഞായർ ദിവസങ്ങളിൽ കർശന നിയന്ത്രണം


ലോക്ക്ഡൗണിൽ സംസ്ഥാനത്തെ നാളെ മാത്രം കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ.  നിലവിലെ ഇളവുകൾക്കു പുറമേയാണിത്. അതേസമയം ശനി, ഞായർ ദിവസങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗണിനു സമാനമായിരിക്കും നിയന്ത്രണങ്ങൾ. ഈ രണ്ടു ദിവസങ്ങളിലും ഹോട്ടലുകളിൽ പോയി പാഴ്സൽ വാങ്ങാൻ അനുവദിക്കില്ല. പകരം ഹോം ഡെലിവറിക്ക് അനുമതിയുണ്ട്.

ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കും. എന്നാൽ നാളെ തുറന്നു പ്രവർത്തിക്കും. കെ.എസ്.ആർ.ടി.സിയുടെ ദീർഘദൂര സർവീസുകൾ വരും ദിവസങ്ങളിലും തുടരും. എല്ലാ പരീക്ഷകളും 16 ശേഷമേ ആരംഭിക്കൂ.

*നാളത്തെ പ്രധാന ഇളവുകൾ:*

വാഹന ഷോറൂമുകളിൽ 7 മുതൽ ഉച്ചയ്ക്ക് 2 വരെ മെയിന്റനൻസ്‌ ജോലിയാകാം. മറ്റു പ്രവർത്തനങ്ങളും വിൽപനയും പറ്റില്ല.

നിർമാണ മേഖലയിലുള്ള സൈറ്റ് എൻജിനീയർമാർക്കും സൂപ്പർവൈസർമാർക്കും തിരിച്ചറിയൽ കാർഡ്/ രേഖ കാട്ടി യാത്ര ചെയ്യാം.

സ്‌റ്റേഷ‍നറി, ആഭരണം, ചെരിപ്പ്, തുണി, കണ്ണട, ശ്രവണ സഹായി, പുസ്തകം എന്നിവ വിൽക്കുന്ന കടകൾക്കും അറ്റകുറ്റപ്പണി നടത്തുന്ന സ്ഥാപനങ്ങളും തുറക്കാം. സമയം രാവിലെ 7 മുതൽ വൈകിട്ട്‌ 7 വരെ.

*ശനി, ഞായർ ദിവസങ്ങളിലെ ഇളവുകളും വ്യവസ്ഥകളും ഇങ്ങനെ:*

അവശ്യ സേവന വിഭാഗ‍ത്തിൽപെട്ട കേന്ദ്ര–സംസ്ഥാന ഓഫിസുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, കോർ‍പറേഷൻ, ടെലികോം സ്ഥാപനങ്ങൾ, ഇന്റർനെറ്റ് സേവനദാതാക്കൾ എന്നിവ തുറക്കാം.

ഭക്ഷ്യോ‍ൽപന്നങ്ങൾ, പലവ്യഞ്ജനം, പഴം, പച്ചക്കറി, പാൽ, മത്സ്യം, മാംസം എന്നിവ വിൽക്കുന്ന കടകളുടെയും കള്ളു ഷാപ്പുകളുടെയും പ്രവർത്തനം രാവിലെ 7 മുതൽ വൈകിട്ട് 7 വരെ.

റസ്റ്ററന്റുകളും ബേക്കറികളും രാവിലെ 7 മുതൽ വൈകിട്ട് 7 വരെ. ഹോട്ടലുകളിൽനിന്നും റസ്റ്ററന്റുകളിൽനിന്നും ഹോം ഡെലിവറി മാത്രം.

ദീർഘദൂര ബസുകൾക്കും ട്രെയിൻ–വിമാന സർവീസുകൾക്കും അനുമതി. വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റേഷൻ എന്നിവിടങ്ങളിൽനിന്നു യാത്രക്കാരെ വീടുകളി‍ൽ എത്തിക്കാൻ സ്വകാര്യ വാഹനങ്ങൾ, ടാക്സികൾ (കാബുകളും മറ്റും ഉൾപ്പെടെ), പൊതു വാഹനങ്ങൾ എന്നിവ ഉപയോഗിക്കാം. യാത്രാ രേഖകൾ ഹാജരാക്കണം.

വിവാഹവും ഗൃഹപ്രവേശവും കോവിഡ് ജാഗ്രതാ പോർട്ടലിൽ ‍റജിസ്റ്റർ ചെയ്യണം. കോവിഡ് പ്രോ‍ട്ടോക്കോൾ പാലിച്ച്, കുറച്ചുപേരെ മാത്രമേ പങ്കെടുപ്പിക്കാവൂ.

അടിയന്തര സേവന വിഭാഗത്തിലെ വ്യവസായങ്ങൾ, കമ്പനികൾ, സ്ഥാപനങ്ങൾ എന്നിവ 24 മണിക്കൂറും പ്രവർത്തിക്കാം. ജീവനക്കാർ തിരിച്ചറിയൽ കാർഡ് കാണിക്കണം.

രോഗികൾ, കൂട്ടിരിപ്പുകാർ, വാക്സീൻ സ്വീകരിക്കുന്നവർ എന്നിവർ യാത്രയ്ക്ക് തിരിച്ചറിയൽ കാർ‍ഡ് കരുതണം.

Previous Post Next Post