ചെന്നൈ:- ചെന്നൈ-മംഗളൂരു സൂപ്പർഫാസ്റ്റ് എക്സ്പ്രസിന്റെ (02685) സമയത്തിൽ റെയിൽവേ മാറ്റംവരുത്തി. പുതിയ സമയവിവരപ്പട്ടിക പ്രാബല്യത്തിൽ വരുന്ന ജൂലായ് ഒന്നുമുതൽ ചെന്നൈ സെൻട്രലിൽനിന്ന് തീവണ്ടി പുറപ്പെടുന്ന സമയം 40 മിനിറ്റ് നേരത്തേയാക്കി. നിലവിൽ വൈകീട്ട് അഞ്ചിന് പുറപ്പെടുന്ന തീവണ്ടി ഒന്നാം തീയതി മുതൽ വൈകീട്ട് 4.20-ന് പുറപ്പെടും. പുറപ്പെടുന്ന സമയത്തിലുണ്ടായിരിക്കുന്ന മാറ്റത്തിനും ഓടിയെത്തുന്ന സമയത്തിനും അനുസരിച്ച് മറ്റുസ്റ്റേഷനുകളിലെ സമയത്തിലും മാറ്റമുണ്ട്. ഇപ്പോൾ രാവിലെ ഒമ്പതിന് മംഗലാപുരത്ത് എത്തുന്ന തീവണ്ടി ജൂലായ് മുതൽ രാവിലെ 7.10-ന് എത്തും. കോവിഡ് വ്യാപനത്തെത്തുടർന്ന് തീവണ്ടി സർവീസുകൾ സാധാരണനിലയിൽ ആയിട്ടില്ലാത്തതിനാൽ ഇപ്പോൾ പ്രതിദിന സ്പെഷ്യൽ സർവീസായിട്ടാണ് ഓടുന്നത്.
തിരുവനന്തപുരം-മംഗലാപുരം മാവേലി സ്പെഷ്യൽ എക്സ്പ്രസ്(06604), പുതുച്ചേരി-മംഗലാപുരം പ്രതിവാര എക്സ്പ്രസ്(06855) എന്നിവയുടെ സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. മാവേലി എക്സ്പ്രസ് കോഴിക്കോടുമുതൽ മംഗലാപുരം വരെയുള്ള സ്റ്റേഷനുകളിൽ എത്തുന്ന സമയത്തിലാണ് മാറ്റം. നിലവിൽ പുലർച്ചെ 3.12-ന് കോഴിക്കോട്ടെത്തുന്ന തീവണ്ടി പുതിയ സമയക്രമം അനുസരിച്ച് 3.25-നാണ് എത്തുക. മംഗലാപുരത്ത് 7.50-ന് പകരം എട്ടിനാകും എത്തിച്ചേരുക. പുതുച്ചേരി-മംഗലാപുരം പ്രതിവാര എക്സ്പ്രസ് രാവിലെ 10-നുപകരം 9.30-ന് മംഗലാപുരത്ത് എത്തും.