കെ സുധാകരൻ KPCCയുടെ പുതിയ പ്രസിഡൻറ്


ന്യൂ ഡൽഹി : -
അനിശ്ചിതത്വത്തിനും ആശയക്കുഴപ്പങ്ങൾക്കും ഒടുവിൽ കെപിസിസി അധ്യക്ഷനായി കെ.സുധാകരനെ തെരഞ്ഞെടുത്തു. 

കേരളത്തിലെ കോൺഗ്രസ്സ് പ്രവർത്തകർക്ക് ആവേശം നൽകി കൊണ്ടാണ്  കെപിസിസി അധ്യക്ഷസ്ഥാനത്തക്ക് കെ.സുധാകരൻ എത്തുന്നത്. സുധാകരനെ കെപിസിസി അധ്യക്ഷനായി തെരഞ്ഞെടുത്ത വിവരം രാഹുൽ ഗാന്ധി നേരിട്ടാണ് കെ.സുധാകരനെ വിളിച്ചറിയിച്ചത്.

ഹൈകമാന്‍ഡ് പ്രതിനിധി താരിഖ് അന്‍വര്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് പ്രസിഡന്റിനെ തെരഞ്ഞെടുത്തത്.ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നീ നേതാക്കള്‍ ആരുടേയും പേര് അധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദേശിച്ചിരുന്നില്ല.

താലൂക്ക് പ്രസിഡന്റായി തുടക്കം

കണ്ണൂർ നടാൽ സ്വദേശിയായ സുധാകരൻ കെഎസ് താലൂക്ക് പ്രസിഡന്റായാണു രാഷ്ട്രീയത്തിൽ തുടക്കം കുറിച്ചത്. പിന്നീട് സംഘടനാ കോൺഗ്രസ് വഴി ജനതാ പാർട്ടിയിലെത്തി. രണ്ടു തിരഞ്ഞെടുപ്പുകളെ നേരിട്ടതു ജനതാ പാർട്ടിക്കാരനായാണ്. വൈകാതെ കോൺഗ്രസിൽ തിരിച്ചെത്തി. സംഘടനാ തിരഞ്ഞെടുപ്പിലൂടെ 1991ൽ ഡിസിസി പ്രസിഡന്റ് സ്ഥാനം. കെപിസിസി നിർവാഹക സമിതിയംഗം, ജനറൽ സെക്രട്ടറി, രാഷ്ട്രീയകാര്യ സമിതിയംഗം എന്നീ പദവികൾ വഹിച്ചശേഷം 2018 സെപ്റ്റംബറിലാണു കെപിസിസി വർക്കിങ് പ്രസിഡന്റായത്.

നിയമസഭയിലേക്കും ലോക്സഭയിലേക്കുമായി 10 തിരഞ്ഞെടുപ്പു മത്സരങ്ങൾ. നിയമസഭയിലേക്ക് ഏഴു മത്സരങ്ങളിൽ മൂന്നു ജയം. 2001ലെ എ.കെ.ആന്റണി മന്ത്രിസഭയിൽ വനം, കായികവകുപ്പ് മന്ത്രി. 2009ൽ എംഎൽഎയായിരിക്കേയാണു ലോക്സഭയിലേക്ക് ആദ്യ മത്സരം. അന്നു ജയിച്ചെങ്കിലും 2014ൽ തോൽവി. സംസ്ഥാന രാഷ്ട്രീയത്തിൽ നിൽക്കാനായിരുന്നു താൽപര്യമെങ്കിലും ഹൈക്കമാൻഡിന്റെ നിർബന്ധത്തിനു വഴങ്ങി 2019ൽ കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ മൂന്നാം മത്സരം. 94,559 വോട്ടിനാണു ജയിച്ചത്.

അനിശ്ചിതങ്ങൾക്കൊടുവിൽ പ്രസിഡൻറ് പദവി 

തലശ്ശേരി ബ്രണ്ണൻ കോളജ് ഫുട്ബോൾ ടീമിന്റെ സ്റ്റോപ്പർ ബാക്കായിരുന്ന കുമ്പക്കുടി സുധാകരൻ ഇനി കേരളത്തിൽ കോൺഗ്രസിന്റെ മുൻനിരയിൽ കളിക്കും. രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞപ്പോൾ മുതൽ കേൾക്കുന്നതാണു പ്രസിഡന്റ് സ്ഥാനത്തേക്കു കെ.സുധാകരന്റെ പേര്. വി.എം.സുധീരൻ ഒഴിഞ്ഞപ്പോഴും സുധാകരന്റെ പേരുയർന്നു. എന്നാൽ സുധാകരന്റെ വരവ് തടസ്സപ്പെടുത്താൻ ആഗ്രഹിച്ചവർ ഒന്നായപ്പോൾ എം.എം.ഹസ്സൻ പ്രസിഡന്റായി. 2018ൽ ക.സുധാകരൻ പ്രസിഡന്റായി എന്നു തന്നെ പ്രവർത്തകർ ഉറപ്പിച്ചതാണ്. രാഹുൽഗാന്ധിയുടെ ഫെയ്സ്ബുക്ക് പേജിൽ 'ആരാകണം കെപിസിസി പ്രസിഡന്റ്' എന്ന ചോദ്യവുമായി സുധാകരന്റെ ആരാധകർ അഭിപ്രായ സർവേ വരെ നടത്തി.

സർവേയിൽ സുധാകരൻ ജയിച്ചെങ്കിലും ആരാധകരെ ഉപയോഗിച്ചു നേതൃത്വത്തെ സ്വാധീനിക്കുന്ന രീതി ഹൈക്കമാൻഡിന് ഇഷ്ടമായില്ല. മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസിഡന്റായി. മൂന്നു വൈസ് പ്രസിഡന്റുമാരിൽ ഒരാളായി സുധാകരനെ ഒതുക്കി. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും തനിക്കു സംസ്ഥാന രാഷ്ട്രീയത്തിൽ നിൽക്കണമെന്നും സുധാകരൻ കട്ടായം പറഞ്ഞതാണ്. ആ തീരുമാനം ഒരു പരിധിവരെ ഹൈക്കമാൻഡ് അംഗീകരിച്ചതുമാണ്. എന്നാൽ സുധാകരനെ സംസ്ഥാന രാഷ്ട്രീയത്തിൽ നിർത്തരുത് എന്നാഗ്രഹിച്ച ചിലർ എംപിയാക്കാൻ കച്ച കെട്ടിയിറങ്ങി.


ഒരു നേതാവിന്റെയും ആളല്ലെന്നതാണു സുധാകരനുണ്ടായിരുന്ന 'അയോഗ്യത '. ഹൈക്കമാൻഡിലുമില്ല പിടി. അണികളാണു കരുത്ത്. ആ അണികൾ തന്നെയാണു ദൗർബല്യവും. അവരുടെ അമിത ആവേശത്തിൽ കെപിസിസി പ്രസിഡന്റ് സ്ഥാനം മാത്രമല്ല, നഷ്ടങ്ങൾ പലതുമുണ്ടായിട്ടുണ്ട് ഇതുവരെ. അണികൾ ഇതുവരെ ആഗ്രഹിച്ചതെന്തോ അത്, ഒടുവിൽ പാർട്ടിയുടെ ഏറ്റവും പ്രതിസന്ധി ഘട്ടത്തിൽ നേതാക്കളും ആഗ്രഹിച്ചു. പതിവുപോലെ പല പേരുകൾ ഉയർന്നശേഷമാണു സുധാകരന്റെ പേര് ഉറപ്പിച്ചതെങ്കിലും ഇത്തവണ പ്രസിഡന്റാകുമെന്ന സൂചന സുധാകരനു മുൻപേ ലഭിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് ഒന്നരമാസം മുൻപ് സുധാകരനെ കെപിസിസി പ്രസിഡന്റാക്കാൻ രാഹുൽ ഗാന്ധി ആലോചിച്ചിരുന്നു.

Previous Post Next Post