നാറാത്ത്:- പുഴയോര ടൂറിസം രംഗത്ത് കുതിപ്പേകാനുദ്ദേശിച്ച് നിർമിച്ച കെട്ടിടം സാമൂഹികവിരുദ്ധർ താവളമായി നശിക്കുന്നു.
പുതിയതെരു-മയ്യിൽ പ്രധാന പാതയിൽ കാട്ടാമ്പള്ളിയിലുള്ള ഈ കെട്ടിടം നിർമിച്ചതു കയാക്കിങ് ലക്ഷ്യമിട്ടുള്ള സാധന സാമഗ്രികൾ സൂക്ഷിക്കാനാണെങ്കിലും നോക്കി നടത്താൻ അധികൃതർ തയ്യാറാവാത്തത് സാമൂഹിക വിരുദ്ധരുടെയും മദ്യപൻമാരുടെ ഇഷ്ട സങ്കേതമായി ഈ കെട്ടിടം മാറിയിരിക്കുകയാണ്.
ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലാണ് (ഡി.ടി.പി.സി.) മൂന്നുവർഷം മുമ്പ് ലക്ഷങ്ങൾ ചെലവിട്ട് പദ്ധതിക്കായി ഇരുനിലകെട്ടിടവും അനുബന്ധ വികസനപ്രവർത്തനങ്ങളും നടപ്പിലാക്കിയത്.ചിത്രങ്ങൾ ആലേഖനം ചെയ്യുകയും ചെയ്തിരുന്നു. വൈദ്യുതി അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു. പക്ഷെ കെട്ടിടവും അരികിലുള്ള ബോട്ടു ജെട്ടിയും കാടുകയറി നശിക്കുന്ന കാഴ്ചയാണ് ഇവിടെ കാണാൻ കഴിയുന്നത്.
കാട്ടാമ്പള്ളി ജലാശയത്തിൽ കയാക്കിങ്, പെഡൽ ബോട്ടിങ്, വാട്ടർ സ്‌പോർട്‌സ് തുടങ്ങിയവ ഉദ്ദേശിച്ചായിരുന്നു ഇരുനില കെട്ടിടം പണിതത്.
അനാഥമായ നിലയിലുള്ള പുഴയോരത്തെ കെട്ടിടം കാടുമൂടിയ നിലയിലാണുള്ളത്.സമൂഹികവിരുദ്ധർ താവളമാക്കിയ കെട്ടിടത്തിന് സമീപത്തായി മദ്യക്കുപ്പികളും നിറഞ്ഞുതുടങ്ങി.
പുല്ലൂപ്പിക്കടവ് വരെയുള്ള കണ്ടൽക്കാടുകളുടെ വശ്യതയും മുണ്ടേരി പക്ഷിസങ്കേതത്തിനരികിലായുള്ള ദേശാടനപ്പക്ഷികളുടെ സങ്കേതവും യാത്രയിലൂടെ ദർശിക്കാനുള്ള പദ്ധതിയും ആലോചിച്ചിരുന്നതാണ്.
വിനോദസഞ്ചാരപ്പട്ടികയിൽ ഇടം നൽകാനുദ്ദേശിച്ച് നടപ്പിലാക്കിയ പദ്ധതി എത്രയും പെട്ടെന്ന് യാഥാർഥ്യമാക്കാനുള്ള നടപടികൾ ഉണ്ടാവണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
കോവിഡും ലോക്ഡൗണും മൂലം സൃഷ്ടിച്ച സാഹചര്യങ്ങളാണ് പദ്ധതി നടപ്പിലാക്കാൻ വൈകിയതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.