കണ്ണാടിപ്പറമ്പ്: സങ്കുചിതമായ രാഷ്ട്രീയ താല്പര്യത്തിൻ്റെയും വിശാല കാഴ്ചപ്പാടില്ലാത്തതിൻ്റെയും ഫലമായി സി.പി.എം ഭരണകൂടങ്ങൾക്ക് വികസന മുരടിപ്പും സ്വജനപക്ഷപാതവും അലങ്കാരമായി മാറിയെന്ന് കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടരി അഡ്വ.അബ്ദുൽ കരീംചേലേരി. നാറാത്ത് ഗ്രാമപഞ്ചായത്ത് ഭരണ സ്തംഭനത്തിനെതിരേ മുസ്‌ലിംലീഗ് നാറാത്ത് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു കരീം.
ജനങ്ങളെ കക്ഷിരാഷ്ട്രീയത്തിൻ്റെയും മത ചിന്തകളുടെയും പേരിൽ വേർതിരിച്ച് പൊതുവായ വികസനത്തെയും ക്ഷേമത്തെയും മുരടിപ്പിക്കുന്നതും വിവേചനപരമായി ഫണ്ടുകൾ അനുവദിക്കുന്നതും നല്ല പൊതു പ്രവർത്തനമല്ല. കോവിഡ് വാക്സിനേഷനിലടക്കം ഈ അസമത്വം നിലനിൽക്കുകയാണ്. കോവിഡ് വ്യാപനം രൂക്ഷമായിട്ടും കഴിഞ്ഞ ആറ് മാസത്തിനിടയിൽ ആരോഗ്യ പ്രവർത്തകരുടെ ഒരു യോഗം പോലും ചേരാതിരിക്കുകയും പ്രവർത്തനം ഏകോപിക്കുകയും ചെയ്യാതിരിക്കുകയാണ് പഞ്ചായത്ത് ഭരണസമിതി. ഇത് തികഞ്ഞ അലംഭാവവും പ്രസിഡണ്ടുൾപ്പെടെയുള്ള ഭരണ പക്ഷത്തിൻ്റെ കഴിവ് കേടുമാണെന്നും അദ്ദേഹം പറഞ്ഞു.
പി വി അബ്ദുല്ല മാസ്റ്റർ അധ്യക്ഷത വഹിച്ചു. കബീർ കണ്ണാടിപ്പറമ്പ്, പി പി സുബൈർ, സി കുഞ്ഞഹമ്മദ് ഹാജി, എ പി അബ്ദുല്ല, കെ കെ ഷിനാജ്, അഷ്‌കർ കണ്ണാടിപ്പറമ്പ്, സൈഫുദ്ദീൻ നാറാത്ത്, എം വി ഹുസൈൻ പ്രസംഗിച്ചു.
നൗഫീർ കമ്പിൽ, പി പി അഷ്‌റഫ്, മുസമ്മിൽ നിടുവാട്ട്, നിയാസ് പാറപ്പുറം, ഹസീന കമ്പിൽ, മുഹമ്മദലി ആറാംപീടിക, കെ റഹ്മത്ത്, മൈമൂനത്ത്, മിഹ്‌റാബി, സൽമത്ത്, നേതൃത്വം നൽകി.