കണ്ണൂർ :-ജില്ലയില്‍ കൊവിഡ് മൂലം പ്രതിസന്ധി നേരിടുന്ന വിവിധ മേഖലകളെ കരകയറ്റുന്നതിനായി ജില്ലാ ഭരണകൂടം നടത്തുന്ന രണ്ടാമത്തെ സംരഭമായ കണ്ണൂര്‍ ഷോപ്പിക്ക് ആഗസ്ത് എട്ടിന് തുടക്കമാവും.
കൈത്തറി, കുടുംബശ്രീ, ആറളം ഫാം, ആദിവാസി മേഖലയിലെ തനത് ഉത്പന്നങ്ങള്‍ എന്നിവ ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന പദ്ധതിയാണിത്.
ഖാദിക്ക് കണ്ണൂരിന്റെ കൈത്താങ്ങ് പദ്ധതി കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. 'കണ്ണൂര്‍ ഷോപ്പി'യുടെ ആദ്യത്തെ ബ്രാഞ്ച് കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ ആരംഭിക്കും.
തുടര്‍ന്ന് ഡിടിപിസിയുടെ എല്ലാ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലും ഇത്തരം ഷോപ്പുകള്‍ തുറക്കും. ഓണ്‍ലൈനായും സാധനങ്ങള്‍ ലഭ്യമാക്കും.
ചാമ, റാഗി, മുത്താറി തുടങ്ങിയ ചെറു ധാന്യങ്ങള്‍, ചെറുതേന്‍, കാട്ടുതേന്‍, മുള കൊണ്ടുള്ള കരകൗശല ഉത്പന്നങ്ങള്‍, മുളയരി പായസം, കാച്ചില്‍, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, വംശീയ ഭക്ഷണങ്ങള്‍, വനിത സൂക്ഷ്മ സംരംഭകരുടെ തനത് കാര്‍ഷിക-കാര്‍ഷികേതര ഉത്പന്നങ്ങള്‍, കണ്ണൂരിന്റെ തനത് കൈത്തറി ഉത്പന്നങ്ങള്‍ തുടങ്ങിയവ കണ്ണൂര്‍ ഷോപ്പിയില്‍ ലഭിക്കും.
അതോടൊപ്പം ആറളത്തെ പട്ടികവര്‍ഗ്ഗ വിഭാഗത്തിന്റെ തനത് ഉത്പന്നങ്ങളായ ഈറ്റ കൊണ്ടുള്ള കൊട്ട, വട്ടി, കാട്ടുതേന്‍, കുന്തിരിക്കം തുടങ്ങിയവയും കാര്‍ഷിക ഉത്പന്നങ്ങളും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളും ഇവിടെ ലഭ്യമാകും.