കീടബാധ കാരണം ചില പാടശേഖരങ്ങളിലെ കൃഷി പൂർണമായും നശിക്കാൻ തുടങ്ങി. വിശാലമായി നെൽവയലുകളിലെ നെല്ലോലകൾ ചുരുട്ടി അതിനുള്ളിലെ ലാർവകളാണ് ഹരിതകം ഊറ്റിക്കുടിക്കുന്നത്. ക്രമേണ നെൽച്ചെടികൾ കരിഞ്ഞതുപോലയാകുകയാണ്. കൃഷി ഓഫീസർമാർ, കൃഷിശാസ്ത്രജ്ഞർ എന്നിവരുടെ നിർദേശങ്ങൾ നടപ്പാക്കിയെങ്കിലും കീടങ്ങളെ നിയന്ത്രിക്കാനായിട്ടില്ലെന്നാണ് കർഷകർ പറയുന്നത്. നിലവിലുള്ള നീലവണ്ടുകൾ മുൻകാലങ്ങളിലുണ്ടായിട്ടില്ലെന്നും കർഷകർ പറയുന്നു.
വലിയ പ്രതീക്ഷയോടെ വയലുകൾ പാട്ടത്തിനെടുത്തും സ്വന്തം ഭൂമിയിലും കൃഷിയിറക്കിയ കർഷകരാണ് സാമ്പത്തിക ബാധ്യതയോർത്ത് നെടുവീർപ്പിടുന്നത്. ഈ വണ്ടുകൾ വയലുകളിലെത്തിയാൽ ഒറ്റദിവസം കൊണ്ടുതന്നെ നെൽച്ചെടികൽ വാടിവീഴുന്നതായാണ് കാണുന്നത്. കുറ്റ്യാട്ടൂർ വേശാല പാടശേഖരത്തിലെ കീടബാധ വിലയിരുത്തുന്നതിനായി കുറ്റ്യാട്ടൂർ കൃഷി ഓഫീസർ കെ.കെ.ആദർശ്, കൃഷി അസിസ്റ്റന്റുമാരായ ഉദയൻ ഇടച്ചേരി, പാടശേഖര സെക്രട്ടറി വിജയൻ കോമക്കരി എന്നിവർ സന്ദർശിച്ചു.