ശ്രീകണ്ഠപുരം :- ജനകീയാസൂത്രണത്തിന്റെ 25-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഗ്രാമീണ ഗ്രന്ഥശാലകളെ ശക്തിപ്പെടുത്താൻ 'ഗ്രാമ വിദ്യ' പദ്ധതിയുമായി ചെങ്ങളായി. പഞ്ചായത്തിലെ ഗ്രാമീണ വായനശാലകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ ആദ്യഘട്ടമെന്നനിലയിൽ ഗ്രന്ഥാലയങ്ങളെ സജീവമാക്കുന്നതിനായി നാട്ടിൻപുറങ്ങളിലെ ഉദ്യോഗാർഥികൾക്ക് പി.എസ്.സി. ഉൾപ്പെടെയുള്ള മത്സര പരീക്ഷകൾക്ക് പരിശീലനം നൽകുവാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. വിവിധ വാർഡുകളിലെ പ്രധാന വായനശാലകൾക്ക് മുഴുവൻ ഇതിന്റെ ഭാഗമായി മത്സര പരീക്ഷ പ്രസിദ്ധീകരണങ്ങൾ ലഭ്യമാക്കും.
പരിചയസമ്പന്നരായ പരിശീലകരുടെ ഒരു പാനൽ രൂപവത്കരിച്ച് ഓൺലൈൻ പരിശീലന ക്ലാസുകളും മോട്ടിവേഷൻ ക്ലാസുകളും മാതൃകാപരീക്ഷകളും നടത്തും.
ഗ്രാമപ്പഞ്ചായത്ത് തലത്തിൽ തയാറാക്കുന്ന വിവിധ മൽസര പരീക്ഷകളുടെ മാതൃകാ ചോദ്യപേപ്പറുകൾ ഓൺലൈായിത്തന്നെ ഗ്രന്ഥാലയങ്ങൾക്ക് അയച്ചുകൊടുക്കുകയുംചെയ്യും. തുടർന്ന് പ്രാദേശികമായി ഗ്രന്ഥശാലകൾ കേന്ദ്രീകരിച്ച് മാതൃകാപരീക്ഷകൾ നടത്താനും തീരുമാനിച്ചിട്ടുണ്ട്.
അത്തരം പരീക്ഷകളിൽ ഉയർന്ന സ്കോർ ലഭിക്കുന്നവർക്ക് പഞ്ചായത്ത് തലത്തിൽ ഓൺലൈൻ പരീക്ഷ നടത്തി പ്രോത്സാഹനം നൽകും.
പദ്ധതിയുടെ വിജയരമായ നടത്തിപ്പിന് പഞ്ചായത്ത് തലത്തിൽ എക്സിക്യുട്ടീവ് കമ്മിറ്റി രൂപവത്കരിച്ചു.
ഭാരവാഹികൾ: പഞ്ചായത്ത് പ്രസിഡൻറ് വി.പി.മോഹനൻ (ചെയ.), സെക്രട്ടറി കെ.കെ.രാജേഷ് (കൺ.), എം.എം.പ്രജോഷ് (വൈ. ചെയ.), കെ.കെ.രവി, കെ.ദിവാകരൻ (കോ ഓർഡിനേറ്റർമാർ).