പെരുമാച്ചേരിയിൽ സ്വകാര്യ വ്യക്തി പഞ്ചായത്ത് റോഡിൽ കുഴിയെടുത്തത് വൻ അപകട ഭീഷണി ഉയർത്തുന്നു


കൊളച്ചേരി :-
കൊളച്ചേരി പഞ്ചായത്തിലെ പെരുമാച്ചേരി വാർഡിൽ പെട്ട ലക്ഷം വീട് -  മൈലാടി റോഡിൽ സ്വകാര്യ വ്യക്തി കുഴിയെടുത്ത് വച്ച് വൻ അപകട ഭീഷണി ഉയർത്തുന്നതായി പരാതി. നിരവധി വാഹനങ്ങൾ ദിനം പ്രതി കടന്നു പോകുന്ന റോഡിൽ നിർമ്മിച്ച ഈ കുഴിയിൽ വാഹനങ്ങൾ അപകടത്തിൽ പെടാനുള്ള സാധ്യത ഏറെയാണ്.

കഴിഞ്ഞ ദിവസങ്ങളിൽ  വാഹനങ്ങൾ കുഴിയിൽ വീഴാതെ രക്ഷപ്പെട്ടത് തലനാരിടയ്ക്കാണ്. വൻ വാഹനങ്ങൾക്ക് കടന്നു പോകാൻ പോലും സാധിക്കാത്ത സ്ഥിതിയിലാണ് നിലവിൽ ഈ റോഡ്.

മുപ്പത് വർഷം മുമ്പ് നിർമ്മിച്ച് താറ് ചെയ്ത് സംരക്ഷിച്ചു വരുന്ന  പഞ്ചായത്ത് റോഡിലാണ് സ്വകാര്യ വ്യക്തി അപകടകരമായ രീതിയിൽ JCB ഉപയോഗിച്ച് കുഴിയെടുത്തിരിക്കുന്നത്. പഞ്ചായത്ത് രേഖകളിൽ 5 മീറ്റർ വീതിയുള്ള റോഡ്  ഇപ്പോൾ  3 മീറ്റർ ആയി ചുരുങ്ങിയിരിക്കുകയാണ്. കയറ്റം കയറി വളവ് തിരിയുന്ന സ്ഥലത്ത് തന്നെ കുഴിയെടുത്തത് മൂലം വാഹനങ്ങൾ തിരിഞ്ഞു കയറുമ്പോൾ കുഴിയിൽ വീഴാനുള്ള സാധ്യത ഏറെയാണ്.

സ്വകാര്യ വ്യകതിയുടെ ഈ പ്രവൃത്തിക്കെതിരെ പ്രദേശവാസികൾ മുഴുവൻ ഒപ്പിട്ടു നൽകിയ ഭീമ ഹരജി തന്നെ കൊളച്ചേരി പഞ്ചായത്ത് സെക്രട്ടറിക്കും പ്രസിഡൻ്റിനും നൽകിയിട്ട് ഒരാഴ്ച പിന്നിട്ടെങ്കിലും കുഴി മൂടാനുള്ള യാതൊരു നടപടിയും പഞ്ചായത്തിൻ്റെ ഭാഗത്ത് നിന്ന്  കൈ കൊണ്ടിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു.

പഞ്ചായത്തിൻ്റെ  നിസ്സംഗതയിൽ വൻ അപകടം പതിയിരിക്കുന്ന റോഡിൻ്റെ ദുരവസ്ഥയിൽ ജന രോഷം ഉയരാൻ തുടങ്ങിയിട്ട് നാളേറെയായി.

റോഡിൽ ചെയ്ത  താറ് പോലും ഇളക്കി കൊണ്ടി സ്വകാര്യ വ്യക്തി നടത്തിയ നിയമ ലംഘനത്തിനെതിരെ നടപടി കൈകൊള്ളാത്ത പഞ്ചായത്ത് നടപടിക്കെതിരെ ജില്ലാ കലക്ടർക്കും  മറ്റും ഉന്നത അധികാരികൾക്കും പരാതി നൽകാനുള്ള നീക്കത്തിലാണ് നാട്ടുകാർ.

Previous Post Next Post