കണ്ണൂർ :- സംസ്ഥാന ഐ.ടി. മിഷൻ ഡയറക്ടർ എസ്. ചന്ദ്രശേഖറിനെ കണ്ണൂർ ജില്ലാ കളക്ടറായി നിയമിച്ചു. നിലവിലെ കളക്ടർ ടി.വി. സുഭാഷിനെ കാർഷികവികസന കർഷകക്ഷേമവകുപ്പ് ഡയറക്ടറായി നിയമിച്ച ഒഴിവിലാണിത്. സേലത്തെ സെൽവകുമാറിന്റെയും തമിഴ്‌സെൽവിയുടെയും മകനായ ചന്ദ്രശേഖർ 2014 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനാണ്. നേരത്തെ തലശ്ശേരി സബ് കളക്ടറും കണ്ണൂരിൽ അസി. കളക്ടറുമായിരുന്നു.
സിവിൽ എൻജിനീയറിങ്ങിൽ ബിരുദവും ബിസിനസ് മാനേജ്‌മെന്റിൽ ബിരുദാനന്തരബിരുദവുമുള്ള ഈ മുപ്പത്തെട്ടുകാരൻ സംസ്ഥാന നൈപുണി വികസനവിഭാഗം, തൊഴിൽവികസനവകുപ്പ് തുടങ്ങിയവയിലും പ്രവർത്തിച്ചു. അടുത്തയാഴ്ച ചുമതലയേൽക്കും.
മൂന്ന് ജില്ലകളിൽക്കൂടി പുതിയ കളക്ടർമാർ
തിരുവനന്തപുരം: മലപ്പുറം, കൊല്ലം, വയനാട് ജില്ലകളിൽക്കൂടി പുതിയ കളക്ടർമാർ. എംപ്ലോയ്‌മെന്റ് ഡയറക്ടറായിരുന്ന വി.ആർ. പ്രേംകുമാറിനെ മലപ്പുറം കളക്ടറായി നിയമിച്ചു. എറണാകുളം ജില്ലാ ഡെവലപ്‌മെന്റ് കമ്മിഷണറായിരുന്ന അഫ്‌സാന പർവീൺ കൊല്ലത്തും പ്രവേശന പരീക്ഷാകമ്മിഷണറായിരുന്ന എ. ഗീത വയനാടും കളക്ടറാവും.