സൈനികന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്നാരോപിച്ച് മയ്യില്‍ പൊലിസ് സ്റ്റേഷന് മുൻപിൽ പ്രതിഷേധ ധര്‍ണയുമായി വിമുക്ത സൈനിക സംഘടനകള്‍


മയ്യിൽ :- 
അസുഖബാധിതനായി  ചികിത്സയിലിരിക്കെ അന്തരിച്ച സൈനികന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ വിമുക്ത സൈനിക സംഘടനകള്‍ സംയുക്തമായി മയ്യില്‍ പൊലിസ് സ്റ്റേഷന് മുൻപിൽ പ്രതിഷേധ ധര്‍ണ നടത്തി.

ഭാരതീയ ജവാൻ കിസാൻ പാർട്ടി ദേശീയ അധ്യക്ഷൻ രാമചന്ദ്രൻ ബാവിലേരി ഉദ്ഘാടനം ചെയ്തു. പൂർവ സൈനിക സേവ പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് പി.ആർ.രാജൻ അധ്യക്ഷത വഹിച്ചു.

ഭാരതീയ ജവാൻ കിസാൻ പാർട്ടി സംസ്ഥാന പ്രസിഡന്റ് രാധാകൃഷ്ണൻ മാണിക്കോത്ത്, റിട്ട.കേണൽ സാവിത്രി, എൻ.വി.ദിനേശൻ, ചാക്കോ കരിമ്പിൽ, കെ.പി.സുരേഷ് കുമാർ, ഷിനോദ്ഭാനു എന്നിവർ പ്രസംഗിച്ചു.

കരസേനയില്‍ സുബേദാറായി ജോലി ചെയ്യുകയായിരുന്ന കണ്ണാടിപറമ്പ് പുല്ലുപ്പിയിലെ വി.ഷാജി എന്ന സൈനികന്റെ മൃതദേഹത്തോടാണ് മയ്യില്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ അനാദരവ് കാണിച്ചതെന്നാണ് വിമുക്തഭട സൈനിക സംഘടനകൾ ആരോപിക്കുന്നത്.

കഴിഞ്ഞ മാസം 21ന് ആണ് ഷാജി മരിച്ചത്. എന്നാൽ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് മയ്യിൽ പൊലീസ് അധികൃതർ അറിയിച്ചു.



Previous Post Next Post