തിരുവനന്തപുരം :- അൻപത്തിയൊന്നാമത് സംസ്ഥാന ചലചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വെള്ളം സിനിമയിലെ അഭിനയത്തിന് ജയസൂര്യ മികച്ച നടനായും കപ്പേളയിലെ അഭിനയത്തിന് അന്ന ബെൻ മികച്ച നടിയായും തിരഞ്ഞെടുത്തു. മികച്ച സംവിധായകൻ സിദ്ധാർഥ് ശിവ, ജിയോ ബേബി സംവിധാനം ചെയ്ത ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചനാണ് മികച്ച സിനിമ. മികച്ച ചലച്ചിത്ര ലേഖനമായി ജോൺ സാമുവലിന്റെ അടൂരിന്റെ അഞ്ച് നായക കഥാപാത്രങ്ങൾ തിരഞ്ഞെടുത്തു.
നടിയും സംവിധായികയുമായി സുഹാസിനി മണിരത്നം അധ്യക്ഷയായ അന്തിമജൂറി സിനിമകൾ കണ്ടുകഴിഞ്ഞു. ചിത്രങ്ങളുടെ തിരഞ്ഞെടുപ്പിന് ചലച്ചിത്ര അക്കാദമി ദ്വിതല സംവിധാനം ഏർപ്പെടുത്തിയ ശേഷമുള്ള ആദ്യ പുരസ്കാര പ്രഖ്യാപനമാണിത്. കോവിഡ് വരുന്നതിന് മുമ്പ് തീയറ്ററുകളിലും അതിനുശേഷം ഓൺലൈൻ പ്ലാറ്റ് ഫോമുകളിലും പ്രേക്ഷകർ കണ്ടതും കാണാത്തതുമായ ഇരുപതിലേറെ ചിത്രങ്ങളാണ് അന്തിമജൂറിയുടെ പരിഗണനയിൽ വന്നത്.
അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ ബിജു മേനോൻ മാലിക്, ട്രാൻസ് എന്ന ചിത്രത്തിലെ പ്രകടനത്തിന് ഫഹദ് ഫാസിൽ വെള്ളം. സണ്ണി എന്നിവയിലൂടെ ജയസൂര്യ, കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് ഫോറൻസിക് എന്നിവയിലൂടെ ടൊവിനോ തോമസ്, ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചലൂടെ സുരാജ് വെഞ്ഞാറമൂട്, എന്നിവർ കടുത്ത മൽസരം കാഴ്ചവച്ചിരുന്നു.
കന്നഡ സംവിധായകൻ പി.ശേഷാദ്രിയും പ്രമുഖ സംവിധായകൻ ഭദ്രനും അധ്യക്ഷന്മാരായ രണ്ട് പ്രാഥമിക വിധിനിർണയ സമിതി ഉണ്ടായിരുന്നു. എൺപതുചിത്രങ്ങൾ കണ്ട് രണ്ടാംറൗണ്ടിലേക്കു നിർദേശിച്ച ചിത്രങ്ങളിൽ നിന്നാണ് അവാർഡ് പ്രഖ്യാപനം.
ശേഷാദിക്കും ഭദ്രനും പുറമേ ഛായാഗ്രാഹകൻ സി.കെ.മുരളീധരൻ,സംഗീത സംവിധായകൻ മോഹൻ സിത്താര, സൗണ്ട് ഡിസൈനർ എം.ഹരികുമാർ, നിരൂപകനും തിരക്കഥാകൃത്തുമായ എൻ.ശശിധരൻ എന്നിവരും അന്തിമ ജൂറിയിൽ അംഗങ്ങൾ ആണ്.
എഡിറ്റർ സുരേഷ് പൈ, ഗാനരചയിതാവ് ഡോ.മധു വാസുദേവൻ, നിരൂപകൻ ഇ.പി.രാജഗോപാലൻ എന്നിവരായിരുന്നു ശേഷാദി അധ്യക്ഷനായ പ്രാഥമിക ജൂറിയിലെ അംഗങ്ങൾ. ഛായാഗ്രാഹകൻ ഷാദ് ജലാൽ, എഴുത്തുകാരി ഡോ.രേഖ രാജ്, തിരക്കഥാകൃത്തുംഗാനരചയിതാവും ആയ ഷിബു ചക്രവർത്തി എന്നിവരാണു ഭദ്രന്റെ നേതൃത്വത്തിലുള്ള പ്രാഥമിക ജൂറിയിൽ ഉണ്ടായിരുന്നത്. രചനാ വിഭാഗം അവാർഡുകൾ നിശ്ചയിക്കുന്നതിനു നിരൂപകൻ ഡോ.പി.കെ.രാജശേഖരന്റെ അധ്യക്ഷതയിൽ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് ആണ് എല്ലാ ജൂറികളുടെയും മെംബർ സെക്രട്ടറി.