കണ്ണൂർ :- ഇസ്ലാമിനെ സഹിഷ്ണുതയില്ലാത്ത മതമെന്ന് തെറ്റിദ്ധരിപ്പിക്കുന്നവര്‍ ചരിത്രം പഠിക്കാത്തവരാണെന്ന് സമസ്ത കേരള സുന്നി യുവജന സംഘം ( എസ് വൈ എസ്) സംസ്ഥാന ജന സെക്രട്ടറി ഡോ. എ.പി അബ്ദുല്‍ ഹക്കീം അസ്ഹരി.
തിരുനബി സഹിഷ്ണുതയുടെ മാതൃക എന്ന വിഷയത്തില്‍ എസ് വൈ എസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ ചേംബര്‍ ഹാളില്‍ നടന്ന സ്‌നേഹ ഭാഷണം പരിപാടിയില്‍ രാഷ്ട്ര നിര്‍മ്മാണം തിരുനബി കാഴ്ചപ്പാട് എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തെ ആദ്യത്തെ ഭരണഘടനയുണ്ടായത് മദീനയിലാണ്. ഈ ഭരണ ഘടനയില്‍ വ്യക്തമായി പറയുന്നത് ഏത് മതക്കാരനും അവരവരുടെ വിശ്വാസ ആചാരമനുസരിച്ച് രാജ്യത്ത് ജീവിക്കാമെന്നാണ്. അല്ലാതെ ഇസ്ലാമല്ലാത്തവരെല്ലാം രാജ്യം വിട്ട് പോകണമെന്നായിരുന്നില്ല. മാത്രമല്ല മദീനയില്‍ നിന്ന് കൊണ്ട് രാജ്യത്തെ ഒറ്റുകൊടുത്തവരോട് പോലും കരുണ കാട്ടിയ മതമാണ് ഇസ്ലാം. അവര്‍ക്ക് രാജ്യത്തിന് പുറത്ത് ഇടം കൊടുക്കുകയായിരുന്നു.പരസ്പരം കലഹിച്ച കുടുംബങ്ങളെയാകെ യോജിപ്പിക്കുകയും സാഹോദര്യം പഠിപ്പിച്ച് കൊടുക്കുകയുമായിരുന്നു മുഹമ്മദ് നബി (സ ) ചെയ്തത്. സഹിഷ്ണുത മാത്രമായിരുന്നു നബി കാണിച്ച് തന്നത്. മുസ്ലിം ഭരണാധികാരികളും ഇതെ മാതൃകയാണ് പിന്‍ പറ്റിയതും. ഏതെങ്കിലും തരത്തിലുള്ള വര്‍ഗീയതയോ വിശ്വാസികളല്ലാത്തവരോട് വിരോധമോ നബിയുടെ കാലത്ത് പ്രകടിപ്പിച്ചിരുന്നില്ല.
ഇസ്ലാമിക വ്യവസ്ഥിതി അനുസരിച്ച് ജീവിക്കാന്‍ എല്ലാവരും തുടങ്ങിയാല്‍ ഇവിടെയുള്ള പല മാഫിയയകള്‍ക്കും പ്രതിസന്ധിയായിരിക്കുമെന്ന ഭയമാണ് ഇസ്ലാമോഫോബിയയുടെ വക്താക്കള്‍ക്ക് .അതിന് നബിയെയും ഇസ്ലാമിനെയും തെറ്റിദ്ധരിപ്പിക്കുകയുമാണ്. പരസ്പരം കലഹമുണ്ടാക്കാന്‍ കോപ്പ് കൂട്ടുന്ന ആയുധക്കച്ചവടക്കാര്‍ക്ക് യുദ്ധമില്ലാതിരുന്നാല്‍ പിന്നെ വ്യാപാരമുണ്ടാകില്ല. ആരോഗ്യകരമായ ജീവിതമുണ്ടായാല്‍ പിന്നെ ആശുപത്രികള്‍ അടച്ചു പൂട്ടേണ്ടി വരും. മറ്റ് അരാചകത്വങ്ങളും ഇല്ലാതാകും.ഇസ്ലാമിക ജീവിതത്തെയാണ് ഇവര്‍ ഭയപ്പെടുന്നത്.
നബി പഠിപ്പിച്ച സാമ്പത്തിക നിയമവും രാഷ്ട്ര നിയമവും സാമൂഹികനിയമവുമൊക്കെ ലോകം ഇഷ്ടപ്പെടേണ്ടി വരുമെന്നതാണ് ഇസ്ലാമോഫോബിയയുടെ കാരണവുമെന്ന് അബ്ദുല്‍ ഹക്കീം അസ്ഹരി ചൂണ്ടിക്കാട്ടി. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ പട്ടുവം കെ പി അബൂബക്കര്‍ മൗലവി ഉദ്ഘാടനം ചെയ്തു. കെ എം അബ്ദുല്ല ക്കുട്ടി ബാഖവി മഖ്ദൂമി അദ്ധ്യക്ഷത വഹിച്ചു.