പരിയാരം:- ചുമർച്ചിത്രങ്ങൾ നിറയുകയാണ് പരിയാരം മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം. 2009 മുതൽ പ്രവർത്തിച്ചുവരുന്ന പരിയാരം പോലീസ് സ്റ്റേഷൻ കെട്ടിടത്തിന് പിറകിലായി ദേശീയപാതയ്ക്ക് അഭിമുഖമായി 1.89 കോടി രൂപ ചെലവിൽ നിർമിച്ച പുതിയ കെട്ടിടത്തിന്റെ ചുമരുകളാണ് ചിത്രങ്ങളാൽ വർണാഭമാക്കുന്നത്.
പോലീസ് സ്റ്റേഷനിൽ എത്തുന്നവരുടെ ഭയം ഒഴിവാക്കുകയും അവരെ മാനസികമായി ഉത്തേജിപ്പിക്കുകയുമാണ് ചുമർച്ചിത്രത്തിന്റെ ഉദ്ദേശ്യമെന്ന് പരിയാരം ഇൻസ്പെക്ടർ കെ.വി. ബാബു പറഞ്ഞു.
കേരളത്തിൽ ആദ്യമായിട്ടാണ് ഒരു പോലീസ് സ്റ്റേഷനിൽ ഇത്തരത്തിൽ ചുമർച്ചിത്രങ്ങൾ ഒരുക്കുന്നത്. പ്രമുഖ മ്യൂറൽ പെയിൻറിങ് വിദഗ്‌ധരായ രഞ്ജിത്ത് അരിയിൽ-സ്നേഹ രഞ്ജിത്ത് ദമ്പതിമാരാണ് ചിത്രങ്ങൾ ഒരുക്കുന്നത്. കൂടാതെ കുട്ടികൾക്കുവേണ്ടി കാർട്ടൂൺ കഥാപാത്രങ്ങളെ ഉൾപ്പെടുത്തിയുള്ള ചിത്രങ്ങളും പോലീസ് സ്റ്റേഷൻ ചുമരിലുൾപ്പെടുത്തിയിട്ടുണ്ട്. സിനു ബാബു, രവീന്ദ്രൻ പയ്യന്നൂർ എന്നിവരാണ് കാർട്ടൂൺ ചിത്രങ്ങൾ വരച്ചത്.
കേരളത്തിലെ ഏറ്റവും വലുപ്പമേറിയതും അത്യാധുനിക സൗകര്യങ്ങൾ നിറഞ്ഞതുമായ പരിയാരം പോലീസ് സ്റ്റേഷന് വ്യത്യസ്തമായ എന്തെങ്കിലുമൊന്ന് വേണമെന്ന നിർദേശമാണ് ഇൻസ്പെക്ടർ കെ.വി. ബാബുവിനെ ചുമർച്ചിത്രമെന്ന ആശയത്തിലേക്ക് നയിച്ചത്. പുരാതന രാജഭരണകാലത്തെ പോലീസിൽനിന്ന് ആരംഭിച്ച് കേരളീയ കലകളുടെ സമ്മേളനത്തിലൂടെ നീങ്ങി ആധുനിക പോലീസിങ്ങും ജനമൈത്രി പോലീസും പ്രളയദുരിതങ്ങളിൽ പോലീസിന്റെ ഇടപെടലുമൊക്കെ ചുമർച്ചിത്രങ്ങളിൽ കാണാം. പുതിയ കെട്ടിടം ജനുവരിയിൽ ഉദ്ഘാടനം ചെയ്യും.