കൊച്ചി: - ഇന്ന് രാവിലെ നിര്യാതനായ തൃക്കാക്കര എംഎൽഎയും കെപിസിസി വർക്കിംഗ് പ്രസിഡൻ്റുമായ പി ടി തോമസിൻ്റെ ശവസംസ്കാരം നാളെ വൈകിട്ട് അഞ്ച് മണിയോടെ രവിപുരം ശ്മശാനത്തിൽ സംസ്കാരിക്കും.
മൃതദേഹവും വഹിച്ചുള്ള ആംബുലൻസ് അൽപസമയത്തിനകം തമിഴ്നാട്ടിലെ വെല്ലൂരിൽ നിന്നും കൊച്ചിയിലേക്ക് പുറപ്പെടും. കൊച്ചിയിലേക്ക് പുറപ്പെടും മുൻപ് പിടിയുടെ കണ്ണുകൾ ദാനം ചെയ്യും. ഇതിനുള്ള അനുവാദം കുടുംബം സി.എം.എസ് ആശുപത്രി അധികൃതരെ അറിയിച്ചിട്ടുണ്ട്.
തികച്ചും വ്യത്യസ്തമായ രീതിയിൽ പി ടി തോമസ് മരണത്തിനു മുമ്പായി തന്നെ തൻ്റെ അന്ത്യയാത്രയെ കുറിച്ച് സഹപ്രവർത്തകരുമായും ബന്ധുക്കളുമായി പങ്ക് വെച്ച രീതിയിൽ തന്നെയായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക.
അത് പ്രകാരം മൃതദേഹത്തിൽ ആരും റീത്ത് വെക്കില്ല. അതോടൊപ്പം തന്നെ വയലാർ എഴുതിയ "ചന്ദ്ര കളഭം ചാർത്തി ഉറങ്ങും തീരം " എന്ന മനോഹരമായ ഗാനം ചെറിയ ശബ്ദത്തിൽ കേൾപ്പിക്കും. കൂടാതെ ശവസംസ്കാരത്തിന് യാതൊരു മതപരമായ ചടങ്ങുകളും ഉണ്ടാവില്ല.രവിപുരം ശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കുകയും സംസ്കാരത്തിനുശേഷം ചിതാഭസ്മം ഉപ്പുതോട്ടിലെ അമ്മയുടെ കല്ലറയിൽ അടക്കം ചെയ്യുകയും ചെയ്യും.
പിടി തോമസിന്റെവ മൃതദേഹം ഇന്ന് രാത്രി പത്തുമണിയോടെ ഇടുക്കി ഉപ്പുതോടിലെത്തിക്കും. അവിടെ നിന്നും പുലർച്ചയോടെ കൊച്ചിയിലെത്തിക്കും. രാവിലെ ഏഴുമണിക്ക് ഡിസിസി ഓഫീസിൽ എത്തിക്കുന്ന മൃതദേഹം എട്ടു മണിക്ക് ടൗൺ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. ഒന്നരവരെയാവും ടൗൺഹാളിൽ പൊതു ദർശനം. തുടർന്ന് തൃക്കാക്കര കമ്യൂണിറ്റി ഹാളിൽ പൊതു ദർശനം, തുർന്ന് വൈകിട്ട് നാലരടോയെ രവിപുരം ശ്മശാനത്തിൽ സംസ്കാരം എന്നാണ് നിലവിലെ ഡിസിസിയിലെ ധാരണ.