ലോക്കോ പൈലറ്റുമാർക്ക് കോവിഡ്: 12 തീവണ്ടി സർവീസുകൾ റദ്ദാക്കി

മെമു ഇന്നില്ല ,പകരം സംവിധാനം ഒരുക്കിയില്ല


കണ്ണൂർ: -  
ലോക്കോ പൈലറ്റുമാർക്ക് കോവിഡ് ബാധിച്ചതിനാൽ പാലക്കാട് ഡിവിഷനിലെ ആറ് തീവണ്ടികൾ ശനി, ഞായർ ദിവസങ്ങളിൽ റദ്ദാക്കി. ഒരു വണ്ടി ശനിയാഴ്ച ഓടില്ല. എട്ട് തീവണ്ടി സർവീസുകളാണ് ഇതുവഴി മുടങ്ങുന്നത്. തിരുവനന്തപുരം ഡിവിഷനിലെ നാല്‌ തീവണ്ടികളും റദ്ദാക്കി.

കോവിഡ് കാരണം ശനിയാഴ്ചത്തെ വണ്ടികൾ റദ്ദാക്കുന്ന വിവരം വെള്ളിയാഴ്ച രാത്രിയാണ് റെയിൽവേ അറിയിച്ചത്. പകരം സംവിധാനം ഒരുക്കാതെ റെയിൽവേ യാത്രക്കാരെ ഞെട്ടിക്കുകയായിരുന്നു.

കണ്ണൂർ-മംഗളൂരു-കണ്ണൂർ അൺ റിസർവ്ഡ് (06477/06478), മംഗളൂരു-കോഴിക്കോട് റിസർവ്ഡ് എക്സ്പ്രസ് (16610), കോഴിക്കോട്-കണ്ണൂർ അൺറിസർവ്ഡ് (06481), കണ്ണൂർ-ചെറുവത്തൂർ അൺ റിസർവ്ഡ് (06469), ചെറുവത്തൂർ-മംഗളൂരു അൺ റിസർവ്ഡ് (05491) എന്നീ വണ്ടികൾ ശനി, ഞായർ ദിവസങ്ങളിൽ ഓടില്ല. ഷൊർണൂർ-കണ്ണൂർ-ഷൊർണൂർ മെമു (06023/060240) ശനിയാഴ്ച ഓടില്ല.

ഏതാനും ലോക്കോ പൈലറ്റുമാർക്ക് കോവിഡ് ബാധിച്ചതോടെ എട്ട് സർവീസുകളാണ് റെയിൽവേ പെട്ടെന്ന് നിർത്തിവെച്ചത്. ഒരാൾ അവധിയിലായാൽ സർവീസ് മുടങ്ങുമെന്ന അവസ്ഥയാണ്.

ശനിയാഴ്ച എട്ട് വണ്ടികളിൽ യാത്രചെയ്യേണ്ട സ്ഥിരം യാത്രക്കാരാണ് പെരുവഴിയിലായത്.

നിലവിൽ 50 ലോക്കോ പൈലറ്റുമാരുടെ കുറവ് ഡിവിഷനിൽ ഉണ്ടെന്ന് ലോക്കോ പൈലറ്റ് അസോസിയേഷൻ നേരത്തെ സൂചിപ്പിച്ചിരുന്നു. പാസഞ്ചർ ഓടിക്കേണ്ട 57 ലോക്കോ പൈലറ്റുമാരുടെയും മെയിൽ വണ്ടികൾ ഓടിക്കുന്ന 11 പേരുടെയും ഒഴിവ് നികത്തിയിട്ടില്ല.

രണ്ടു ഷണ്ടർ ലോക്കോ പൈലറ്റിന്റെ ഒഴിവും ഡിവിഷനിൽ ഉണ്ട്. ചരക്കുവണ്ടി ഓടിക്കുന്ന ലോക്കോ പൈലറ്റുമാർക്ക് പ്രൊമോഷൻ നൽകി പാസഞ്ചർ, മെയിൽ വണ്ടി ഓടിക്കുന്നവരാക്കി മാറ്റിയാൽ ഈ പ്രതിസന്ധി പരിഹരിക്കാമെന്നും അറിയിച്ചിരുന്നു. പക്ഷേ, നടപ്പായില്ല.

തിരുവനന്തപുരം ഡിവിഷനിലെ നാഗർകോവിൽ-കോട്ടയം എക്സ്‌പ്രസ്, കോട്ടയം-കൊല്ലം അൺറിസർവ്ഡ് എക്സ്‌പ്രസ്‌, കൊല്ലം-തിരുവനന്തപുരം അൺറിസർവ്ഡ് എക്സ്‌പ്രസ്, തിരുവനന്തപുരം-നാഗർകോവിൽ അൺറിസർവ്ഡ് എക്സ്‌പ്രസ്‌ എന്നീ ട്രെയിനുകളും റദ്ദാക്കി.

Previous Post Next Post