കൊച്ചി :- കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ 2021ലെ വാർത്താതാരം. അഭിപ്രായവോട്ടെടുപ്പിൽ ഒന്നാമതെത്തിയാണ് കെ.സുധാകരൻ 'മനോരമ ന്യൂസ് ന്യൂസ്മേക്കർ 2021 പുരസ്കാരത്തിന് അർഹനായത്. കോൺഗ്രസിനുള്ളിൽചുരുങ്ങിയ കാലംകൊണ്ട് നടപ്പാക്കിയ മാറ്റങ്ങൾക്ക് ജനങ്ങൾ നൽകുന്ന അംഗീകാരമായി ന്യൂസ്മേക്കർ തിരഞ്ഞെടുപ്പിനെ കാണുന്നുവെന്ന് സുധാകരൻ പ്രതികരിച്ചു.
ന്യൂസ്മേക്കർ അന്തിമപട്ടികയിലെ നാലുപേരിൽ ഏറ്റവും കൂടുതൽ വോട്ടുനേടിയാണ് കെ.സുധാകരൻ ന്യൂസ്മേക്കറായത്. കോൺഗ്രസ് പ്രവർത്തകർ അർപ്പിക്കുന്ന വിശ്വാസവും ജനങ്ങളുടെ പ്രതീക്ഷയുമാണ് ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന് പ്രതികരിച്ച സുധാകരൻ, വിമർശനങ്ങളെയും ഉൾക്കൊള്ളുമെന്ന് കൂട്ടിച്ചേർത്തു.
കെഎൽഎം ആക്സിവ ഫിൻവെസ്റ്റിന്റെ സഹകരണത്തോടെയാണ് ന്യൂസ്മേക്കർ 2021 സംഘടിപ്പിച്ചത്. 2006ൽ ആരംഭിച്ച മനോരമ ന്യൂസ് ന്യൂസ്മേക്കർ പുരസ്കാരം നേടുന്ന അഞ്ചാമത്തെ രാഷ്ട്രീയനേതാവാണ് കെ.സുധാകരൻ. വി.എസ്. അച്യുതാനന്ദൻ, പിണറായി വിജയൻ, കാനം രാജേന്ദ്രൻ, കെ.കെ.ശൈലജ എന്നിവരാണ് മുൻപ് ന്യൂസ്മേക്കർ പുരസ്കാരം നേടിയ രാഷ്ട്രീയനേതാക്കൾ.