ചിറക്കൽ :- ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് ഭൂമിക്കും മനുഷ്യനും ഒരേപോലെ ഹാനികരമെന്ന് കെ വി സുമേഷ് എംഎൽഎ. ഇതിനെതിരെയുള്ള ബോധവത്കരണത്തിൽ വിദ്യാർഥികൾക്ക് ഏറെ പങ്ക് വഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'കളക്ടേഴ്‌സ് അറ്റ് സ്‌കൂൾ' പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച അഴീക്കോട് നിയമസഭാ മണ്ഡലതല ബോധവൽക്കരണ പരിപാടി ചിറക്കൽ രാജാസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
'കലക്ടേഴ്‌സ് അറ്റ് സ്‌കൂൾ' പദ്ധതിയുടെ ഭാഗമായി സംസ്ഥാന ശുചിത്വമിഷൻ തയ്യാറാക്കിയ 'എന്റെ പരിസരങ്ങളിൽ' എന്ന ഹ്രസ്വ ചിത്രപ്രദർശനത്തിന്റെ നിയമസഭാ മണ്ഡലതല തല ഉദ്ഘാടനവും ജില്ലാ ശുചിത്വ മിഷൻ തയ്യാറാക്കിയ പോസ്റ്റർ പ്രകാശനവും എംഎൽഎ നിർവഹിച്ചു. ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി എം രാജീവ് പദ്ധതി വിശദീകരിക്കുകയും വിദ്യാർഥികൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു.
ചിറക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി അനിൽ കുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ വത്സല, വാർഡ് അംഗം കെ ലത, ഹെഡ്മിസ്ട്രസ് പി കെ സുധ, കെ നന്ദന എന്നിവർ സംസാരിച്ചു.