കണ്ണൂർ:-കെഎസ്ഇബിയുടെ സൗര പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് കിലോ വാട്ട് പുരപ്പുര സോളാർ പ്ലാന്റ് സ്ഥാപിച്ചതിന്റെ കണ്ണൂർ മണ്ഡലം തല ഉദ്ഘാടനം വാരത്തെ കെ പി സന്തോഷ് കുമാറിന്റെ വീട്ടിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ നിർവ്വഹിച്ചു.
കേരളത്തിലെ സൗരോർജ ഉത്പാദനശേഷി 1,000 മെഗാവാട്ട് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ഊർജ കേരള മിഷനിൽ ഉൾപ്പെടുത്തി നടപ്പാക്കി വരുന്ന പദ്ധതിയാണ് സൗര പദ്ധതി. 500 മെഗാവാട്ട് പുരപ്പുറം സോളാർ പ്ലാന്റുകൾ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി 14 കോടി രൂപ മുതൽ മുടക്കിൽ 28 മെഗാ വാട്ട് സ്ഥാപിത ശേഷിയുള്ള പ്ലാന്റുകളാണ് കെ എസ് ഇ ബി ആദ്യ ഘട്ടത്തിൽ സ്ഥാപിക്കുന്നത്. ഇവിടെ സ്ഥാപിച്ചിരിക്കുന്ന ഈ പ്ലാന്റിന്റെ സ്ഥാപിത ശേഷി മൂന്ന് കിലോ വാട്ട്സും ഇതിന്റെ ആകെ ചെലവ് 1,29,000 രൂപയുമാണ്. ഈ പ്ലാന്റിൽ നിന്നും ഒരു മാസത്തിൽ ശരാശരി 360 യൂനിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കും. ഏകദേശം മുപ്പതോളം കമ്പനികളെയാണ് ഈ പ്രൊജക്ടിന്റെ ജോലികൾ ഏൽപ്പിച്ചിരിക്കുന്നത്.
ചടങ്ങിൽ കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ ശ്രീജ ആരംബൻ അധ്യക്ഷത വഹിച്ചു. കണ്ണൂർ ഇ.ഡി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ പി സീതാരാമൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഏച്ചൂർ ഇ എസ് ഡി അസി. എക്സിക്യുട്ടീവ് എഞ്ചിനീയർ ടി എസ് ആനന്ദൻ, എം വി രമേശൻ, സി അറമുള്ളാൻ, കോണ്ടാസ് ഓട്ടോമേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് പ്രതിനിധി ധീരജ്, കണ്ണൂർ ഇ.ഡി എക്സിക്യുട്ടീവ് എഞ്ചിനീയർ എ എൻ ശ്രീലാ കുമാരി എന്നിവർ സംസാരിച്ചു