കണ്ണൂര്‍ :- ഭരണകൂടത്തിന് അപ്രിയമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ഇന്ത്യയെ പോലെ ജനാധിപത്യസംവിധാനമുള്ള ഒരു രാജ്യത്തിന് ചേര്‍ന്നതല്ലെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ മാര്ട്ടിന് ജോര്‍ജ് പറഞ്ഞു. മീഡിയാ വണ്‍ ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടി ജനാധിപത്യ വിരുദ്ധമാണ്. മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള കുല്‍സിതനീക്കമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്.
മോദി സര്‍ക്കാരിന് ഹിതകരമല്ലാത്ത വാര്‍ത്തകള്‍ വന്നാല്‍ മറ്റു മാധ്യമങ്ങള്‍ക്കും ഇതേ അനുഭവമാകുമെന്ന മുന്നറിയിപ്പാണ് ഇതിലൂടെ നല്‍കുന്നത്. ഇതിനെതിരെ കൂട്ടായ പ്രതിഷേധം ഉയര്‍ന്നു വരണം. എന്ത് കാരണത്താലാണ് മീഡിയ വണിന്റെ സംപ്രേക്ഷണം തടഞ്ഞത് എന്നും പോലും സര്‍ക്കാര്‍ വ്യക്തമാക്കുന്നില്ല. അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന സംഘപരിവാറിന്റെ സമീപനമാണ് കല്‍ബുര്‍ഗിയും,നരേന്ദ്ര ധബോല്‍ക്കറും, ഗൗരി ലങ്കേഷുമൊക്കെ കൊല ചെയ്യപ്പെട്ടതിലൂടെ പ്രകടമായത്. സംഘപരിവാറിനെതിരെ ശബ്ദിച്ചാലുണ്ടാകുന്ന അനുഭവം ഇതാകുമെന്ന മുന്നറിയിപ്പാണ് ഈ കൊലപാതകങ്ങളിലൂടെ നല്‍കുന്നത്. അപ്രിയമായ വാര്‍ത്തകളോടുള്ള അസഹിഷ്ണുതയാണ് മീഡിയവണിന്റെ പ്രക്ഷേപണം തടയുന്നതിലൂടെ പ്രേകടമാക്കിയത്.
മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരേണ്ടതുണ്ടെന്നും അഡ്വ:മാര്ട്ടിന് ജോര്‍ജ് പറഞ്ഞു. മാധ്യമസംഘടനകള്‍ ഈ വിഷയത്തില്‍ നടത്തുന്ന പോരാട്ടത്തിന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഐക്യദാര്‍ഢ്യം അറിയിച്ചു.