പ്ലാസ്റ്റിക്ക് മുക്ത മയ്യിൽ പ്രചാരണ പരിപാടിക്ക് തുടക്കമായി




 

മയ്യിൽ:- പ്ലാസ്റ്റിക്ക് ഫ്രീ കണ്ണൂർ, പ്ലാസ്റ്റിക്ക് മുക്ത മയ്യിൽ പഞ്ചായത്ത് എന്ന ക്യാമ്പെയിൻ്റെ ഭാഗമായി മയ്യിൽ പഞ്ചായത്തിലെ മുഴുവൻ ഗ്രന്ഥാലയങ്ങളും, പഞ്ചായത്തുമായി സഹകരിച്ചു കൊണ്ട് നടത്തുന്ന പ്രചാരണ പരിപാടികൾക്ക് കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ളിക്ക് ലൈബ്രറിയിൽ തുടക്കമായി. മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ റിഷ്ണ ഉദ്ഘാടനം നിർവഹിച്ചു.പ്ലാസ്റ്റിക്ക് ഉപയോഗം കുറക്കുന്നതിനും, അവയുടെ ശേഖരണത്തിൽ ജനങ്ങളുടെ മെച്ചപ്പെട്ട സഹകരണം ഉണ്ടാകണമെന്നും അതിൽ ഹരിതസേനാ പ്രവർത്തകർക്ക് പിന്തുണ നൽകാൻ ഗ്രന്ഥാലയ പ്രവർത്തകർക്ക് കഴിയണമെന്നും ശ്രീമതി കെ.കെ റിഷ്ണ പറഞ്ഞു.


ഹരിത മിഷൻ കണ്ണൂർ ജില്ലാ കോ-ഓർഡിനേറ്റർ ഇ.കെ സോമശേഖരൻ പദ്ധതി വിശദീകരിച്ചു.പ്ലാസ്റ്റിക്കടക്കമുള്ള മാലിന്യ സംസ്കരണത്തിൽ നാം കാണിക്കുന്ന അലംഭാവം യുവതലമുറയെപ്പോലും മാരകരോഗങ്ങൾക്ക് അടിമകളാക്കി  മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് പ്രവർത്തനാനുഭവത്തിൻ്റെ വെളിച്ചത്തിൽ അദ്ദേഹം വിശദീകരിച്ചു. കർശനനിയമങ്ങൾക്കപ്പുറം ജനങ്ങളുടെ മനോഭാവത്തിൽ വലിയ മാറ്റങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.കെ.കെ ഭാസ്ക്കരൻ (പ്രസി.സി.ആർ.സി) അദ്ധ്യക്ഷനായ ചടങ്ങിൽ

സഹദേവൻ മലപ്പട്ടം (തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം) ടി.കെ ശ്രീകാന്ത് (നേതൃസമിതി കൺവീനർ) എന്നിവർ ആശംസകൾ നേർന്നു.തുടർന്ന് നടന്ന ചർച്ചയിൽ കെ. ശ്രീധരൻ മാസ്റ്റർ, കെ.കെ രാമചന്ദ്രൻ ,പി.കെ ഗോപാലകൃഷ്ണൻ മാസ്റ്റർ, കെ.വി യശോദ ടീച്ചർ എന്നിവർ സംസാരിച്ചു. പി.കെ പ്രഭാകരൻ (സെക്ര.സി.ആർ.സി) സ്വാഗതവും,കെ. സജിത (ലൈബ്രേറിയൽ ) നന്ദിയും പറഞ്ഞു.

Previous Post Next Post